പിന്നാക്ക സംവരണത്തെ ചോദ്യം ചെയ്ത യുവാവിന് പൊതുമധ്യത്തില്‍ മറുപടി നല്‍കി ഛത്തീസ്ഗഢ് മുഖ്യമന്ത്രി; പരാമര്‍ശം വിവാദമാക്കി ബി.ജെ.പി
national news
പിന്നാക്ക സംവരണത്തെ ചോദ്യം ചെയ്ത യുവാവിന് പൊതുമധ്യത്തില്‍ മറുപടി നല്‍കി ഛത്തീസ്ഗഢ് മുഖ്യമന്ത്രി; പരാമര്‍ശം വിവാദമാക്കി ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 31st December 2022, 8:32 am

റായ്പൂര്‍: പിന്നാക്ക സംവരണ സംവിധാനത്തെ ചോദ്യം ചെയ്യുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്ത യുവാവിന് പൊതുമധ്യത്തില്‍ മറുപടി നല്‍കി ഛത്തീസ്ഗഢ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗെല്‍ (Bhupesh Baghel).

ബെമെതാരയിലെ (Bemetara) ‘മീറ്റ് ദി പബ്ലിക്’ പരിപാടിക്കിടെ സംസ്ഥാനത്തെ സംവരണത്തെക്കുറിച്ച് ചോദിച്ച കിഷന്‍ അഗര്‍വാള്‍ (Kishan Agrawal)എന്ന യുവാവിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. എന്നാല്‍ ഈ മറുപടിയിലെ ഒരു പരാമര്‍ശം മോശമായി പോയെന്നും മുഖ്യമന്ത്രി സ്വേച്ഛാധിപതിയെ പോലെയാണ് പെരുമാറുന്നതെന്നുമുള്ള ആരോപണവുമായി ബി.ജെ.പി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.

‘നിങ്ങളുടെ അച്ഛനോ അമ്മക്കോ എപ്പോഴെങ്കിലും ഒരു മുഖ്യമന്ത്രിയോട് സംസാരിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ടോ’ എന്ന ഭൂപേഷ് ബാഗെലിന്റെ ഒരു പരാമര്‍ശമാണ് വിമര്‍ശനത്തിന് കാരണമായത്.

ബുധനാഴ്ച, ദേവര്‍ബിജ ഗ്രാമത്തിലെ (Devarbija village) ‘ഭേന്ത് മുലാഖത്’ (Bhent Mulaqat) പരിപാടിക്കിടെ മുഖ്യമന്ത്രി യുവാവിന് മറുപടി നല്‍കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ജനറല്‍ വിഭാഗത്തില്‍പ്പെട്ടവരെ മോശമായി ബാധിക്കുന്നതിനാല്‍ അതിനാല്‍ സംസ്ഥാനത്ത് 76 ശതമാനം സംവരണം നടപ്പാക്കരുതെന്നുമാണ് കിഷന്‍ അഗര്‍വാള്‍ പരിപാടിക്കിടെ മുഖ്യമന്ത്രിയോട് പറഞ്ഞത്.

‘പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടുതല്‍ കുട്ടികളുണ്ട്. അതുകൊണ്ട് ജനസംഖ്യയുടെ അനുപാതത്തിനനുസരിച്ച് സംവരണം അനുവദിക്കാന്‍ പാടില്ല.

പരിപാടിയില്‍ മുഖ്യമന്ത്രി മാത്രമാണ് സംസാരിക്കുന്നത്. എന്റെ അഭിപ്രായം മുന്നോട്ടുവെക്കാന്‍ മൂന്നോ നാലോ മിനിറ്റ് സമയം നല്‍കണം,’ എന്നാണ് യുവാവ് പറഞ്ഞത്.

ഇതിനാണ് മുഖ്യമന്ത്രി ശക്തമായ ഭാഷയില്‍ മറുപടി പറഞ്ഞത്.

”നിങ്ങള്‍ മുന്‍വിധിയോടെയാണ് സംസാരിക്കുന്നത്. ആര് കൈ ഉയര്‍ത്തിയാലും ഞാന്‍ അവര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കും. നിങ്ങളിവിടെ തെറ്റായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.

നിങ്ങളുടെ വാക്കുകള്‍ തിരിച്ചെടുക്കണം. നിങ്ങളുടെ അച്ഛനോ അമ്മക്കോ അമ്മാവനോ എപ്പോഴെങ്കിലും ഒരു മുഖ്യമന്ത്രിയോട് നേരിട്ട് സംസാരിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ടോ?

മുന്‍ മുഖ്യമന്ത്രിമാരുടെ കാലത്ത് എപ്പോഴെങ്കിലും നിങ്ങള്‍ക്ക് സംസാരിക്കാന്‍ മൈക്ക് ലഭിച്ചിട്ടുണ്ടോ? ഒരവസരം ലഭിച്ചപ്പോഴേക്കും നിങ്ങള്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്,’ എന്നാണ് ഭൂപേഷ് ബാഗെല്‍ മറുപടി നല്‍കിയത്.

ചത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രിയും ഭാരതീയ ജനസംഘ് നേതാവുമായ രമണ്‍ സിങ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ക്കെതിരെ ആരോപണമുന്നയിക്കുകയാണ് ഭൂപേഷ് ബാഗെല്‍ ചെയ്യുന്നതെന്നും അഗര്‍വാള്‍ പറഞ്ഞുവെങ്കിലും ഇയാളോട് തുടര്‍ന്നും സംസാരിക്കാന്‍ ബാഗെല്‍ ആവശ്യപ്പെടുകയായിരുന്നു.

Content Highlight: Chhattisgarh CM Bhupesh Baghel reply to a man who questioned reservation system