ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യാ- ചൈന നിലപാടിനെതിരെ വിമര്‍ശനം കടുപ്പിക്കുകയാണ് കോണ്‍ഗ്രസ്. മോദിയെ സറണ്ടര്‍ മോദിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിളിച്ചതിന് പിന്നാലെ ചൗക്കിദാര്‍ ചൈനീസ് ഹേ കാമ്പയിനുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. ചത്തീസ്ഗഡ് കോണ്‍ഗ്രസ് യൂണിറ്റാണ് മോദിക്കെതിരെ ട്വിറ്ററില്‍ ചൗക്കിദാര്‍ ചൈസീസ് ഹേ കാമ്പയിനുമായി രംഗത്തെത്തിയത്.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു സമയത്ത് റാഫേല്‍ അഴിമതി ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയായിരുന്നു മോദിക്കെതിരെ ചൗക്കിദാര്‍ ചോര്‍ ഹെ മുദ്രാവാക്യം ഉയര്‍ത്തിയത്. ഇതിന്റെ ചുവടുപിടിച്ചാണ് പുതിയ കാമ്പയിന്‍.
ചത്തീസ്ഗഡ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ചൗക്കിദാര്‍ചൈനീസ്‌ഹേ കാമ്പയിന് തുടക്കമിട്ടത്. തുടര്‍ന്ന് ട്വീറ്റ് നിരവധി പേര്‍ റീട്വീറ്റ് ചെയ്യുകയും ചെയ്തു.
‘സര്‍ദാര്‍ പട്ടേല്‍ പ്രതിമ ചൈനയില്‍ നിന്ന് ഉണ്ടാക്കി കൊണ്ടുവന്നു. പിന്നീട് പേ ടി എമ്മിന്റെ ബ്രാന്റ് അംബാസിഡര്‍ ആയി. ചൈനീസ് പ്രസിഡന്റിനൊപ്പം ഒരു ഊഞ്ഞാലിലിരുന്ന് ആടി. റോഡുകളുടേയും ടണലുകളുടേയും കരാര്‍ ചൈനീസ് കമ്പനിക്ക് നല്‍കി. ഒന്‍പത് തവണ ചൈന സന്ദര്‍ശിച്ചു…ചൗക്കിദാര്‍ചൈനീസ് ആണ്… എന്നായിരുന്നു ചത്തീസ്ഗഡ് പ്രദേശ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക പേജിലെ മറ്റൊരു ട്വീറ്റ്.
ചൈനയുടെ സുഹൃത്ത് രാജ്യദ്രോഹിയാണെന്നായിരുന്നു മുന്‍ എം.എല്‍.എയായ ചുന്നിലാലിന്റെ ട്വീറ്റ്.
ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തി കടന്നിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള മോദിയുടെ പരാമര്‍ശം ചൈനീസ് മാധ്യമം വാര്‍ത്തയാക്കിയതിന്റെ സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്ത രാഹുലിന്റെ ട്വീറ്റും കോണ്‍ഗ്രസ് തങ്ങളുടെ പേജില്‍ റീ ട്വീറ്റ് ചെയ്തിട്ടുണ്ട്.
ചൈന നമ്മുടെ സൈനികരെ കൊലപ്പെടുത്തി. നമ്മുടെ ഭൂമി കയ്യേറി. എന്നിട്ടും എന്തിനാണ് ചൈനീസ് മാധ്യമം മോദിയെ പുകഴ്ത്തുന്നത് എന്ന് ചോദിച്ചായിരുന്നു രാഹുലിന്റ ഈ ട്വീറ്റ്.
ഇന്ത്യാ ചൈന സംഘര്‍ഷത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്യവേയായിരുന്നു ഇന്ത്യയുടെ മണ്ണ് ആര്‍ക്കും വിട്ടു കൊടുക്കില്ലെന്നും ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ചൈന കയ്യേറിയിട്ടില്ലെന്നും മോദി പറഞ്ഞത്.
എന്നാല്‍ ഇന്ത്യയില്‍ ചൈനീസ് പട്ടാളം കടന്നു കയറിയിട്ടില്ലെങ്കില്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ എങ്ങനെ കൊല്ലപ്പെട്ടുവെന്നും എവിടെ വെച്ച് കൊല്ലപ്പെട്ടുവെന്നും രാഹുല്‍ ചോദിച്ചിരുന്നു. ഇന്ത്യന്‍ അതിര്‍ത്തിയെ പ്രധാനമന്ത്രി ചൈനയുടെ അക്രമത്തിന് മുന്നില്‍ അടിയറവ് വെച്ചുവെന്നും രാഹുല്‍ പറഞ്ഞിരുന്നു.
മോദിയുടെ പ്രസ്താവനക്കെതിരെ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അടക്കം രംഗത്തെത്തിയിരുന്നു. കള്ള പ്രചാരണം നയതന്ത്രത്തിന് പകരമാകില്ലെന്നും അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പുറത്തുവിടരുതെന്നുമായിരുന്നു മന്‍മോഹന്‍ സിങ് പറഞ്ഞത്.
ജീവത്യാഗം ചെയ്ത സൈനികരോട് നീതി പുലര്‍ത്തണമെന്നും പ്രശ്‌നത്തെ ഒറ്റക്കെട്ടായി നേരിടണമെന്നും പറഞ്ഞ സിംഗ് തെറ്റായ വിവരങ്ങള്‍ പുറത്തുവിടരുതെന്നും മോദിയോട് ആവശ്യപ്പെട്ടിരുന്നു.
രാജ്യത്തിന്റെ കാവല്‍ക്കാരനാണ് താനെന്നായിരുന്നു മോദി സ്വയം അവകാശപ്പെട്ടത്. എന്നാല്‍ റഫേല്‍ അഴിമതിയുടെ വിവരങ്ങള്‍ പുറത്തുവന്നതോടെയായിരുന്നു 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ രാഹുല്‍ കാവല്‍ക്കാരന്‍ കള്ളനാണെന്ന് തെരഞ്ഞെടുപ്പ് റാലികളില്‍ വിളിച്ചുപറഞ്ഞത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ