| Saturday, 23rd November 2024, 11:17 am

രാഹുല്‍ വിക്കറ്റായിരുന്നോ അല്ലയോ എന്ന് നൂറ് ശതമാനം പറയാന്‍ കഴിയില്ല: ചേതേശ്വര്‍ പൂജാര

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് തെരഞ്ഞെടുക്കുകയും തുടര്‍ന്ന് 150 റണ്‍സിന് പെര്‍ത്തില്‍ ഓള്‍ ഔട്ട് ആവുകയുമായിരുന്നു.

നിലവില്‍ ആദ്യ മത്സരത്തിലെ രണ്ടാം ദിനം പുരോഗമിക്കുമ്പോള്‍ തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിനെ 104 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ട് ചെയ്തിരിക്കുകയാണ്.

ആദ്യ ഇന്നിങ്സില്‍ വിവാദപരമായ രീതിയില്‍ പുറത്തായ കെ.എല്‍. രാഹുലിനെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ ചേതേശ്വര്‍ പൂജാര. 74 പന്തില്‍ 26 റണ്‍സ് നേടിയായിരുന്നു രാഹുല്‍ പുറത്തായത്. സ്റ്റാര്‍ക്കിന്റെ പന്തില്‍ കീപ്പര്‍ ക്യാച് അപ്പീല്‍ ചെയ്ത ഓസീസിന് ഓണ്‍ ഫീല്‍ഡ് അമ്പയര്‍ വിധി എഴുതിയില്ലായിരുന്നു.

എന്നാല്‍ റിവ്യൂ ചെയ്തപ്പോള്‍ വേരിയേഷന്‍ കാണിച്ചെങ്കിലും കൃത്യമായി പന്ത് ബാറ്റില്‍ തട്ടുന്നത് വ്യക്തമായില്ല. ബാറ്റും പാഡും തമ്മില്‍ ഉരസലുണ്ടായതിന്റെ വേരിയേഷനും ഉണ്ടായിരുന്നു. എന്നാല്‍ വ്യക്തമാകാതെയാണ് തേര്‍ഡ് അമ്പയര്‍ വിക്കറ്റാണെന്ന് വിധിയെഴുതുകയായിരുന്നു.

‘കെ.എല്‍. രാഹുല്‍ പുറത്തായിരുന്നോ ഇല്ലയോ എന്ന് നൂറു ശതമാനം പറയാന്‍ കഴിയില്ല. പാഡുകൊണ്ട് ബാറ്റ് തട്ടുന്നതിന് മുമ്പ് പന്ത് ആദ്യം ബാറ്റില്‍ തട്ടിയതായി തോന്നി. മറ്റ് കോണുകളില്‍ നിന്ന് നോക്കുമ്പോള്‍ പന്ത് വില്ലോയ്ക്ക് സമീപം കടന്നുപോയപ്പോള്‍ ഒരേ സമയം ബാറ്റ് പാഡില്‍ സ്പര്‍ശിച്ചതായും തോന്നുന്നു,’ചേതേശ്വര്‍ പൂജാര സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ ബൗളിങ്ങിലാണ് ഓസീസ് തകര്‍ന്നടിഞ്ഞത്. അഞ്ച് മെയ്ഡന്‍ അടക്കം അഞ്ച് വിക്കറ്റുകളാണ് ബുംറ സ്വന്തമാക്കിയത്. ഓപ്പണിങ് ഇറങ്ങിയ നഥാന്‍ മെക്‌സ്വീനി (10), ഉസ്മാന്‍ ഖവാജ (8), ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (3), സ്റ്റീവ് സ്മിത് (0), അലക്സ് കാരി (21) എന്നിവരുടെ നിര്‍ണായക വിക്കറ്റുകളാണ് ബുംറ പിഴുതെറിഞ്ഞത്.

ബുംറയ്ക്ക് പുറമെ മുഹമ്മദ് സിറാജ്, അരങ്ങേറ്റക്കാരന്‍ ഹര്‍ഷിത് റാണ എന്നിവര്‍ രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 26 റണ്‍സ് നേടിയിട്ടുണ്ട്. ക്രീസില്‍ യശസ്വി ജെയ്‌സ്വാളും കെ.എല്‍ രാഹുലുമാണ് ഉള്ളത്.

Content Highlight: Cheteshwar Pujara Talking About K.L Rahul

We use cookies to give you the best possible experience. Learn more