| Saturday, 8th April 2023, 5:14 pm

നിങ്ങളിവിടെ ഐ.പി.എല്‍ കളിച്ച് നടന്നോ, ഞാന്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പണിപ്പുരയിലാ; സെഞ്ച്വറിയടിച്ച് ഞെട്ടിച്ച് പൂജാര

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റ് ലോകമൊന്നാകെ ഐ.പി.എല്ലിന്റെ ആവേശത്തിലാണ്. ഐ.പി.എല്ലിന്റെ 16ാം എഡിഷനെ ക്രിക്കറ്റ് ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.

ഐ.പി.എല്‍ കഴിഞ്ഞാലും ഇന്ത്യന്‍ ക്രിക്കറ്റ് ആരധകരുടെ ആവേശത്തിന് ഒട്ടും കുറവ് വരില്ല. ടെസ്റ്റ് ഫോര്‍മാറ്റിലും ഏകദിനത്തിലും വമ്പന്‍ ടൂര്‍ണമെന്റുകളില്‍ ഇന്ത്യ കളിക്കുന്നുണ്ട് എന്നതുതന്നെ കാരണം.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലും ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പുമാണ് ഇനി മെന്‍ ഇന്‍ ബ്ലൂവിന് മുമ്പിലുള്ളത്.

ജൂണ്‍ ഏഴ് ബുധനാഴ്ച മുതല്‍ ജൂണ്‍ 11 ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ ഓവലില്‍ വെച്ച് നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലാണ് ഇന്ത്യന്‍ ടെസ്റ്റ് ടീം ഇനി കളിക്കുക. ഫൈനലില്‍ ഓസ്‌ട്രേലിയ ആണ് എതിരാളികള്‍.

മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിങ് ഓര്‍ഡറില്‍ ശക്തമായ സാന്നിധ്യമാകാന്‍ ഒരുങ്ങുന്നത് ചേതേശ്വര്‍ പൂജാരയാണ്. പരിക്ക് വലച്ചിട്ടില്ലെങ്കില്‍ താരം കളിക്കുമെന്ന കാര്യം നൂറ് ശതമാനം ഉറപ്പുമാണ്.

ഇന്ത്യന്‍ താരങ്ങള്‍ ഇവിടെ ഐ.പി.എല്‍ കളിക്കുമ്പോള്‍ പൂജാരയാകട്ടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ‘പ്രാക്ടീസിലാണ്’. കൗണ്ടി ക്രിക്കറ്റില്‍ കളിച്ച് ടെസ്റ്റ് സ്‌കില്ലുകള്‍ മൂര്‍ച്ച വരുത്തുന്നതിന്റെ തിരക്കിലാണ് താരം.

സസക്‌സിന്റെ ക്യാപ്റ്റന്റെ റോളിലും തിളങ്ങുന്ന പൂജാര ഡുര്‍ഹാമിനെതിരായ മത്സരത്തിലാണ് ടെസ്റ്റിലെ തന്റെ ക്ലാസ് തെളിയിക്കുന്നത്. ഡുര്‍ഹാമിനെതിരെ സെഞ്ച്വറി തികച്ചായിരുന്നു പൂജാര കരുത്ത് കാട്ടിയത്.

സസക്‌സ് രണ്ട് വിക്കറ്റിന് 44 എന്ന നിലയില്‍ നില്‍ക്കവെയായിരുന്നു പൂജാര മൂന്നാമനായി ക്രിസിലെത്തിയത്. 163 പന്ത് നേരിട്ട പൂജാര 115 റണ്‍സാണ് സ്വന്തമാക്കിയത്. 13 ബൗണ്ടറിയും ഒരു സിക്‌സറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 41 റണ്‍സ് നേടിയ ഒലി കാര്‍ട്ടറാണ് സസക്‌സന്റെ രണ്ടാമത് മികച്ച സ്‌കോറര്‍.

ഡുര്‍ഹാം ഉയര്‍ത്തിയ 376 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറിന് മറുപടിയായി 335 റണ്‍സ് മാത്രമാണ് സസക്‌സിന് സ്വന്തമാക്കാന്‍ സാധിച്ചത്.

41 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഡുര്‍ഹാമിന് രണ്ട് വിക്കറ്റ് നഷ്ടമായിരിക്കുകയണ്. 17 റണ്‍സ് നേടിയ ക്യാപ്റ്റന്‍ അലക്‌സ് ലീസിന്റെയും 30 പന്തില്‍ നിന്നും നാല് റണ്‍സ് നേടിയ മൈക്കല്‍ ജോണ്‍സിന്റെയും വിക്കറ്റാണ് ഡുര്‍ഹാമിന് നഷ്ടമായത്. ക്രോകോംബെയും ഹണ്ടുമാണ് വിക്കറ്റ് സ്വന്തമാക്കിയത്.

നിലവില്‍ 15 ഓവര്‍ പിന്നിടുമ്പോള്‍ 42 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് ഡുര്‍ഹാം. നാല് റണ്‍സ് നേടിയ ബെന്‍ മെക്കിന്നിയും നാല് റണ്ണടിച്ച ഡേവിഡ് ബെഡിങ്ഹാമുമാണ് ക്രീസില്‍.

Content highlight: Cheteshwar Pujara smashes century for Sussex

We use cookies to give you the best possible experience. Learn more