| Tuesday, 6th September 2022, 3:49 pm

രോഹിത്തും രാഹുലും ചേര്‍ന്ന് അവനെ പിഴിഞ്ഞെടുക്കുന്നു; ബി.സി.സി.ഐക്കെതിരെ തുറന്നടിച്ച് ചേതേശ്വര്‍ പൂജാര

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം തങ്ങളുടെ രണ്ടാം സൂപ്പര്‍ ഫോര്‍ മത്സരത്തിനിറങ്ങുകയാണ്. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനോടേറ്റ തോല്‍വി മറക്കുന്നതിന് ഇന്ത്യക്ക് ഈ മത്സരത്തിലെ വിജയം അനിവാര്യമാണ്. സൂപ്പര്‍ ഫോറില്‍ അഫ്ഗാനെ തോല്‍പിച്ച ആവേശത്തിലെത്തുന്ന ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികള്‍.

ഇന്ത്യയെ സംബന്ധിച്ച് ഇന്നത്തെ മത്സരം ഏറെ നിര്‍ണായകമാണ്. ശ്രീലങ്കയോട് തോല്‍ക്കുകയാണെങ്കില്‍ നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് തലതാഴ്ത്തി മടങ്ങേണ്ടി വരും.

പാകിസ്ഥാനെതിരെയുള്ള കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ഫോമിലേക്കുയരാത്തതായിരുന്നു ഇന്ത്യയുടെ പരാജയ കാരണങ്ങളില്‍ ഒന്ന്. നേരിട്ട രണ്ടാം പന്തില്‍ പുറത്തായ ഹര്‍ദിക് ബൗളിങ്ങിലും മികച്ച രീതിയില്‍ അടിവാങ്ങിക്കൂട്ടിയിരുന്നു.

ശ്രീലങ്കക്കെതിരായ മത്സരത്തിന് മുമ്പേ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെ കുറിച്ച് നിരവധി ആളുകള്‍ തങ്ങളുടെ അഭിപ്രായം പറഞ്ഞിരുന്നു. ഇന്ത്യന്‍ ടെസ്റ്റ് താരമായ ചേതേശ്വര്‍ പൂജാരയും വിഷയത്തില്‍ തന്റെ അഭിപ്രായം പറഞ്ഞിരുന്നു.

ഹര്‍ദിക്കിനെ ഇന്ത്യന്‍ ടീം ഓവര്‍ യൂസ് ചെയ്യുകയാണെന്നായിരുന്നു പൂജാരയുടെ വിമര്‍ശനം.

പാകിസ്ഥാനെതിരായ മത്സരത്തില്‍ നാല് ഓവറില്‍ നിന്നും 44 റണ്‍സാണ് പാണ്ഡ്യ വഴങ്ങിയത്. ഇതിന് പിന്നാലെയാണ് പാണ്ഡ്യയെ മാനേജ്‌മെന്റ് ഓവര്‍ യൂസ് ചെയ്യുകയാണെന്ന് പൂജാര പറഞ്ഞത്.

ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പൂജാര മാനേജ്‌മെന്റിനെതിരെ തുറന്നടിച്ചത്.

‘മാനേജ്‌മെന്റ് ഒരു എക്‌സ്ട്രാ ബൗളറെ കൂടി ടീമില്‍ ഉള്‍പ്പെടുത്തണമായിരുന്നു. അഞ്ചാം ബൗളര്‍ എന്ന നിലയില്‍ ഹര്‍ദിക് പാണ്ഡ്യയെ മാത്രം ആശ്രയിച്ചതിന്റെ പ്രശ്‌നമാണിത്.

എല്ലാ മത്സരത്തിലും നാല് ഓവര്‍ വീതം എറിയണമെന്ന് ഹര്‍ദിക് പാണ്ഡ്യയോട് പറയാന്‍ നിങ്ങള്‍ക്കാവില്ല. അവന്‍ ഒരിക്കലും ടീമിന്റെ അഞ്ചാം ബൗളറാവാന്‍ പാടില്ല. ഹര്‍ദിക് പാണ്ഡ്യയെ ആറാം ബൗളറായി ഉപയോഗപ്പെടുത്തുന്നതാണ് നല്ലത്. ടീം അവനെ ഓവര്‍ യൂസ് ചെയ്യുകയാണ്,’ പൂജാര പറഞ്ഞു.

പാകിസ്ഥാനെതിരായ മത്സരത്തില്‍ നാലോവറില്‍ ഒറ്റ വിക്കറ്റ് മാത്രം വീഴ്ത്തിയാണ് പാണ്ഡ്യ 44 റണ്‍സ് വഴങ്ങിയത്. 11 ആയിരുന്നു താരത്തിന്റെ എക്കോണമി. സീനിയര്‍ ബൗളര്‍മാരെല്ലാം മങ്ങിയ മത്സരത്തില്‍ യുവതാരങ്ങളായിരുന്നു ഇന്ത്യയെ താങ്ങിനിര്‍ത്തിയത്.

നാലോവറില്‍ 26 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്‌ണോയിയും 3.5 ഓവറില്‍ 27 റണ്‍സ് വഴങ്ങിയ അര്‍ഷ്ദീപ് സിങ്ങുമാണ് ഇന്ത്യന്‍ നിരയില്‍ മോശമല്ലാത്ത രീതിയില്‍ പന്തെറിഞ്ഞത്. ഭുവനേശ്വര്‍ കുമാറും ഹര്‍ദിക്കും ചഹലും നാലോവറില്‍ 40+ റണ്‍സായിരുന്നു മത്സരത്തില്‍ വിട്ടുനല്‍കിയത്.

ശ്രീലങ്കക്കെതിരായ മത്സരത്തില്‍ വിജയം മാത്രമായിരിക്കും ഇന്ത്യ ലക്ഷ്യം വെക്കുന്നത്. ഏഷ്യാ കപ്പിലെ തോല്‍വി വരാനിരിക്കുന്ന ടി-20 ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ടീമിനെ മാനസികമായി തളര്‍ത്തുമെന്നുറപ്പാണ്.

Content Highlight: Cheteswar Pujara slams Rohit Sharma and Rahul Dravid


rohi

We use cookies to give you the best possible experience. Learn more