[]റായ്പൂര്‍: മാവോവാദികളുടെ ബഹിഷ്‌കരണ ആഹ്വാനം നിലനില്‍ക്കെ നാളെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഡില്‍ നിന്നും വന്‍ സ്‌ഫോടകശേഖരം പിടികൂടി.
ദണ്ഡേവാഡെയില്‍ നിന്നാണ് വന്‍ സ്‌ഫോടക ശേഖരം പിടികൂടിയത്. ഓന്‍ചിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു സൈനികന് പരിക്കേല്‍ക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള മാവോവാദികളുടെ നീക്കമാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്നാണ് സൂചന. സി.ആര്‍.പി.എഫും പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് വന്‍ സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തിയത്.
ദണ്ഡേവാഡെയില്‍ നിന്ന് 35 കിലോഗ്രാം സ്‌ഫോടകവസ്തുക്കളാണ് പിടികൂടിയത്. സംസ്ഥാനത്തെ പതിനെട്ട് നിയോജക മണഢലത്തിലേക്കാണ് നാളെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
തിരഞ്ഞെടുപ്പിനായി നാലായിരത്തിലധികം പോളിങ് ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പതിനെട്ട് നിയോജക മണ്ഡലത്തിലായി 143 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.
തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ മാവോവാദികള്‍ ആഹ്വാനം ചെയ്തിരിക്കുന്നതിനാല്‍ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യപ്രകാരം രാജ്യത്തിന്റെ വിവിധ അര്‍ധസൈനിക, സംസ്ഥാന പോലിസ് വിഭാഗങ്ങളില്‍നിന്നായി 750 കമ്പനി സുരക്ഷാ യൂനിറ്റുകളാണ് സംസ്ഥാനത്തു തമ്പടിച്ചിരിക്കുന്നത്.
സി.ഐ.എസ്.എഫ്, ഇന്തോ-തിബത്തന്‍ ബോര്‍ഡര്‍ പോലിസ്, റെയില്‍വേ പ്രൊട്ടക്ഷന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ്, ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍, ഈസ്റ്റേണ്‍ ഫ്രോണ്‍ടിയര്‍ റൈഫിള്‍സ് ഓഫ് വെസ്റ്റ്ബംഗാള്‍, മിലിറ്ററി പോലിസ് ഓഫ് ബിഹാര്‍ തുടങ്ങിയ സേനകളെയാണ് ഛത്തീസ്ഗഡിലെ വിവിധ മണ്ഡലങ്ങളിലായി വിന്യസിച്ചിരിക്കുന്നത്.
മാവോവാദികളെ നേരിടുന്നതിനായി നേരത്തേ തന്നെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുള്ള സി.ആര്‍.പി.എഫ്, ബി.എസ്.എഫ്, സശത്ര സീമാബല്‍ (എസ്.എസ്.ബി.) തുടങ്ങിയ സേനകളും തിരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് സജ്ജമായിട്ടുണ്ട്.
കൂടാതെ മൈന്‍ ആന്റ് ബുള്ളറ്റ് പ്രൊട്ടക്റ്റഡ് വാഹനങ്ങള്‍, ബോംബ് സ്‌ക്വാഡ്, മൊബൈല്‍ ടെലികോം ടവറുകളടങ്ങിയ ട്രക്കുകള്‍ തുടങ്ങിയവയും സുരക്ഷാസജ്ജീകരണത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.