|

ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് പരാജയമായിരുന്നെങ്കിലും ലോകകപ്പില്‍ ഇവര്‍ മുന്നേറും: പൂജാരെ

സ്പോര്‍ട്സ് ഡെസ്‌ക്

ഒക്ടോബര്‍ 16ന് ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിലേക്കുള്ള ടീമിനെ കഴിഞ്ഞ ദിവസമാണ് ഇന്ത്യ തീരുമാനിച്ചത്. യു.എ.ഇയില്‍ നടന്ന ഏഷ്യാ കപ്പില്‍ തോല്‍വി വഴങ്ങിയാണ് ഇന്ത്യ മടങ്ങിയതെങ്കിലും അതില്‍ നിന്ന് വലിയ മാറ്റം വരുത്താതെയാണ് ലോകകപ്പ് ടീമിനെയും തെരഞ്ഞെടുത്തിരിക്കുന്നത്.

രോഹിത് ശര്‍മക്കൊപ്പം ഓപ്പണിങ്ങിന് ആരെയിറക്കും എന്ന ചര്‍ച്ച നിലനില്‍ക്കെ ഇന്ത്യന്‍ ടീമിന്റെ തെരഞ്ഞെടുപ്പില്‍ പ്രതിഷേധിച്ചും അനുകൂലിച്ചും നിരവധിയാളുകള്‍ രംഗത്ത് വന്നിരുന്നു. രോഹിത്തിനൊപ്പം രാഹുലിനെ ഓപ്പണിങ്ങിന് ഇറക്കുന്നതാണ് നല്ലതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് പൂജാരെ.

‘പരിചയസമ്പന്നരായ താരങ്ങളാണ് ഇരുവരും. 2021ലെ ടി20 ലോകകപ്പില്‍ ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് പരാജയമായിരുന്നു. പ്രധാന മത്സരങ്ങളിലെല്ലാം ഇരുവരും നിരാശപ്പെടുത്തിയിട്ടുണ്ട്. ഈ ഓപ്പണിങ് കൂട്ടുകെട്ട് ഏഷ്യാ കപ്പിലും മികവ് പുലര്‍ത്തിയിരുന്നില്ല. എങ്കിലും ഇരുവര്‍ക്കും മികച്ച റെക്കോഡുള്ളതിനാല്‍ ഇന്ത്യ ഈ കൂട്ടുകെട്ടില്‍ മുന്നേറാന്‍ സാധ്യതയുണ്ട്,’ പൂജാരെ പറഞ്ഞു.

വിരാട് കോഹ്ലി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുന്നതാണ് നല്ലതെന്നും പൂജാരെ പറഞ്ഞു. ഏഷ്യാ കപ്പില്‍ മികച്ച ഫോമിലായിരുന്നു കോഹ്ലിയെന്നും രണ്ട് അര്‍ധസെഞ്ച്വറികളും ഒരു സെഞ്ച്വറിയും നേടിയത് കൊണ്ട് ടീമില്‍ കോഹ്ലിയുടെ സ്ഥാനം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൂര്യകുമാര്‍ യാദവ് നാലാം നമ്പറില്‍ തുടരണമെന്നാണ് പൂജാരെ പറയുന്നത്. എഴുന്നേറ്റു നിന്നാല്‍ എതിര്‍ ബൗളര്‍മാരെ കരയിപ്പിക്കുന്ന ബാറ്റ്സ്മാനാണ് സൂര്യകുമാര്‍, എന്നാല്‍ സ്ഥിരതയാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.

‘അഞ്ചാം നമ്പറില്‍ റിഷബ് പന്ത് ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമാകണം. ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ അവശേഷിക്കുന്ന ഏക ബാറ്റ്സ്മാന്‍ പന്ത് മാത്രമാണ്. അതിവേഗത്തില്‍ റണ്‍സ് നേടാനാകുമെങ്കിലും ടി-20യില്‍ ഇന്ത്യയുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. ടി-20യില്‍ 25ല്‍ താഴെയാണ് പന്തിന്റെ ബാറ്റിങ് ശരാശരി. അദ്ദേഹത്തിന്റെ ഫോമിലേക്കുള്ള തിരിച്ചുവരവ് ടി-20 ലോകകപ്പില്‍ ഇന്ത്യക്ക് നിര്‍ണായകമായിരിക്കുമെന്ന് പറയാം,’ പൂജാരെ വ്യക്തമാക്കി.

അതേസമയം, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ആറാം നമ്പറില്‍ കളിക്കണമെന്നും പന്ത് കൊണ്ടും ബാറ്റുകൊണ്ടും തിളങ്ങാന്‍ കഴിയുന്ന ഹാര്‍ദിക് ആണ് ഇന്ത്യയുടെ മാച്ച് വിന്നറെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പക്വതയോടെ കളിക്കുന്ന ഹാര്‍ദിക് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന താരമായത് കൊണ്ട് അക്സര്‍ പട്ടേലിനെ ഏഴാം നമ്പറില്‍ ഇന്ത്യ കളിപ്പിക്കേണ്ടതില്ലെന്നാണ് പൂജാരയുടെ അഭിപ്രായം. കാര്‍ത്തിക് ഫിനിഷറായി കളിക്കണമെന്നും പൂജാര അഭിപ്രായപ്പെട്ടു.

ഇന്ത്യ എട്ടാം നമ്പറില്‍ ഭുവനേശ്വര്‍ കുമാറിനെ ഇറക്കാന്‍ നിര്‍ദേശിച്ച പൂജാരെ ഒമ്പതാം നമ്പറില്‍ ഹര്‍ഷല്‍ പട്ടേലിനെ പരിഗണിച്ചു. ഇരുവരും പേസ് ഓള്‍റൗണ്ടര്‍മാരാണ്. പരിക്കിന് ശേഷം തിരിച്ചെത്തിയ ഹര്‍ഷല്‍ എങ്ങനെ പ്രകടനം നടത്തുമെന്ന് കണ്ടറിയണം.

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ പത്താം നമ്പറില്‍ കളിക്കാന്‍ നിര്‍ദേശിച്ച പൂജാരക്ക് സീനിയര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ പതിനൊന്നാം നമ്പറില്‍ കളിക്കണമെന്ന അഭിപ്രായമാണ്.

പൂജാരെയുടെ പ്ലെയിങ് ഇലവന്‍;

രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, റിഷബ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്ക്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചഹല്‍.

Content Highlight: Cheteshwar Pujara suggests Rohit Sharma and K L Rahul to be the openers in World Cup Indian team