ജയിലറിലെ രണ്ടാമത്തെ മാസ് കഥാപാത്രം വിനായകന്റേതാണെന്ന് ഫിലിം റിവ്യൂവര്‍ ചെയ്യറു ബാലു. മമ്മൂട്ടിക്ക് വേണ്ടി പറഞ്ഞുവെച്ച കഥാപാത്രം വിനായകന്‍ ശരിക്കും ഇറങ്ങി ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തെ വില്ലനാക്കി അഞ്ച് വര്‍ഷം കൂടി തമിഴ് സിനിമക്ക് ഓടാമെന്നും ചെയ്യറു ബാലു പറഞ്ഞു. ആദാന്‍ സിനിമക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സത്യം പറഞ്ഞാല്‍ ജയിലറിലെ രണ്ടാമത്തെ മാസ് കഥാപാത്രം വിനായകന്റേതാണ്. എന്തൊരു വില്ലനാണ്. തമിഴില്‍ അദ്ദേഹം കുറച്ച് ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ഇതുപോലൊരു കഥാപാത്രം കറക്ടായ വ്യക്തിയുടെ അടുത്തേക്കാണ് ചെന്നത്.
ഇത് മമ്മൂട്ടിക്ക് വേണ്ടി പറഞ്ഞുവെച്ച കഥാപാത്രമാണ്. ആ മമ്മൂട്ടിയുടെ സ്ഥാനത്തേക്ക് വന്ന് വിനായകന്‍ കഥാപാത്രത്തിലേക്ക് ഇറങ്ങി ചെയ്തുവെച്ചിട്ടുണ്ട്. ആ എക്‌സ്‌പ്രെഷന്‍സ്, ഡയലോഗ് ഡെലിവറി, ക്രൂരനായ ഒരാള്‍ എങ്ങനെയിരിക്കുമോ അയാള്‍ കണ്‍മുന്നില്‍ വന്ന് നില്‍ക്കുന്നത് പോലെയുണ്ട്. വിനായകനെ വില്ലനാക്കി അടുത്ത അഞ്ച് വര്‍ഷത്തേക്ക് തമിഴ് സിനിമക്ക് ഓടാം,’ ചെയ്യറു ബാലു പറഞ്ഞു.
ചിത്രത്തിന്റെ റിലീസ് ദിനം മുതല്‍ തന്നെ രജിനികാന്തിനൊപ്പം വിനായകനേയും പ്രേക്ഷകര്‍ ആഘോഷിച്ചിരുന്നു. താരത്തിന്റെ പ്രകടനത്തിന് വലിയ നിരൂപക പ്രശംസയാണ് ലഭിച്ചത്.
ബോക്‌സ് ഓഫീസില്‍ വലിയ കുതിപ്പാണ് ജയിലര്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ കളക്ഷന്‍ സണ്‍ പിക്‌ചേഴ്‌സ് പുറത്തുവിട്ടിരുന്നു. 375.40 കോടിയാണ് ചിത്രം ഇതുവരെ നേടിയത്.
തമിഴ് സിനിമാ വ്യവസായത്തിലെ തന്നെ റെക്കോര്‍ഡ് ബ്രേക്കര്‍ ആയിരിക്കുകയാണ് ജയിലര്‍. ഒരാഴ്ച പിന്നിടും മുമ്പേ ഇത്രയും ഉയര്‍ന്ന കളക്ഷനുമായി ഇന്‍ഡസ്ട്രി ഹിറ്റാണ് ചിത്രം. സിനിമ ഇതുവരെ തമിഴ്‌നാട്ടില്‍ നിന്ന് മാത്രം നേടിയിരിക്കുന്നത് 150 കോടിക്ക് മുകളിലാണ്.
സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിച്ചിരിക്കുന്നത്. സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.
Content Highlight: Cheyyaru Balu talks about Vinayakan in Jailer