ലഖ്‌നൗ: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ലഖിംപൂര്‍ സന്ദര്‍ശിക്കാനെത്തിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെ ലഖ്‌നൗ വിമാനത്താവളത്തില്‍ തടഞ്ഞു.
യു.പി പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഭൂപേഷ് ബാഗല്‍ എയര്‍പോര്‍ട്ടില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. സീതാപൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രിയങ്ക ഗാന്ധിയെ സന്ദര്‍ശിക്കുന്നതിനായിട്ടാണ് താന്‍ എത്തിയതെന്നാണ് അദ്ദേഹം പറഞ്ഞത്.
നീണ്ട മുപ്പത് മണിക്കൂര്‍ കസ്റ്റഡിക്ക് ശേഷമാണ് പ്രിയങ്ക ഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസ് താല്‍ക്കാലിക ജയിലാക്കാനാണ് തീരുമാനം.
സമാധാനം തടസപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ്. ദ്രിപേന്ദര്‍ സിംഗ് ഹൂഡ, ഉത്തര്‍പ്രദേശ് പി.സി.സി അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു ഉള്‍പ്പടെ മറ്റു പത്തു കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.
കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനാണ് പ്രിയങ്ക ലഖിംപൂരിലേക്ക് പോയത്. എന്നാല്‍ വഴി മധ്യേ പ്രിയങ്കയെ പൊലീസ് തടയുകയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച്ചയാണ് കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് കാര്‍ ഇടിച്ചു കയറിയത്.
നാല് കര്‍ഷകരുള്‍പ്പെടെ എട്ടുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്.
സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയടക്കം 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, കലാപമുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.