ഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആഞ്ഞടിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍. ഗൊരഖ്പൂരില്‍ വെച്ച് നടന്ന റാലിയില്‍ സംസാരിക്കുകയായികുന്നു അദ്ദേഹം.
പാവപ്പെട്ടവരുടെ വീടുകള്‍ ഇടിച്ചു നിരത്താന്‍ യോഗി കൂട്ടുനിന്നെന്നും അതിനാല്‍ യോഗി ആദിത്യനാഥ് എന്നതിന് പകരം ‘ബുള്‍ഡോസര്‍ നാഥ് എന്ന് വിളിക്കണം എന്നായിരുന്നു ഭാഗല്‍ പറഞ്ഞത്.
‘നാഥ് സമുദായത്തിനിടയില്‍ പാവപ്പെട്ടവരെയും കര്‍ഷകരെയും കെട്ടിപ്പിടിക്കുന്ന ഒരു സമ്പ്രദായമുണ്ട്. പക്ഷേ നിങ്ങളവരുടെ വീടുകള്‍ക്ക് നേരെ ബുള്‍ഡോസര്‍ ഓടിച്ച് കയറ്റുകയാണ്. നിങ്ങള്‍ക്കെന്താണ് സംഭവിച്ചത്? നിങ്ങള്‍ യോഗി ആദിത്യ നാഥോ അതോ ബുള്‍ഡോസര്‍ നാഥോ?’ എന്നായിരുന്നു ഭാഗേല്‍ ചോദിച്ചത്.
യോഗിയുടെ സ്വന്തം മണ്ഡലത്തില്‍ വെച്ചാണ് കോണ്‍ഗ്രസ് റാലി സംഘടിപ്പിച്ചത്. വരുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞടുപ്പില്‍ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നിന്നും ബി.ജെ.പിയെ തുടച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ഞങ്ങളുടെ പെണ്‍കുട്ടികള്‍ തറ തൂത്തുവാരുക മാത്രമല്ല, ആവശ്യം വരുമ്പോള്‍ ലക്ഷ്മിഭായിയും ദുര്‍ഗയും ആയി മാറുന്നുണ്ട്. രാജ്യത്തിന് വേണ്ടി സ്വയം ത്യാഗം ചെയ്യേണ്ട സമയം വരുമ്പോള്‍ അവര്‍ ഇന്ദിരാഗാന്ധിയായി മാറുന്നു. അതുപോലെ യു.പിയില്‍ നിന്നും ബി.ജെ.പിയേയും അവര്‍ തുടച്ചുനീക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിനെ നയിക്കുന്ന പ്രിയങ്കാ ഗാന്ധി എക്കാലത്തും പാവങ്ങള്‍ക്കൊപ്പം നിലകൊണ്ടവളാണെന്നും, സോന്‍ഭദ്രയിലേയും, ഉന്നാവോയിലേയും ലഖിംപൂരിലെയും ഹത്‌റാസിലെയും നീതി നിഷേധിക്കപ്പെട്ടവര്‍ക്കൊപ്പമായിരുന്നു പ്രിയങ്ക നിന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍, കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢിലെ കാര്‍ഷിക പദ്ധതികള്‍ കണ്ട് അത്ഭുതപ്പെട്ടെന്നും, ആ പദ്ധതികള്‍ യു.പിയിലും നടത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കണമെന്നും ബി.ജെ.പിയുടെ ജനദ്രോഹ നയങ്ങളെ ഇല്ലാതാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.