| Wednesday, 25th December 2024, 9:55 pm

സെവാഗിനെപ്പോലെയാണ് അവന്‍, പക്ഷെ ക്രീസില്‍ ക്ഷമ കാണിക്കണം; സൂപ്പര്‍ ബാറ്റര്‍ക്ക് മുന്നറിയിപ്പുമായി പൂജാര

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ബോക്സിങ് ഡേ ടെസ്റ്റ് എം.സി.ജിയില്‍ നടക്കാനിരിക്കുകയാണ്. ഡിസംബര്‍ 26 മുതല്‍ 30വരെയാണ് മത്സരം. നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിന് മുന്നറിയിപ്പ് നല്‍കുകയാണ് ഇന്ത്യന്‍ സൂപ്പര്‍ താരം ചേതേശ്വര്‍ പൂജാര.

താരത്തിന് മികച്ച ഫോം നേടാന്‍ ക്രീസില്‍ ക്ഷമ കാണിക്കണമെന്നാണ് പൂജാര പറഞ്ഞത്. തുടക്കത്തില്‍ ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിക്കാതെ ക്രീസില്‍ നിലയുറപ്പിച്ചതിന് ശേഷം ആക്രമിക്കാനാണ് പൂജാര ജെയ്‌സ്വാളിനോട് പറഞ്ഞത്.

‘അവന്‍ ക്രീസില്‍ അല്‍പ്പം കൂടി സമയം നില്‍ക്കാന്‍ ശ്രമിക്കണം. തുടക്കത്തില്‍ തന്നെ ഷോട്ടുകള്‍ കളിക്കാനാണ് ജെയ്‌സ്വാള്‍ ശ്രമിക്കുന്നത്. എന്നാല്‍ ക്രീസില്‍ നിലയുറപ്പിച്ച ശേഷമാണ് അവന്‍ ഇത്തരം ഷോട്ടുകള്‍ കളിക്കേണ്ടത്. ആദ്യത്തെ 10 ഓവറുകളില്‍ അനാവശ്യ ഷോട്ടുകള്‍ ഒഴിവാക്കണം. ടെസ്റ്റില്‍ ബാറ്റര്‍ നല്ല പന്തിനായി കാത്തിരിക്കരുത്. പന്തുകള്‍ക്ക് അനുയോജ്യമായ ഷോട്ടുകള്‍ കളിക്കുകയാണ് വേണ്ടത്.

സെവാഗിനെപ്പോലെ ആക്രമിക്കുന്നവനാണ് ജെയ്‌സ്വാള്‍. എന്നാല്‍ വലിയ ഷോട്ടുകള്‍ക്ക് ശ്രമിക്കുന്നതിന് മുമ്പ് പന്തുകള്‍ നിന്റെ നിയന്ത്രണത്തിലാണെന്ന് ഉറപ്പുവരുത്തണം. ഇന്നത്തെ ആക്രമണകാരികളായ പല ഓപ്പണര്‍മാരും ഈ രീതിയാണ് പിന്തുടരാന്‍ ശ്രമിക്കുന്നത്.

ജെയ്‌സ്വാള്‍ അല്‍പ്പം തിടുക്കം കാട്ടുകയാണ്. പിച്ച് ചെയ്യുന്നതിന് മുമ്പ് തന്നെ ഷോട്ടിനായി തയ്യാറെടുക്കുന്നു. അത് ശരിയായ രീതിയല്ല. ക്രീസില്‍ കുറച്ച് നേരം നിന്ന് പിച്ചിനെക്കുറിച്ച് പഠിക്കുകയും പതിയെ താളം കണ്ടെത്തുകയും ചെയ്യുക. കെ.എല്‍. രാഹുല്‍ കളിക്കുന്നത് നോക്കുക. ഓവര്‍ പിച്ച് പന്തുകളെ മനോഹരമായി അവന്‍ ഡ്രൈവ് ചെയ്യുന്നു. ഇതേ ശൈലിയാണ് ജെയ്‌സ്വാളും സ്വീകരിക്കേണ്ടത്,’ പുജാര പറഞ്ഞു.

Content Highlight: Cheteshwar Pujara Talking About Yashasvi Jaiswal

We use cookies to give you the best possible experience. Learn more