മാവോയിസ്റ്റ് ആക്രമണം; ഛത്തീസ്ഗഢില്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
D' Election 2019
മാവോയിസ്റ്റ് ആക്രമണം; ഛത്തീസ്ഗഢില്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th April 2019, 11:23 pm

ദന്തേവാഡ: മാവോയിസ്റ്റ് ആക്രമണത്തില്‍ എം.എല്‍.എ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ആക്രമണം ഉണ്ടായതിന് പിന്നാലെ ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കളക്ടര്‍മാരുടെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം വിളിക്കുകയും ആവശ്യമായ മുന്‍കരുതലുകളെടുക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

മൂന്നു ഘട്ടങ്ങളിലായാണ് ഛത്തീസ്ഗഢില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തെ മാവോയിസ്റ്റ് ബാധിത മേഖലകളില്‍ ആദ്യ രണ്ട് ഘട്ടങ്ങളായ ഏപ്രില്‍ 11ഉം 18നുമാണ് പോളിങ് നടക്കുന്നത്.

ദന്തേവാഡയിലെ കൗകോണ്ഡ മേഖലയില്‍ ഉണ്ടായ ആക്രമണത്തില്‍ ബി.ജെ.പി എം.എല്‍.എ ഭീമ മണ്ഡവിയും അദ്ദേഹത്തിന്റെ ഡ്രൈവറും മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്.

പൊലീസിന്റെ സുരക്ഷാ മുന്നറിയിപ്പ് അവഗണിച്ചാണ് എളുപ്പ മാര്‍ഗം വഴി എം.എല്‍.എയും സംഘവും പോയതാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞിരുന്നു. വ്യാഴാഴ്ച ഒന്നാംഘട്ട തെരഞ്ഞെടുപ്പ് ആരംഭിക്കാനിരിക്കെ ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ പ്രചരണ സമയം കഴിഞ്ഞിരുന്നു.