യേശുക്രിസ്തുവിനെയും ക്രിസ്ത്യൻ സമൂഹത്തെയും അപമാനിച്ചു; ബി.ജെ.പി എം.എൽ.എക്കെതിരെ ഛത്തീസ്ഗഢ് കോടതി കേസെടുത്തു
national news
യേശുക്രിസ്തുവിനെയും ക്രിസ്ത്യൻ സമൂഹത്തെയും അപമാനിച്ചു; ബി.ജെ.പി എം.എൽ.എക്കെതിരെ ഛത്തീസ്ഗഢ് കോടതി കേസെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th January 2025, 2:51 pm

റായ്പൂർ: യേശുക്രിസ്തുവിനെയും ക്രിസ്ത്യൻ സമൂഹത്തെയും അപമാനിച്ച ബി.ജെ.പി എം.എൽ.എക്കെതിരെ കേസ് എടുത്ത് ഛത്തീസ്ഗഢ് കോടതി. ഛത്തീസ്‌ഗഢിലെ ജഷ്പൂർ ജില്ലയിലെ കോടതിയാണ് സമൻസ് ഫയൽ ചെയ്തത്. ബി.ജെ.പി എം.എൽ.എ ആയ റേമുനി ഭഗത് കഴിഞ്ഞ വർഷം യേശുക്രിസ്തുവിനെക്കുറിച്ച് നടത്തിയ ആക്ഷേപകരമായ പരാമർശങ്ങളുടെ പേരിൽ കോടതി സമൻസ് അയക്കുകയും ജനുവരി 10, വെള്ളിയാഴ്ച അവരോട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തു.

വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തിയതിനും മറ്റ് ആരോപണങ്ങൾക്കുമായി ബി.ജെ.പി നിയമസഭാംഗമായ റേമുനി ഭഗത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ മതിയായ തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് കോടതി പറഞ്ഞു. ജനുവരി ആറിന് ഹെർമൻ കുഴൂർ എന്ന വ്യക്തിയാണ് ഹരജി നൽകിയത്. ഹരജിയിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് അനിൽ കുമാർ ചൗഹാനാണ് വിധി പറഞ്ഞത്.

2024 സെപ്റ്റംബർ ഒന്നിന് ജഷ്പൂർ അസംബ്ലി സെഗ്‌മെൻ്റിനെ പ്രതിനിധീകരിക്കുന്ന ഭഗത്, ജില്ലയിലെ ദേക്‌നി ഗ്രാമത്തിൽ നടന്ന ഒരു പരിപാടിയിൽ റേമുനി ഭഗത് യേശുക്രിസ്തുവിനെ കുറിച്ചും മതപരിവർത്തനത്തെ കുറിച്ചും മോശം പരാമർശങ്ങൾ നടത്തിയിരുന്നു.

പിന്നീട്, റേമുനിയുടെ പരാമർശങ്ങളുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതിനെത്തുടർന്ന് ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ട ആളുകൾ അവർക്കെതിരെ ജഷ്‌പൂരിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും പരാതി നൽകി.

പൊലീസ് അവർക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്തതിനാൽ അവരെ പ്രതിനിധീകരിച്ച് കുഴൂർ കഴിഞ്ഞ വർഷം ഡിസംബർ 10 ന് ജില്ലാ കോടതിയിൽ പരാതി നൽകുകയായിരുന്നു.

കോടതിയിൽ നടന്ന വാദത്തിനിടെ തെളിവായി ആറ് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയും എം.എൽ.എയുടെ മൊഴികളുടെ വീഡിയോ സമർപ്പിക്കുകയും ചെയ്തു.

പ്രഥമ ദൃഷ്ട്യാ റേമുനിക്കെതിരെ കുറ്റം ചുമത്താൻ മതിയായ തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

‘പ്രഥമദൃഷ്ട്യാ, റേമുനി ഭഗത്തിനെതിരെ കുറ്റം ചുമത്താൻ മതിയായ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ, ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) സെക്ഷൻ 196 (മതം, വംശം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), സെഷൻ 299 ( മതത്തെ അവഹേളിച്ചുകൊണ്ട് മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദേശിച്ചിട്ടുള്ള ബോധപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികൾ) സെഷൻ 302 (ഏതൊരു വ്യക്തിയുടെയും മതവികാരം വ്രണപ്പെടുത്തുക ) എന്നിവ പ്രകാരം റേമുനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്,’ കോടതി ഉത്തരവിട്ടു.

 

Content Highlight: Chhattisgarh court files case against BJP MLA for remarks on Jesus Christ; summons her