| Thursday, 23rd March 2023, 12:03 pm

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമങ്ങള്‍ തടയാന്‍ ബില്ല് പാസാക്കി ഛത്തീസ്ഗഡ് സര്‍ക്കാര്‍; എതിര്‍ത്ത് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്പൂര്‍: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ബില്ല് പാസാക്കി ഛത്തീസ്ഗഡ് നിയമസഭ. മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ആണ് ബില്‍ അവതരിപ്പിച്ചത്. ചരിത്രപരമായ തീരുമാനമാണെന്നായിരുന്നു ബില്‍ പാസാക്കിക്കൊണ്ട് ബാഗേല്‍ പറഞ്ഞത്.

അതേസമയം ബില്‍ പരിഗണനക്കായി സെലക്ട് കമ്മിറ്റിക്ക് കൈമാറണമെന്ന ബി.ജെ.പി എം.എല്‍.എമാരുടെ ആവശ്യം സ്പീക്കര്‍ ചരണ്‍ദാസ് മഹന്ത് തള്ളി.

2018ലെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ പ്രത്യേക നിയമം കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ് ഉറപ്പുനല്‍കിയിരുന്നു. മാധ്യമസ്ഥാപനങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും അവരുടെ ഉപകരണങ്ങളെയും സംരക്ഷിക്കാനാണ് പുതിയ ബില്ല് കൊണ്ട് ലക്ഷ്യം വെക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം സംസ്ഥാനത്തെ സമാധാനനില തകര്‍ക്കാന്‍ കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

‘നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് 2019 ല്‍ മുന്‍ സുപ്രീം കോടതി ജസ്റ്റിസ് അഫ്താബ് ആലമിന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. എല്ലാ രാഷ്ട്രീയ കക്ഷികളുമായി കൂടിയാലോചിച്ച ശേഷമാണ് നിയമം തയ്യാറാക്കിയത്. ഈ ദിവസം സുവര്‍ണ ലിപികളാല്‍ ചരിത്രത്തില്‍ എഴുതപ്പെടും,’ ബാഗേല്‍ പറഞ്ഞതായി സിയാസത് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം സഭയില്‍ ബില്ലിനെതിരെ ബി.ജെ.പി രംഗത്തെത്തിയിരുന്നു. ബി.ജെ.പി മാധ്യമപ്രവര്‍ത്തകരുടെ താത്പര്യങ്ങള്‍ക്ക് എതിരാണെന്നും ബില്ല് സ്തംഭിപ്പിക്കാന്‍ ശ്രമിച്ചതായും കോണ്‍ഗ്രസ് ആരോപിച്ചു.

ഛത്തീസ്ഗഡില്‍ നിന്ന് മാധ്യമപ്രവര്‍ത്തനത്തില്‍ ഒരു വര്‍ഷമെങ്കിലും പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് ബില്ല് പ്രകാരം രജിസ്‌ട്രേഷന് അനുമതിയുണ്ട്. മൂന്ന് മാസത്തിനുള്ളില്‍ ആറ് ലേഖനങ്ങളോ വാര്‍ത്തകളോ പ്രസിദ്ധീകരിച്ച വ്യക്തി, മൂന്ന് മാസത്തിനുള്ളില്‍ മൂന്ന് തവണയെങ്കിലും ഫോട്ടോഗ്രാഫുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടവര്‍ തുടങ്ങിയവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം.

നിയമം പ്രാബല്യത്തില്‍ വന്നാല്‍ 90 ദിവസത്തിനകം പുതിയ കമ്മിറ്റി രൂപീകരിക്കും. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമം, മാനനഷ്ടം തുടങ്ങിയ പരാതികള്‍ ഈ കമ്മിറ്റിക്ക് മുമ്പില്‍ സമര്‍പ്പിക്കാനാകും. സംസ്ഥാന സര്‍ക്കാരിലെ സെക്രട്ടറി റാങ്കില്‍ കുറയാത്ത റിട്ടയേര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവോ പൊലീസ് ഉദ്യോഗസ്ഥനോ ആയിരിക്കും കമ്മിറ്റിയുടെ ചെയര്‍മാന്‍. ആഭ്യന്തര വകുപ്പ് നോമിനേറ്റ് ചെയ്യുന്ന പ്രോസിക്യൂഷന്‍ ബ്രാഞ്ചിലെ ജോയിന്റ് ഡയറക്ടര്‍ റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥനും പത്രപ്രവര്‍ത്തനത്തില്‍ പത്തുവര്‍ഷത്തിലേറെ പരിചയമുള്ള മൂന്ന് മാധ്യമപ്രവര്‍ത്തകരും കമ്മിറ്റിയിലുണ്ടാകും. അവരില്‍ ഒരാളെങ്കിലും സ്ത്രീയായിരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

നിയമപ്രകാരം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണമുണ്ടായാല്‍ പ്രതികള്‍ക്ക് പിഴ ചുമത്തുമെന്നും ശിക്ഷ ഉറപ്പാക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തെറ്റായ പരാതി നല്‍കുന്ന പക്ഷം മാധ്യമപ്രവര്‍ത്തകനെതിരെയും കേസെടുക്കുമെന്നും ബില്ലില്‍ പറയുന്നു.

Content Highlight: Chhattisgarh Assembly passes bill for protection of mediapersons

We use cookies to give you the best possible experience. Learn more