ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിന്നുള്ള ടെസ്റ്റ് ടീമില്‍ നിന്നും ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാരയെ ഒഴിവാക്കിയായിരുന്നു ബി.സി.സി.ഐ ടീം പ്രഖ്യാപിച്ചത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതെ പോയതാണ് പൂജാരക്ക് പുറത്തേക്കുള്ള വഴിതുറന്നതെന്നാണ് കണക്കാക്കപ്പെടുന്നത്.
ഏറെ വിമര്‍ശനങ്ങള്‍ക്കും ഈ തീരുമാനം വഴിവെച്ചിരുന്നു. ക്രിക്കറ്റ് ലെജന്‍ഡ് സുനില്‍ ഗവാസ്‌കര്‍ അടക്കമുള്ളവര്‍ പൂജാരയെ പിന്തുണച്ചും ബി.സി.സി.ഐയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു.
ഇന്ത്യ തോറ്റതിന് പൂജാര ബലിയാടാവുകയായിരുന്നു എന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ അജിന്‍ക്യ രഹാനെയൊഴികെ ഇന്ത്യയുടെ എല്ലാ ബാറ്റര്‍മാരും പരാജയമായിരുന്നുവെന്നും അവരെയെല്ലാം നിലനിര്‍ത്തി പൂജാരയെ മാത്രം പുറത്താക്കിയതിന്റെ ഔചിത്യം തനിക്ക് മനസിലാകുന്നില്ലെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഗവാസ്‌കര്‍ പറഞ്ഞിരുന്നു.
ഈ വിമര്‍ശനങ്ങള്‍ കത്തിനില്‍ക്കുമ്പോള്‍ പൂജാര തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോ ആണ് ചര്‍ച്ചയാകുന്നത്. താന്‍ ബാറ്റിങ് പരിശീലിക്കുന്നതിന്റെ ഒമ്പത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പൂജാര പങ്കുവെച്ചിരിക്കുന്നത്. ബാറ്റിനും ബോളിനുമൊപ്പം ഹൃദയ ചിഹ്നവും ക്യാപ്ഷനായി നല്‍കിയാണ് താരം വീഡിയോ പങ്കുവെച്ചത്. നിരവധി ആരാധകരാണ് വീഡിയോക്ക് കമന്റുമായി എത്തിയിരിക്കുന്നത്.
ക്രിക്കറ്റ് ബോര്‍ഡ് പൂജാരയോട് അനീതി കാണിച്ചുവെന്നും ഈ ഒമ്പത് സെക്കന്‍ഡില്‍ അദ്ദേഹത്തിന് പറയാനുള്ളത് എല്ലാം തന്നെയുണ്ടെന്നും തുടങ്ങി ആരാധകരുടെ കമന്റുകള്‍ നീളുകയാണ്.
ജൂലൈ 12ന് ഡൊമനിക്കയിലെ വിന്‍ഡ്‌സണ്‍ പാര്‍ക്കിലെ ആദ്യ ടെസ്റ്റ് മത്സരത്തിലൂടെയാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിന് തുടക്കമാകുന്നത്. ജൂലൈ 20നാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ്. ക്യൂന്‍സ് പാര്‍ക് ഓവലാണ് വേദി. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-2025 സൈക്കിളിലെ ഇന്ത്യയുടെ ആദ്യ മത്സരം കൂടിയാണ് ഇത്.
രണ്ട് ടെസ്റ്റിന് പുറമെ മൂന്ന് ഏകദിനവും അഞ്ച് ടി-20യും ഇന്ത്യ കരീബിയന്‍ മണ്ണില്‍ കളിക്കും.