| Saturday, 14th December 2024, 1:59 pm

ബുംറയും സിറാജും അവനെ കണ്ട് പഠിക്കണം; വിമര്‍ശനവുമായി ചേതേശ്വര്‍ പൂജാര

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് ബ്രിസ്ബേനിലെ ഗാബയിലാണ് നടക്കുന്നത്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. എന്നാല്‍ 13.2 ഓവര്‍ പിന്നിട്ട് ഓസീസ് 28 റണ്‍സ് എന്ന നിലയില്‍ ആയപ്പോള്‍ മഴ വില്ലനായി എത്തുകയായിരുന്നു. നിലവില്‍ മഴ കാരണം ആദ്യ ദിനം മത്സരം ഉപേക്ഷിച്ചിരിക്കുകയാണ്.

മൂന്നാം ടെസ്റ്റില്‍ ഓള്‍ റൗണ്ടര്‍ അശ്വിനെ പുറത്തിരുത്തി രവീന്ദ്ര ജഡേജയ്ക്ക് അവസരം ലഭിച്ചപ്പോള്‍ പേസര്‍ ഹര്‍ഷിത് റാണയ്ക്ക് പകരം ആകാശ് ദീപിനെയും ഇന്ത്യ ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഓസീസിനെതിരെ ഗാബയില്‍ മികച്ച രീതിയിലാണ് ആകാശ് ബോളെറിഞ്ഞത്.

ആദ്യ സ്‌പെല്ലില്‍ ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനും ബാറ്റര്‍മാരെ സമ്മര്‍ദത്തിലാക്കാന്‍ സാധിച്ചില്ലായിരുന്നു. ബൗണ്‍സറുകള്‍ക്ക് ശ്രമിച്ച സിറാജും പാഡിന് ലക്ഷ്യം വെച്ച ബുംറയും പരാജയപ്പെടുകയായിരുന്നു. എന്നാല്‍ ആകാശ് ദീപ് എത്തിയതോടെ കൃത്യമായ ലൈനും ലെങ്തും കേന്ദ്രീകരിക്കുകയും ബാറ്റര്‍മാരെ എഡ്ജില്‍ കുരുക്കാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തു.

ഇപ്പോള്‍ താരത്തെ പ്രശംസിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ ചേതേശ്വര്‍ പൂജാര. ബുംറയും സിറാജും ആകാശിന്റെ ബൗളിങ് കണ്ട് പഠിക്കണമെന്ന് പൂജാര വിമര്‍ശിക്കുകയും ചെയ്തു.

‘ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ആകാശ് ദീപില്‍ നിന്ന് പഠിക്കണം. അവന്‍ ബാറ്റര്‍മാരെ ബുദ്ധിമുട്ടിപ്പിക്കുന്ന തരത്തിലാണ് ബോളെറിഞ്ഞത്. മറുവശത്ത് ബുംറയ്ക്കും സിറാജിനും അതിന് കഴിഞ്ഞില്ല. അവര്‍ ഫുള്‍ ഡെലിവറിയോ, ഷോര്‍ട്ട് അല്ലെങ്കില്‍ ലെഗ് സൈഡ് ബോളോ ആണ് കൂടുതല്‍ ചെയ്തത്. അവരുടെ ബൗളിങ് ലെങ്ത് ഓസ്ട്രേലിയന്‍ പിച്ചുകളില്‍ അനുയോജ്യമല്ല,

ഇരുവരും പെര്‍ത്ത് ടെസ്റ്റില്‍ അവരുടെ ലങ്ത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു, എന്നാല്‍ അവസാന ടെസ്റ്റിലും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിലും അത് കാണുന്നില്ല. ഇന്ത്യയുടെ 13 ഓവറുകള്‍ നിങ്ങള്‍ക്ക് രണ്ട് ഭാഗങ്ങളായി തിരിക്കാം. ആദ്യ അഞ്ചോ ആറോ ഓവറുകളില്‍ ബൗളര്‍മാര്‍ ബാറ്റര്‍മാരെ പരീക്ഷിച്ചില്ല, എന്നാല്‍ രണ്ടാമത്തേതില്‍ ബൗളിങ് വിഭാഗത്തില്‍ പുരോഗതിയുണ്ടായി,’ ചേതേശ്വര് പൂജാര സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

മത്സരത്തില്‍ കങ്കാരുക്കള്‍ക്ക് വേണ്ടി ഓപ്പണ്‍ ചെയ്തത് ഉസ്മാന്‍ ഖവാജയും നഥാന്‍ മക്‌സ്വീനിയുമാണ്. ഉസ്മാന്‍ 47 പന്തില്‍ നിന്ന് മൂന്ന് ഫോര്‍ അടക്കം 19* റണ്‍സ് നേടിയപ്പോള്‍ നഥാന്‍ 33 പന്തില്‍ നാല് റണ്‍സ് നേടി മിന്നും ഡിഫന്റാണ് കാഴ്ചവെച്ചത്.

Content Highlight: Cheteshwar Pujara Talking About Akash Deep

We use cookies to give you the best possible experience. Learn more