| Thursday, 13th May 2021, 8:59 pm

ബി.ജെ.പിയുടെ വായ അടപ്പിച്ച് കോണ്‍ഗ്രസ്; പുതിയ നിയമസഭാ മന്ദിരത്തിന്റെ നിര്‍മ്മാണം നിര്‍ത്തിവെച്ച് ചത്തീസ്ഗഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രത്തിന്റെ സെന്‍ട്രല്‍ വിസ്താ പദ്ധതിക്കെതിരെ വ്യാപകമായി വിമര്‍ശനമുയരുന്നതിനടെ പുതിയ നിയമസഭാ മന്ദിരത്തിന്റെയും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസിതയുടെ നിര്‍മ്മാണം നിര്‍ത്തിവെച്ച് ചത്തീസ്ഗഡിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍.

”ഞങ്ങളുടെ പൗരന്മാരാണ് ഞങ്ങളുടെ മുന്‍ഗണന. കൊറോണ ആരംഭിക്കുന്നതിന് മുമ്പ് പുതിയ അസംബ്ലി കെട്ടിടം, മുഖ്യമന്ത്രിയുടെ വസതി, മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും വസതികള്‍, പുതിയ സര്‍ക്യൂട്ട് ഹൗസ് എന്നിവയുടെ നിര്‍മാണത്തിനുള്ള തറക്കല്ല് ഇട്ടിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ ഈ നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ്,” മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ ട്വീറ്റ് ചെയ്തു.”

കൊവിഡ് പ്രതിരോധ നടപടികളെ കോണ്‍ഗ്രസ് ദുര്‍ബലപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി ദേശീയാധ്യക്ഷന്‍ ജെ.പി നദ്ദ സോണിയാ ഗാന്ധിക്ക് കത്തെഴുതിയിരുന്നു.
ചത്തീസ്ഗഡ് നിയമസഭയുെട നിര്‍മ്മാണം കോണ്‍ഗ്രസിന്റെ ഹിപ്പോക്രസിയാണെന്ന് കത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

രാജ്യം കൊവിഡ് പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ കോടികള്‍ മുടക്കിയുള്ള വിസ്താ പദ്ധതിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു.

ക്രിമിനല്‍ പാഴ്‌ച്ചെലവെന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പദ്ധതിയെ വിശേഷിപ്പിച്ചത്.

അതേസമയം, പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി നിര്‍മ്മിക്കാനുള്ള അന്തിമസമയം കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു. അവശ്യ സര്‍വീസായി പരിഗണിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.

2022 ഡിസംബറില്‍ പണി പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. നേരത്തെ കൊവിഡ് ഒന്നാം തരംഗത്തിലെ ലോക്ക്ഡൗണിലും പ്രധാനമന്ത്രിയുടെ വസതിയുടെ നിര്‍മ്മാണം നിര്‍ത്തിവെച്ചിരുന്നില്ല. ആദ്യം പണി പൂര്‍ത്തിയാക്കേണ്ട പ്രധാന കെട്ടിടങ്ങളില്‍ ഒന്നാമതായാണ് പ്രധാനമന്ത്രിയുടെ വസതി ലിസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ സുരക്ഷാ ജീവനക്കാര്‍ക്കായുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണവും ഇതിനൊപ്പം പൂര്‍ത്തിയാക്കും. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായാണ് നിര്‍മ്മാണം നടക്കുന്നത്. 13450 കോടി രൂപയുടെ പദ്ധതിയാണ് സെന്‍ട്രല്‍ വിസ്ത.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Chhattisgarh Cans Work On New Assembly After BJP Taunt Over Central Vista

We use cookies to give you the best possible experience. Learn more