വിമര്‍ശനങ്ങള്‍ക്ക് ബാറ്റുകൊണ്ട് മറുപടി കൊടുക്കുന്നവനാണ് അവന്‍; ചര്‍ച്ചയായി പൂജാരയുടെ വാക്കുകള്‍
Sports News
വിമര്‍ശനങ്ങള്‍ക്ക് ബാറ്റുകൊണ്ട് മറുപടി കൊടുക്കുന്നവനാണ് അവന്‍; ചര്‍ച്ചയായി പൂജാരയുടെ വാക്കുകള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 24th November 2024, 5:00 pm

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തിലെ മൂന്നാം ദിനം ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 487 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്തിരിക്കുകയാണ്. ഇതോടെ ഇന്ത്യ 534 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്.

മത്സരത്തില്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വമ്പന്‍ തിരിച്ചുവരവാണ് വിരാട് കോഹ്‌ലി നടത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ സെഞ്ച്വറി നേടിയാണ് വിരാട് വരവറിയിച്ചത്. ആദ്യ ഇന്നിങ്‌സില്‍ 5 റണ്‍സിന് പുറത്തായ വിരാട് രണ്ടാം ഇന്നിങ്‌സില്‍ 143 പന്തില്‍ നിന്നാണ് തകര്‍പ്പന്‍ സെഞ്ച്വറി നേടിയത്. രണ്ട് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെയാണ് താരം സെഞ്ച്വറി നേടിയത്.

കഴിഞ്ഞ മത്സരങ്ങളില്‍ വിരാടിന് റെഡ് ബോളില്‍ മികവ് പുലര്‍ത്താന്‍ സാധിക്കാതെ വന്നപ്പോള്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവങ്ങേണ്ടി വന്നിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പൂജാര വിരാടിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്.

വിരാടിനെക്കുറിച്ച് പൂജാര പറഞ്ഞത്

‘ഓസ്‌ട്രേലിയയില്‍ അദ്ദേഹം ധാരാളം റണ്‍സ് നേടിയിട്ടുണ്ട്, അവിടെ കളിച്ച ഏറ്റവും വിജയകരമായ ബാറ്റര്‍മാരില്‍ ഒരാളാണ് അവന്‍, എന്നെ സംബന്ധിച്ചിടത്തോളം 2018ലെ പെര്‍ത്ത് ടെസ്റ്റില്‍ കോഹ്‌ലിയുടെ സെഞ്ച്വറി റെഡ്-ബോള്‍ ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ മികച്ച അഞ്ച് ഇന്നിങ്സുകളില്‍ ഒന്നാണ്.

ആരാധകരുടെയും മാധ്യമങ്ങളുടെയും എതിരാളികളുടേയും വിമര്‍ശനങ്ങളോട് തന്റെ ബാറ്റുകൊണ്ടാണ് അവന്‍ പ്രതികരിക്കാറുള്ളത്,’ ചേതേശ്വര് പൂജാര സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

ഓപ്പണര്‍മാരായ യശസ്വി ജെയ്സ്വാളും കെ.എല്‍. രാഹുലും

ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ വീണ്ടും അമ്പരപ്പിക്കുന്ന പ്രകടനമാണ് വിരാട് സ്വന്തമാക്കിയത്. താരത്തിന് പുറമെ ടീമിന് വേണ്ടി ഓപ്പണര്‍മാരായ യശസ്വി ജെയ്സ്വാളും കെ.എല്‍. രാഹുലും മികച്ച ഇന്നിങ്സാണ് കളിച്ചത്. രാഹുല്‍ 176 പന്തില്‍ നിന്ന് അഞ്ച് ഫോര്‍ അടക്കം 77 റണ്‍സിനാണ് പുറത്തായത്. ഓസ്ട്രേലിയന്‍ മണ്ണില്‍ തന്റെ ആദ്യ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് ജെയ്സ്വാള്‍ മടങ്ങിയത്. 297 പന്തില്‍ 15 ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ 161 റണ്‍സ് നേടിയാണ് ജെയ്സ്വാള്‍ പുറത്തായത്.

മത്സരത്തില്‍ ദേവ്ദത്ത് പടിക്കല്‍ (25), ഋഷബ് പന്ത് (1), ധ്രുവ് ജുറെല്‍, വാഷിങ്ടണ്‍ സുന്ദര്‍ (29) എന്നിവരെയും ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു. ഓസീസിന്റെ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുകളും നഥാന്‍ ലിയോമിന് രണ്ട് വിക്കറ്റും നേടാന്‍ സാധിച്ചു.

രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയക്ക് നിലവില്‍ മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്. നഥാന്‍ മക്സ്വി (0), പാറ്റ് കമ്മിന്‍സ് (2), മാര്‍നസ് ലബുഷാന്‍ (3) എന്നിവരുടെ വിക്കറ്റാണ് കങ്കാരുക്കള്‍ക്ക് നഷ്ടമായത്. നഥാന്‍ന്റെയും ലബുഷാന്റെയും വിക്കറ്റുകള്‍ നേടി ക്യാപ്റ്റന്‍ ബുംറ തിളങ്ങിയപ്പോള്‍ നൈറ്റ് വാച്ച് മാന്‍ ആയി ഇറങ്ങിയ ക്യാപ്റ്റന്‍ കമ്മിന്‍സിനെ സിറാജും പുറത്താക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് തെരഞ്ഞെടുക്കുകയും തുടര്‍ന്ന് 150 റണ്‍സിന് ഓള്‍ ഔട്ടുമായി. തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിനെ 104 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ട് ചെയ്ത് വമ്പന്‍ തിരിച്ചുവരവ് നടത്തുകയും ചെയ്തു.

 

Content Highlight: Cheteshwar Pujara Talking About Virat Kohli