| Saturday, 25th May 2024, 10:27 pm

വന്‍മതില്‍ പടുത്തുയര്‍ത്തി ചേതേശ്വര്‍ പൂജാര; ഇംഗ്ലണ്ട് മണ്ണില്‍ ചരിത്രമെഴുതി പടുകൂറ്റന്‍ സ്‌കോറിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ വീണ്ടും സെഞ്ച്വറി നേടി സൂപ്പര്‍ താരം ചേതേശ്വര്‍ പൂജാര. മിഡില്‍സെക്‌സിനെതിരെ നടക്കുന്ന മത്സരത്തില്‍ സസക്‌സിന് വേണ്ടിയാണ് പൂജാര സെഞ്ച്വറി നേടിയത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ താരത്തിന്റെ 65ാം സെഞ്ച്വറിയാണ് മിഡില്‍സെക്‌സിനെതിരെ ലോര്‍ഡ്‌സില്‍ കുറിക്കപ്പെട്ടത്.

മത്സരത്തില്‍ ടോസ് നേടിയ മിഡില്‍സെക്‌സ് നായകന്‍ ലൂയിസ് ഡി പ്ലൂയ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

മോശമല്ലാത്ത തുടക്കമാണ് മത്സരത്തില്‍ സസക്‌സിന് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ ടോം ക്ലാര്‍ക്കും ടോം ഹെയ്‌നെസും ചേര്‍ന്ന് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

ടീം സ്‌കോര്‍ 66ല്‍ നില്‍ക്കവെ ഹെയ്‌നെസിനെ പുറത്താക്കി ഈഥന്‍ ബാംബെറാണ് കൂട്ടുകെട്ട് പൊളിച്ചത്. 37 പന്തില്‍ 40 റണ്‍സാണ് താരം നേടിയത്.

സ്‌കോര്‍ ബോര്‍ഡില്‍ 80 റണ്‍സ് പിറന്നതിന് പിന്നാലെ ടോം ക്ലാര്‍ക്കിന്റെ വിക്കറ്റും 92 ആയപ്പോള്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയ ടോം അല്‍സോപ്പിന്റെ വിക്കറ്റും സസക്‌സിന് നഷ്ടമായി. ക്ലാര്‍ക് 62 പന്തില്‍ 32 റണ്‍സ് നേടിയപ്പോള്‍ 45 പന്തില്‍ 11 റണ്‍സാണ് അല്‍സോപ്പിന്റെ സമ്പാദ്യം.

നാലാം നമ്പറില്‍ ക്രീസിലെത്തിയ ചേതേശ്വര്‍ പൂജാര സ്‌കോര്‍ ഉയര്‍ത്താനുള്ള ചുമതലയേറ്റെടുത്തു. അഞ്ചാം നമ്പറിലെത്തിയ ജെയിംസ് കോള്‍സിനെ ഒപ്പം കൂട്ടി ഇന്ത്യന്‍ സൂപ്പര്‍ താരം സ്‌കോര്‍ ഉയര്‍ത്തി.

39 പന്തില്‍ 33 റണ്‍സുമായി കോള്‍സ് പുറത്തായെങ്കിലും മറുവശത്ത് പൂജാര ഉറച്ചു നിന്നു. കോള്‍സിന് ശേഷം ക്യാപ്റ്റന്‍ ജോണ്‍ സിംസണാണ് കളത്തിലിറങ്ങിയത്. സസക്‌സ് സ്‌കോറിന് അടിത്തറയിട്ട കൂട്ടുകെട്ടാണ് ശേഷം ലോര്‍ഡ്‌സ് കണ്ടത്.

ഒരു വശത്ത് പൂജാരയും മറുവശത്ത് സിംസണും നങ്കൂരമിട്ടതോടെ മിഡില്‍സെക്‌സ് ബൗളര്‍മാര്‍ പരുങ്ങി. പ്യുവര്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ ബാറ്റ് വീശിയാണ് ഇരുവരും സ്‌കോര്‍ ചലിപ്പിച്ചത്. 200 റണ്‍സിന്റെ കൂട്ടുകെട്ടാണ് പൂജാരയും ക്യാപ്റ്റനും ചേര്‍ന്ന് സ്വന്തമാക്കിയത്.

ടീം സ്‌കോര്‍ 164ല്‍ ഒന്നിച്ച ഇരുവരുടെയും കൂട്ടുകെട്ട് പിരിയുന്നത് 387ലാണ്. 302 പന്തില്‍ 129 റണ്‍സടിച്ച പൂജാരയെ പുറത്താക്കി നഥാന്‍ ഫെര്‍ണാണ്ടസാണ് മിഡില്‍സെക്‌സിന് ആശ്വാസമായത്. 15 ബൗണ്ടറികളാണ് പൂജാരയുടെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

പിന്നാലെയെത്തിയ ഫിന്‍ ഹഡ്‌സണ്‍ 39 പന്തില്‍ 28 റണ്‍സ് നേടി.

നേരിട്ട 336ാം പന്തിലാണ് സിംസണ്‍ മടങ്ങുന്നത്. 16 ബൗണ്ടറികളുടെ അകമ്പടിയോടെ 55.06 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 167 റണ്‍സാണ് താരം നേടിയത്.

ലോവര്‍ ഓര്‍ഡറില്‍ ഡാനി ലാംബ് അര്‍ധ സെഞ്ച്വറിക്ക് തൊട്ടരികെലത്തി വീണു. 89 പന്തില്‍ 49 റണ്‍സാണ് ലാംബിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

165ാം ഓവറിലെ മൂന്നാം പന്തില്‍ ലാംബ് പുറത്തായതിന് പിന്നാലെ സസക്‌സ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 554/9 എന്ന നിലയിലാണ് സസക്‌സ് ആദ്യ ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

Content Highlight: Cheteshwar Pujara scored 65th first class century

We use cookies to give you the best possible experience. Learn more