| Monday, 2nd July 2012, 2:44 pm

ചിദംബരത്തെ ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് തിരുത്തുന്നു: ഏറ്റുമുട്ടല്‍ വ്യാജമെന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ ബിജാപൂരില്‍ 20 ഗ്രാമവാസികള്‍ കൊല്ലപ്പെടാന്‍ ഇടയാക്കിയ സംഭവം വ്യാജഏറ്റുമുട്ടലെന്ന് കോണ്‍ഗ്രസ്. സംഭവം നടന്ന സ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് പ്രതിനിധികള്‍.

ആക്രമണം പൂര്‍ണമായും വ്യാജ ഏറ്റുമുട്ടലാണെന്നും കൊല്ലപ്പെട്ടവര്‍ നിഷ്‌കളങ്കരായ ആദിവാസികളാണെന്നും 11 അംഗ കോണ്‍ഗ്രസ് പ്രതിനിധി സംഘം പറഞ്ഞു. മാവോയിസ്റ്റുകളെ വധിച്ച സൈന്യത്തെ അഭിനന്ദിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരത്തിന്റെ പ്രസ്താവനയെ ഖണ്ഡിക്കുന്നതാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍.

ഛത്തീസ്ഗഡ് സര്‍ക്കാര്‍ നല്‍കിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചിദംബരം അത്തരമൊരു പ്രസ്താവന നടത്തിയതെന്ന് കേന്ദ്ര കൃഷിമന്ത്രി ചരണ്‍ദാസ് മഹന്ത് പറഞ്ഞു.

വിത്ത് മഹോത്സവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി യോഗം ചേര്‍ന്ന ഗ്രാമവാസികളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നാണ് ഗ്രാമവാസികളോട് സംസാരിച്ചപ്പോള്‍ മനസിലായതെന്ന് കോണ്‍ഗ്രസ് എം.എല്‍.എ കോസായി ലക്മ പറഞ്ഞു. അവിടെ ഒരു മാവോയിസ്റ്റുകാരും ഉണ്ടായിരുന്നില്ലെന്നാണ് അവര്‍ പറഞ്ഞത്. ആക്രമണത്തില്‍ വിദ്യാര്‍ത്ഥികളും കുട്ടികളും സ്ത്രീകളും കൊല്ലപ്പെട്ടിട്ടുണ്ട്. അവരെല്ലാം എങ്ങിനെ നക്‌സലുകളാകുമെന്നും ലക്മ ചോദിച്ചു. കോണ്‍ഗ്രസ് പ്രതിനിധി സംഘത്തെ നയിച്ചത് ലക്മയായിരുന്നു.

ഛത്തീസ്ഗഡിലെ പോലീസ് സംവിധാനം തകര്‍ന്നെന്ന് വ്യക്തമായെന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് നന്ദ് കുമാര്‍ പട്ടേല്‍ അഭിപ്രായപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത:

സൈനികര്‍ വധിച്ചത് മാവോവാദികളെയല്ല; സാധാരണ ജനങ്ങളെ

We use cookies to give you the best possible experience. Learn more