'പട്ടികളെക്കാളും പൂച്ചകളെക്കാളും ഇ.ഡി, ഐ.ടി ഉദ്യോഗസ്ഥര്‍ കറങ്ങിനടക്കുന്നു'; മാധ്യമപ്രവര്‍ത്തകരെ പോലും ജയിലിലടക്കുന്നു'
റായ്പൂര്‍: അഴിമതിക്കാര്‍ക്ക് തന്റെ മുന്നില്‍ വന്നുനില്‍ക്കാന്‍ ഭയമാണെന്ന് പ്രസ്താവിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദത്തോട് പ്രതികരിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. പട്ടികളെക്കാളും പൂച്ചകളെക്കാളും എന്‍ഫോഴ്‌സ്‌മെന്റ്, ഐ.ടി ഉദ്യോഗസ്ഥരാണ് കറങ്ങി നടക്കുന്നതെന്നും മാധ്യമ പ്രവര്‍ത്തകരെ പോലും ജയിലിലടക്കുന്ന മോദി സര്‍ക്കാരിനെ ഭയക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘മാധ്യമ പ്രവര്‍ത്തകരെ പോലും കേന്ദ്ര സര്‍ക്കാര്‍ ജയിലിലടക്കുകയാണ്. അപ്പോള്‍ തീര്‍ച്ചയായും അവരെ ഭയപ്പെടണം. ഇവിടെ പട്ടികളെക്കാളും പൂച്ചകളെക്കാളും ഇ.ഡി, ഐ.ടി ഉദ്യോഗസ്ഥരാണ് കറങ്ങിനടക്കുന്നത്. ഒരിക്കല്‍ ജയിലില്‍ പോയവര്‍ക്ക് ജാമ്യം ലഭിക്കുകയുമില്ല. അതുകൊണ്ട് തീര്‍ച്ചയായും മോദിയെ ഭയപ്പെടണം,’ പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് ബാഗേല്‍ പ്രതികരിച്ചു.
നരേന്ദ്ര മോദി ഉദ്ഘാടനം നിര്‍വഹിച്ച നഗര്‍നറിലെ സ്റ്റീല്‍ പ്ലാന്റിന് കോണ്‍ഗ്രസ് എതിരല്ലെന്ന് ബാഗേല്‍ പറഞ്ഞു. എന്നാല്‍ പ്ലാന്റ് ആരംഭിക്കുന്നതിന് മുമ്പ്, അത് സ്വകാര്യവത്കരിക്കണമെന്ന് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നതായി ബാഘേല്‍ ആരോപിച്ചു. പ്ലാന്റ് കമ്മീഷന്‍ ചെയ്യുന്നതിനുമുമ്പ് അത് വില്‍ക്കാനുള്ള ഒരുക്കങ്ങളാണ് നടത്തിവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്റ്റീല്‍ പ്ലാന്റിന്റെ ഉദ്ഘാടനത്തിന് ആശംസകള്‍ നേര്‍ന്ന ബാഗേല്‍ സ്ഥാപനം സ്വകാര്യ കമ്പനികളുടെ കൈകളിലേക്ക് പോകില്ലെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കണമെന്നും തങ്ങള്‍ സ്വകാര്യവല്‍ക്കരണത്തിന് എതിരാണെന്നും അത് നിര്‍ത്തുന്നത് വരെ പോരാട്ടം തുടരുമെന്നും പറഞ്ഞു.
Content Highlights: Chhattisgarh Chief Minister Bhupesh Baghel against Narendra Modi’s statement