റായ്പൂര്‍: ഇന്‍സ്റ്റഗ്രാമില്‍ നിന്ന് വിദ്വേഷ പോസ്റ്റുകള്‍ നീക്കം ചെയ്ത് ഛത്തീസ്ഗഡിലെ ബി.ജെ.പി നേതൃത്വം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ബി.ജെ.പി പോസ്റ്റുകള്‍ നീക്കം ചെയ്തത്. കോണ്‍ഗ്രസിനെ അധിക്ഷേപിക്കുന്ന മൂന്ന് പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്നായിരുന്നു കമ്മീഷന്റെ നിര്‍ദേശം.
ബി.ജെ.പി നേതൃത്വത്തതിന് മുന്നറിയിപ്പ് നല്‍കിയത് കൂടാതെ മെറ്റയ്ക്കും പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. പിന്നാലെയാണ് വിദ്വേഷ പോസ്റ്റുകള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഡിലീറ്റ് ചെയ്തത്. ഇത്തരത്തിലുള്ള പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കരുതെന്ന് ബി.ജെ.പിക്ക് മുന്നറിയിപ്പ് നല്‍കിയതായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ റീന കംഗലെയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് ചൂണ്ടിക്കാട്ടി.
മെയ് 15നാണ് വിദ്വേഷം ജനിപ്പിക്കുന്ന ആദ്യ പോസ്റ്റ് ബി.ജെ.പി ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്തത്. ‘തലയില്‍ തൊപ്പി വെച്ചതും പച്ച നിറത്തിലുള്ള വസ്ത്രം ധരിച്ചതുമായ ഒരാള്‍ ഒരു സ്ത്രീയുടെ പേഴ്സ് മോഷ്ടിക്കുന്നതായി കാണാം. തുടര്‍ന്ന് ആ സ്ത്രീ ആളുകളോട് സഹായമഭ്യര്‍ത്ഥിക്കുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടേതെന്ന രീതിയില്‍ വരുന്ന കാരിക്കേച്ചര്‍ താഴെ വീണ പേഴ്സ് എടുത്ത് മോഷ്ടാവിന് കൊടുക്കാന്‍ ശ്രമിക്കുന്നു,’ ഈ രീതിയിലാണ് പോസ്റ്റ്.
മെയ് 20ന് അപ്‌ലോഡ് ചെയ്ത രണ്ടാമത്തെ പോസ്റ്റില്‍ കോണ്‍ഗ്രസ് നേതാവ് ഒരു സ്ത്രീയുടെ മംഗളസൂത്രം തട്ടിയെടുത്ത് മറ്റൊരു പുരുഷന് നല്‍കുന്ന ചിത്രമായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബി.ജെ.പിയുടെ കര്‍ണാടക ഘടകം മെയില്‍ അപ്‌ലോഡ് ചെയ്ത ഒരു ആനിമേറ്റഡ് വീഡിയോ ആയിരുന്നു മൂന്നാമത്തെ പോസ്റ്റ്. അതില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും കാണാം. ഒരുവശത്ത് എസ്.സി, എസ്.ടി, ഒ.ബി.സി എന്നിങ്ങനെയെഴുതിയ മുട്ടകള്‍ ഒരു കുട്ടയിലിരിക്കുന്നതായും കാണാം.
പിന്നാലെ കുട്ടയിലേക്ക് രാഹുല്‍ ഗാന്ധി മുസ്‌ലിം എന്നെഴുതിയ ഒരു മുട്ട കൊണ്ടുവെക്കുന്നു. തുടര്‍ന്ന് മുട്ട വിരിയുകയും മുസ്‌ലിം എന്നെഴുതിയ മുട്ട വിരിഞ്ഞുണ്ടായ വലിയ കോഴികുഞ്ഞിന് മാത്രം രാഹുല്‍ ഭക്ഷണം കൊടുക്കുകയും ചെയുന്നു.
ഭക്ഷണത്തിന്റെ കിറ്റില്‍ ‘ഫണ്ട്’ എന്നാണ് എഴുതിയിരിക്കുന്നത്. ശേഷം മറ്റു കോഴിക്കുഞ്ഞുങ്ങളെ വലിയ കോഴിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് കുട്ടയില്‍ നിന്ന് പുറത്താക്കുന്നു. ഇതിനുപിന്നാലെ എല്ലാവരും ആര്‍ത്തു ചിരിക്കുന്നു. ഈ രീതിയിലാണ് ബി.ജെ.പി ആനിമേറ്റഡ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്.
അതേസമയം പോസ്റ്റുകള്‍ പിന്‍വലിച്ചതിന് ശേഷം നീക്കം ചെയ്യപ്പെട്ട ഉള്ളടക്കങ്ങളില്‍ മതപരമായ ഘടകങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് സംസ്ഥാന നേതൃത്വം പ്രതികരിച്ചു. ബി.ജെ.പിയുടെ സോഷ്യല്‍ മീഡിയ സെല്ലിലെ അംഗമായ സോമേഷ് പാണ്ഡെയെ ഉദ്ധരിച്ചുകൊണ്ടായിരുന്നു റിപ്പോര്‍ട്ടുകള്‍.
Content Highlight: Chhattisgarh BJP leadership removes hateful posts from Instagram