| Sunday, 30th January 2022, 4:52 pm

കേന്ദ്രം കെടുത്തിയ അമര്‍ ജവാന്‍ ജ്യോതി പുനഃസ്ഥാപിക്കാനൊരുങ്ങി ഛത്തീസ്ഗഢ്; രാഹുല്‍ ഗാന്ധി തറക്കല്ലിടും 

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്പൂര്‍; യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികരോടുള്ള ആദരസൂചകമായി റായ്പൂരില്‍ അമര്‍ ജവാന്‍ ജ്യോതിക്ക് സമാനമായ യുദ്ധസ്മാരകം നിര്‍മിക്കുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍.

മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഫെബ്രുവരി മൂന്നിന് നടക്കുന്ന ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധിയാണ് സ്മാരകത്തിന് ശിലാസ്ഥാപനം നടത്തുന്നത്. ഛത്തീസ്ഗഢ് സായുധസൈന്യ വിഭാഗത്തിന്റെ നാലാമത് ബറ്റാലിയനായ മാനെയിലെ ക്യാമ്പസിലായിരിക്കും സ്മാരകം നിര്‍മിക്കുക.

ദല്‍ഹിയിലെ അമര്‍ ജവാന്‍ ജ്യോതി കേന്ദ്രം കെടുത്തിയെന്നും അവര്‍ ആളുകളുടെ വികാരങ്ങള്‍ക്ക് വിലകൊടുക്കാതെയാണ് ഇത് ചെയ്തതെന്നും ഭാഗല്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അമര്‍ ജവാന്‍ ജ്യോതി ഛത്തീസ്ഗഢിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കോണ്‍ഗ്രസിന്റെത് സത്യത്തിന്റെയും അഹിംസയുടെയും പ്രത്യശാസ്ത്രമാണ്. അത് ഗാന്ധിജിയില്‍ നിന്നുമാണ് ഞങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുള്ളത്.


എന്നാല്‍ മോദിയുടെതാകട്ടെ സവര്‍ക്കറിന്റെയും ഗോഡ്‌സെയുടെയും പ്രത്യയശാസ്ത്രമാണ്. അത് ഗൂഢാലോചനയില്‍ നിന്നും അക്രമത്തില്‍ നിന്നും ഉണ്ടായതാണ്. കോണ്‍ഗ്രസും ബി.ജെ.പിയും ഒരു നദിയുടെ രണ്ട് കരകളാണ്,’ ഭാഗല്‍ പറഞ്ഞു.

ദല്‍ഹിയിലെ അമര്‍ ജവാന്‍ ജ്യോതി ദേശീയ യുദ്ധസ്മാരകത്തില്‍ ലയിപ്പിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഭൂപേഷ് ഭാഗല്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. കേന്ദ്രം അത് കെടുത്തിയതോടെയാണ് പുതിയ നീക്കവുമായി ഛത്തീസ്ഗഢ് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.


റിപബ്ലിക്ക് ദിനത്തിന് മുന്നോടിയായിട്ടാണ് അമര്‍ ജവാന്‍ ജ്യോതി, ദേശീയ യുദ്ധസ്മാരകത്തിലെ ജ്യോതിയില്‍ ലയിപ്പിച്ചത്. രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ സൈനികരുടെ സ്മരാണാര്‍ത്ഥമുള്ള ജ്വാലകള്‍ ഒന്നിക്കട്ടെ എന്ന ന്യായമുയര്‍ത്തിയായിരുന്നു ബി.ജെ.പി സര്‍ക്കാര്‍ ഇത് ചെയ്തത്.

എന്നാല്‍, ചരിത്രത്തെ ഇല്ലാതാക്കാനുള്ള കേന്ദ്രത്തിന്റെ ബോധപൂര്‍വമായ ശ്രമമാണിതെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.

Content Highlight:  Chhattisgarh CM Bhupesh Baghel says  Congress to build ‘Amar Jawan Jyoti’ in Raipur, Rahul Gandhi to lay foundation

We use cookies to give you the best possible experience. Learn more