| Monday, 12th November 2018, 10:17 am

ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാജിവെച്ചു ബി.ജെ.പിയില്‍ ചേര്‍ന്നു; രാജി തെരഞ്ഞെടുപ്പിനു മണിക്കൂറുകള്‍ മുമ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്പൂര്‍: ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മുമ്പ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഘനറാം സാഹു പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. തിങ്കളാഴ്ച ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ സാഹു ബി.ജെ.പിയില്‍ ചേരും.

ഡ്രഗ് സിറ്റി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സീറ്റു നല്‍കാത്തതില്‍ സാഹുവിന് അതൃപ്തിയുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് ഛത്തീസ്ഗഢില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റിന്റെ രാജി.

Also Read:ഇ.വി.എമ്മില്‍ തകരാര്‍; ഛത്തീസ്ഗഢില്‍ മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ വോട്ടെടുപ്പ് തടസപ്പെട്ടു

വ്യക്തിപരമായ വിദ്വേഷത്തിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഭൂപേഷ് ഭാഗല്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് രാജിക്കത്തില്‍ സാഹ ചൂണ്ടിക്കാട്ടുന്നത്. തെരഞ്ഞെടുപ്പിനു മുമ്പുള്ള പല കാര്യങ്ങളിലും തനിക്ക് ഒരു റോളും തന്നില്ല. താനെപ്പോഴും പാര്‍ട്ടിയുടെ വിനീത വിധേയനായിരുന്നു. പക്ഷേ എന്തിനും ഒരു അതിരുണ്ട്. ഛത്തീസ്ഗഢ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇന്നല്ലെങ്കില്‍ നാളെ എന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടാണ് താന്‍ സ്വയം രാജിവെച്ച് പുറത്തുപോകാന്‍ തീരുമാനിച്ചതെന്നും സാഹ പറയുന്നു.

തെരഞ്ഞെടുപ്പിനു മുമ്പ് ഛത്തീസ്ഗഢ് കോണ്‍ഗ്രസിനു ലഭിക്കുന്ന രണ്ടാമത്തെ തിരിച്ചടിയാണ് സാഹയുടെ രാജി. ഒക്ടോബര്‍ 13ന് ഛത്തീസ്ഗഢ് കോണ്‍ഗ്രസ് കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് രാം ദയാല്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ആദിവാസികള്‍ക്കിടയില്‍ ഏറെ സ്വാധീനം ചെലുത്തിയ നേതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ രാജി കോണ്‍ഗ്രസിനു വലിയ തിരിച്ചടിയാവുമെന്ന വിലയിരുത്തലുണ്ടായിരുന്നു.

ബി.എസ്.പിയുമായി ഛത്തീസ്ഗഢില്‍ സഖ്യമുണ്ടാക്കുന്നതിലും കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നു. പകരം ഛത്തീസ്ഗഢിലെ ജനതാ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനായിരുന്നു കോണ്‍ഗ്രസ് തീരുമാനം.

We use cookies to give you the best possible experience. Learn more