റായ്പൂര്‍: ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ പിതാവ് നന്ദ് കുമാര്‍ ബാഗേലിനെ അറസ്റ്റ് ചെയ്ത് പൊലീസ്. ബ്രാഹ്മണര്‍ക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശത്തിന്റെ പേരിലാണ് അറസ്റ്റ്.
റായ്പൂര്‍ പൊലീസാണ് നന്ദ് കുമാര്‍ ബഗേലിനെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ബ്രാഹ്മണര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് 86 കാരനായ നന്ദ് കുമാര്‍ ബാഗേലിനെതിരെ നേരത്തെ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
‘ബ്രാഹ്മണരെ നിങ്ങളുടെ ഗ്രാമങ്ങളില്‍ പ്രവേശിപ്പിക്കരുതെന്ന് ഇന്ത്യയിലെ എല്ലാ ഗ്രാമീണരോടും അഭ്യര്‍ത്ഥിക്കുന്നു. മറ്റെല്ലാ സമുദായക്കാരോടും സംസാരിച്ച്, അങ്ങനെ അവരെ ബഹിഷ്‌കരിച്ച് തിരികെ വോര്‍ഗ നദീതീരത്തേക്ക് അയക്കണ’മെന്നായിരുന്നു നന്ദകുമാര്‍ പറഞ്ഞത്.
ആരും നിയമത്തിന് അതീതരല്ലെന്നും അത് 86 വയസുള്ള തന്റെ അച്ഛനായാലും അങ്ങനെ തന്നെയാണെന്നുമായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്.
‘ഞാന്‍ എന്റെ പിതാവിനെ ബഹുമാനിക്കുന്നു, എന്നാല്‍ ഒരു മുഖ്യമന്ത്രിയെന്ന നിലയില്‍, പൊതു ക്രമസമാധാനം തകര്‍ക്കാന്‍ പാകത്തിലുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയെ അവഗണിക്കാനാകില്ല. മുഖ്യമന്ത്രിയുടെ പിതാവാണെങ്കില്‍ പോലും, ഞങ്ങളുടെ ഗവണ്‍മെന്റില്‍ ആരും നിയമത്തിന് അതീതരല്ല,’ എന്നായിരുന്നു ഭൂപേഷ് ബാഗേല്‍ പറഞ്ഞത്.