| Saturday, 21st October 2023, 5:53 pm

മുസ്‌ലിങ്ങളെ  തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തി; ചേതന്‍ സിങിന് മാനസിക പ്രശ്നങ്ങളില്ല; ട്രെയിന്‍ കൂട്ടക്കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജയ്പൂര്‍-മുംബൈ കൂട്ടകൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് റെയില്‍വേ പൊലീസ്. പൂര്‍ണ്ണ ബോധത്തോടെയും അറിവോടെയും ഇയാള്‍ മുസ്‌ലിങ്ങളെ തിരഞ്ഞുപിടിച്ച് കൊല്ലുകയായിരുന്നു എന്നാണ് കുറ്റപത്രം.

റെയില്‍വേ പൊലീസ് ആണ് കൂട്ടക്കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
ചേതന്‍ സിങിന് മാനസിക പ്രശ്‌നങ്ങളില്ലെന്നും കൊലയ്ക്ക്‌ശേഷം ഇയാള്‍ മുസ്‌ലിംവിരുദ്ധ വിദ്വേഷപരാമര്‍ശങ്ങള്‍ നടത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

‘ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ മോദിക്കും യോഗിക്കും വോട്ട് ചെയ്യണം’എന്ന് മൃതദേഹങ്ങള്‍ക്കരികില്‍ നിന്ന് ചേതന്‍ സിങ് വിളിച്ചുപറയുന്ന വീഡിയോയും പുറത്തുവന്നിരുന്നു.
ജയ്പൂര്‍-മുംബൈ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ വെച്ചായിരുന്നു എ.എസ്.ഐയേയും മൂന്ന് മുസ്‌ലിം യാത്രക്കാരെയും ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍ ചേതന്‍ സിങ് വെടിവെച്ചു കൊലപ്പെടുത്തിയത്. നടന്ന സംഭവങ്ങള്‍ ഒന്നും ഓര്‍മയില്ലെന്ന ചേതന്‍ സിങിന്റെ വാദം തള്ളിയാണ് റെയില്‍വേ പൊലീസിന്റെ കുറ്റപത്രം.

ജൂലൈ 31നായിരുന്നു എ.എസ്.ഐ യെയും മറ്റു മൂന്നു യാത്രക്കാരെയും പ്രതി വെടിവെച്ച് കൊലപ്പെടുത്തിയത്.
ചേതന്‍ സിങ് നേരത്തെയും ഗുരുതര അച്ചടക്കലംഘനം നടത്തിയിരുന്നു.

കൂട്ടക്കൊലയെ കുറിച്ച് ദൃക്‌സാക്ഷിയായ കൃഷ്ണകുമാര്‍ശുക്ല പറയുന്നത് ഇങ്ങനെയാണ്.

‘വലിയ ശബ്ദം കേട്ടാണ് ഉറക്കത്തില്‍ നിന്ന് ഞെട്ടി എഴുന്നേറ്റത്. എന്താണെന്ന് നോക്കിയപ്പോള്‍ കണ്ടത് തോക്കും പിടിച്ച് നില്‍ക്കുന്ന ചേതന്‍ സിങിനെയാണ്. താഴെ ചോരയില്‍ കുളിച്ചു കിടക്കുന്ന ടിക്കാറാം മീണയേയും. ഏതാനും നിമിഷത്തിനകം ചേതന്‍ സിങ് തോക്കുമായി ബി 4കോച്ചിന് നേരെ പോയി. ഒരു യാത്രക്കാരന്‍ ഓടിവന്ന് ആര്‍.പി.എഫ്ക്കാരില്‍ ഒരാള്‍ മറ്റൊരാളെ വെടിവെച്ചതായി പറഞ്ഞു. ഇരുവരും ഏറെ നേരമായി തര്‍ക്കത്തില്‍ ആയിരുന്നു. അതിനൊടുവിലാണ് വെടിവെപ്പ് നടന്നത്. തോക്കുമായി പോയ ചേതന്‍ സിങ് തിരിച്ചുവരാതിരിക്കാനായി മറ്റു യാത്രക്കാരുമായി ചേര്‍ന്ന് ബി 6നും ബി5നും ഇടയിലെ വാതില്‍ അടച്ചിട്ടുണ്ടായിരിന്നു. തന്റെ കോച്ച് ആയ ബി5 ല്‍ എന്താണ് സംഭവിക്കുന്നതെന്ന് നോക്കി, അല്പസമയത്തിനകം ചേതന്‍ സിങ് തോക്കുമായി തിരിച്ചെത്തുകയായിരുന്നു. ടിക്കാറാം മീണയുടെ മൃതദേഹത്തിന് അരികെ അഞ്ചു മീനിട്ടോളം നിന്നു. ഇതിനുശേഷം ബി 4 ലേക്ക് ഇയാള്‍ കടന്നു. അവിടെ വെച്ചാണ് അബ്ദുല്‍ ഖാദര്‍ മുഹമ്മദ് ഹുസൈന്‍ ബന്‍പൂര്‍വ്വാലയെ വെടിവെച്ചത്. പാന്‍ട്രി കോച്ചിലുണ്ടായിരുന്ന സയ്യിദ് സൈഫുല്ലയെയും എസ്6 കോച്ചിലുണ്ടായിരുന്ന അസ്‌കര്‍ അബ്ബാസ് ശൈഖിനെയും വെടിവെച്ചു.’ കൃഷ്ണകുമാര്‍ശുക്ല പറയുന്നു.

ജയ്പൂര്‍-മുംബൈ സെന്‍ട്രല്‍ എക്‌സ്പ്രസ്സിലെ ബി5 കോച്ചില്‍ വെച്ചാണ് ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍ ചേതന്‍ സിങ് തന്റെ മേലുദ്യോഗസ്ഥനായ എ.എസ്.ഐ ടിക്കാറാം മീണയെ വെടിവെച്ചു കൊന്നത്.
തുടര്‍ന്ന് അടുത്തുള്ള കോച്ചുകളിലേക്ക് പോയി മുസ്‌ലിങ്ങളായ മൂന്ന് യാത്രക്കാരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അസ്ഗര്‍ അബ്ബാസ് ശൈഖ്(48), അബ്ദുല്‍ ഖാദര്‍ മുഹമ്മദ് ഹുസൈന്‍ ബന്‍പൂര്‍വാല(64), സയ്യിദ് സൈഫുല്ല(40) എന്നിവരാണ് കൊല്ലപ്പെട്ട യാത്രികര്‍.

Content Highlight: Chethan singh  who killed 4 on train

We use cookies to give you the best possible experience. Learn more