| Friday, 17th February 2023, 7:34 am

രോഹിത്തിനില്ലാത്ത, നിലവില്‍ വിരാടിന് മാത്രമുള്ള നേട്ടത്തിനായി പൂജാര ദല്‍ഹിയിലേക്ക്; ആദരവൊരുക്കാന്‍ ക്രിക്കറ്റ് അസോസിയേഷന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിനാണ് കളമൊരുങ്ങുന്നത്. ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ വെച്ചാണ് പരമ്പര നടക്കുന്നത്.

ഇന്ത്യയുടെ ടി-20 സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാരയെ സംബന്ധിച്ച് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ടെസ്റ്റാണ് ദല്‍ഹിയില്‍ വെച്ച് നടക്കുന്നത്. ഇന്ത്യക്കായി തന്റെ കരിയറിലെ നൂറാമത് അന്താരാഷ്ട്ര ടെസ്റ്റ് മത്സരമായിരിക്കും പൂജാര കളിക്കുന്നത്.

നിലവില്‍ മുന്‍ നായകന്‍ വിരാട് കോഹ്‌ലി മാത്രമാണ് ഇന്ത്യക്കായി നൂറ് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ളത്.

ഇന്ത്യക്കായി ഈ ചരിത്രനേട്ടം സ്വന്തമാക്കാന്‍ ഒരുങ്ങുന്ന ചേതേശ്വര്‍ പൂജാരയ്ക്ക് ദല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ ആദരമൊരുക്കുന്നുമുണ്ട്. രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിന് മുന്നോടിയായി താരത്തിന് പുരസ്‌കാരം നല്‍കുമെന്നാണ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചിരിക്കുന്നത്.

അതേസമയം, രണ്ടാം ടെസ്റ്റും ആധികാരികമായി തന്നെ വിജയിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. ഓസീസിനെതിരെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന ആദ്യ ടെസ്റ്റില്‍ വന്‍ മാര്‍ജിനില്‍ ഇന്ത്യ വിജയിച്ചിരുന്നു.

ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 132 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ വിജയം. ഓസീസിനെതിരെ ആദ്യ മത്സരത്തില്‍ പുറത്തെടുത്ത അതേ ഡോമിനന്‍സ് രണ്ടാം ടെസ്റ്റിലും ആവര്‍ത്തിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.

പരിക്കില്‍ നിന്നും മുക്തനായ ശ്രേയസ് അയ്യര്‍ രണ്ടാം ടെസ്റ്റില്‍ ടീമിനൊപ്പം ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റ്, സാധ്യതാ ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, എസ്. ഭരത്, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, അക്സര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തുന്നതിനേക്കാളുപരി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കുക എന്നതും ഇന്ത്യയുടെ ലക്ഷ്യമാണ്. ഓസീസിനെതിരായ നാല് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ചുരുങ്ങിയത് മൂന്ന് മത്സരങ്ങളെങ്കിലും വിജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് ഫൈനല്‍ കളിക്കാന്‍ സാധിക്കൂ.

ഫൈനലില്‍ പ്രവേശിച്ചാല്‍ അവിടെയും ഇന്ത്യക്ക് ഓസ്‌ട്രേലിയയെ തന്നെയാകും നേരിടാനുണ്ടാവുക. ജൂണ്‍ ഏഴ് മുതല്‍ 11 വരെ ഓവലില്‍ വെച്ചാണ് മത്സരം.

Content Highlight: Cheteshwar Pujara to play 100th test in Delhi

We use cookies to give you the best possible experience. Learn more