ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പ്; സ്വാതന്ത്ര്യത്തിന് ശേഷം 40 ഗ്രാമങ്ങൾ ആദ്യമായി പോളിങ് ബൂത്തിലേക്ക്
റായ്പൂർ: സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനൊരുങ്ങി ഛത്തീസ്‌ഗഢിലെ 40 ഗ്രാമങ്ങൾ.
നേരത്തെ, ബസ്തർ പരിധിയിലെ നക്സൽ ബാധിതമായ 40 ഗ്രാമങ്ങളിലും സുരക്ഷിതമായി തെരഞ്ഞെടുപ്പ് നടത്തുക അസാധ്യമായിരുന്നു. ഒക്ടോബർ 14ന് ഗ്രാമങ്ങളിൽ 120 പോളിങ് സ്റ്റേഷനുകൾ ആരംഭിച്ചു.
നക്സലൈറ്റ് സംഘടനയുടെ തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തെ തുടർന്ന് അതീവ ജാഗ്രതയോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രദേശത്ത് പ്രവർത്തിക്കുന്നത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 60ലധികം സുരക്ഷാ സേനകളുടെ ക്യാമ്പുകൾ ഗ്രാമങ്ങളിൽ സ്ഥാപിച്ചിരുന്നു. സൈനികരുടെ തുടർച്ചയായ സാന്നിധ്യത്തെ തുടർന്ന് പ്രദേശം സുരക്ഷിതമായെന്നും തെരഞ്ഞെടുപ്പ് നടത്താൻ സജ്ജമായെന്നും പൊലീസ് പറയുന്നു. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികളെ പരിശീലിപ്പിക്കാൻ ആരംഭിച്ചു.
പോളിങ് സ്റ്റേഷനിലേക്കുള്ള വോട്ടർമാരുടെ ദൂരം കുറച്ച് പരമാവധി ആളുകളെ പോളിങ് സ്റ്റേഷനുകളിൽ എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബസ്തർ പരിധിയിലെ ഐ.ജി സുന്ദർ രാജ് പി. പറഞ്ഞു.
ഛത്തീസ്‌ഗഢിലെ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന നവംബർ എഴിനാണ് ബസ്തർ പരിധിയിലെ ഏഴ് ജില്ലകളിലും വോട്ടെടുപ്പ്. നക്സൽ പ്രവർത്തനങ്ങൾ കാരണം അവസാനിപ്പിക്കുകയോ മാറ്റുകയോ ചെയ്ത പോളിങ് സ്റ്റേഷനുകൾ കണ്ടെത്തി പുനസ്ഥാപിച്ചുകൊണ്ടിരിക്കുകയാണെന്നും ഐ.ജി അറിയിച്ചു.
ഛത്തീസ്ഗഡിൽ നവംബർ ഏഴിനും 17നുമായി രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുക. നവംബറിൽ തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു നാല് സംസ്ഥാനങ്ങൾക്കൊപ്പം ഡിസംബർ 3നാണ് വോട്ടെണ്ണൽ.
മിസോറാമിൽ നവംബർ ഏഴിന് വോട്ടെടുപ്പ് നടത്തും. മധ്യപ്രദേശിൽ നവംബർ 17നും രാജസ്ഥാനിൽ നവംബർ 25നും തെലങ്കാനയിൽ നവംബർ 30നും വോട്ടെടുപ്പ് നടക്കും.
Content Highlight: Chhattisgarh assembly elections: 40 villages to vote for the first time in 40 years