| Thursday, 5th December 2024, 9:18 am

ക്രിക്കറ്റിനെ കുറിച്ച് ഞങ്ങള്‍ ഒരക്ഷരം പോലും സംസാരിച്ചില്ല; ഇന്ത്യന്‍ ടീം ആ നാണക്കേട് മറികടന്നതെങ്ങനെയെന്ന് പൂജാര

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം മത്സരത്തിന് കളമൊരുങ്ങുകയാണ്. അഡ്‌ലെയ്ഡില്‍ നടക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റ് ഡേ-നൈറ്റ് മാതൃകയിലാണ് ഇന്ത്യ കളിക്കുക.

ഇതിന് മുമ്പ് നാല് പിങ്ക് ബോള്‍ ടെസ്റ്റുകളാണ് ഇന്ത്യ കളിച്ചത്. ഇതില്‍ മൂന്ന് മത്സരം വിജയിച്ചപ്പോള്‍ ഒന്നില്‍ പരാജയപ്പെടുകയും ചെയ്തു. ഈ തോല്‍വി വഴങ്ങിയതാകട്ടെ 2020 പര്യടനത്തില്‍ ഇതേ അഡ്‌ലെയ്ഡില്‍ ഇതേ ഓസ്‌ട്രേലിയക്കെതിരെയും.

ഇന്ത്യന്‍ ആരാധകര്‍ മറക്കാന്‍ ആഗ്രഹിക്കുന്ന മത്സരമായിരുന്നു അത്. ഹെയ്‌സല്‍വുഡും പാറ്റ് കമ്മിന്‍സും കത്തിക്കയറിയപ്പോള്‍ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മോശം ഇന്നിങ്‌സ് സ്‌കോറായ 36 റണ്‍സിന് ഇന്ത്യ പുറത്തായി. ആ പരമ്പരയില്‍ ഇന്ത്യ വിജയിച്ചെങ്കിലും ഈ പരാജയം കളങ്കമായി അവശേഷിച്ചു.

ആ പരാജയത്തെ എങ്ങനെയാണ് ടീം മറികടന്നതെന്ന് പറയുകയാണ് ഇന്ത്യന്‍ സൂപ്പര്‍ താരം ചേതേശ്വര്‍ പൂജാര. ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആ ആഘാതം മറികടക്കാന്‍ 24-48 ഓവറുകള്‍ വേണ്ടി വന്നു. എന്നാല്‍ ഇതിലെ ഏറ്റവും മികച്ച ഭാഗമെന്തെന്നാല്‍ മത്സരശേഷം ഒരു ടീം ഡിന്നര്‍ ഒരുക്കിയിരുന്നു. അവിടെ ഞങ്ങള്‍ ക്രിക്കറ്റിനെ കുറിച്ച് ഒന്നും തന്നെ സംസാരിച്ചിരുന്നില്ല. ഞങ്ങള്‍ ഒന്നിച്ച് സമയം ചെലവഴിക്കുകയും ആസ്വദിക്കുകയും ചെയ്തു. അടുത്ത മത്സരത്തിനുള്ള പ്രാക്ടീസ് ആരംഭിച്ചപ്പോള്‍ മാത്രമാണ് ഞങ്ങള്‍ ക്രിക്കറ്റിനെ കുറിച്ച് സംസാരിച്ചത്.

ഒന്നിച്ചുള്ള ആ സമയം അത്രത്തോളം പ്രധാനപ്പെട്ടതായിരുന്നു. കാരണം നിങ്ങള്‍ ഇത്തരത്തില്‍ ഒരു മത്സരം പരാജയപ്പെടുമ്പോള്‍ താരങ്ങള്‍ സ്വയം ചുരുങ്ങുകയും പരസ്പരം പഴി ചാരുകയും ചെയ്‌തേക്കും. നെഗറ്റീവ് ചിന്തകളാല്‍ ചുറ്റപ്പെടും.

ടീം ഡിന്നറിന്റെ സമയത്ത് ഞങ്ങള്‍ ക്രിക്കറ്റിനെ കുറിച്ച് സംസാരിച്ചില്ല, എവിടെയാണ് ഞങ്ങള്‍ക്ക് പിഴച്ചത് എന്ന് അവലോകനം ചെയ്തില്ല, ഡിന്നറിന് ശേഷം ഇനിയെന്ത് എന്ന് പോലും ഞങ്ങള്‍ സംസാരിച്ചിരുന്നില്ല. ഞങ്ങള്‍ ആ നിമിഷത്തില്‍ ജീവിക്കുകയും, ആ നിമിഷം ആസ്വദിക്കുകയും ചെയ്തു. ക്രിക്കറ്റിലേക്ക് മാറുന്നതിന് മുമ്പ് ഞങ്ങള്‍ വളരെ മികച്ച ഒരു രാത്രി ആസ്വദിച്ചു,’ പൂജാര കൂട്ടിച്ചേര്‍ത്തു.

മെല്‍ബണില്‍ നടന്ന അടുത്ത മത്സരം വിജയിച്ചപ്പോഴാണ് പരമ്പര നേടാന്‍ സാധിക്കുമെന്ന വിശ്വാസമുണ്ടായത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മെല്‍ബണില്‍ നടന്ന അടുത്ത മത്സരത്തില്‍ ഞങ്ങള്‍ വിജയിക്കുകയും പരമ്പര സമനിലയിലെത്തിക്കുകയും ചെയ്തു. അവിടം മുതലാണ് ഈ പരമ്പര വിജയിക്കാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി ചിന്തിച്ചുതുടങ്ങിയത്,’ പൂജാര പറഞ്ഞു.

ആ പരമ്പര ഇന്ത്യ 2-1ന് വിജയിക്കുകയും തുടര്‍ച്ചയായ രണ്ടാം തവണ ഓസ്‌ട്രേലിയന്‍ മണ്ണില്‍ കപ്പുയര്‍ത്തുകയും ചെയ്തു.

ഇന്ത്യ-ഓസ്‌ട്രേലിയ അഡ്‌ലെയ്ഡ് ടെസ്റ്റ് 2020

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഇരുണ്ട അധ്യായമാണ് 2020ല്‍ ഓസ്‌ട്രേലിയ അഡ്‌ലെയ്ഡില്‍ എഴുതിച്ചേര്‍ത്തത്. ആദ്യ ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കിയതിന് ശേഷമായിരുന്നു ഇന്ത്യ എട്ട് വിക്കറ്റ് തോല്‍വിയിലേക്ക് വഴുതി വീണത്.

സ്‌കോര്‍

ഇന്ത്യ: 244 & 36

ഓസ്ട്രേലിയ: 191 & 93/2 (T:90)

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ഇന്നിങ്സിന്റെ കരുത്തില്‍ ഇന്ത്യ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. വിരാട് 180 പന്തില്‍ 74 റണ്‍സ് നേടി പുറത്തായി. 160 പന്തില്‍ 43 റണ്‍സടിച്ച ചേതേശ്വര്‍ പൂജാരയും 92 പന്തില്‍ 42 റണ്‍സടിച്ച അജിന്‍ക്യ രഹാനെയും തങ്ങളുടെ സംഭാവനകള്‍ നല്‍കി.

ലീഡ് നേടാനുറച്ച് കളത്തിലിറങ്ങിയ ഓസീസിന് തൊട്ടതെല്ലാം പിഴച്ചു. ക്യാപ്റ്റന്‍ ടിം പെയ്നിനും മാര്‍നസ് ലബുഷാനും മാത്രമാണ് ചെറുത്തുനില്‍ക്കാന്‍ സാധിച്ചത്. പെയ്ന്‍ 73 റണ്‍സടിച്ചപ്പോള്‍ ലബുഷാന്‍ 47 റണ്‍സും നേടി പുറത്തായി.

അശ്വിന്‍ നാല് വിക്കറ്റെടുത്ത് കങ്കാരുപ്പടയെ തകര്‍ത്തെറിഞ്ഞു. ഉമേഷ് യാദവ് മൂന്നും ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റും നേടി.

ലീഡുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യയെ ഞെട്ടിച്ച് ആതിഥേയര്‍ വേട്ട തുടങ്ങി. പാറ്റ് കമ്മിന്‍സ് തുടങ്ങി വെച്ച വിക്കറ്റ് വേട്ട ജോഷ് ഹെയ്സല്‍വുഡും ഏറ്റെടുത്തു. ഹെയ്സല്‍വുഡ് ഫൈഫര്‍ തികച്ചപ്പോള്‍ നാല് വിക്കറ്റാണ് കമ്മിന്‍സ് സ്വന്തമാക്കിയത്.

രണ്ടാം ഇന്നിങ്സില്‍ ഇന്ത്യന്‍ നിരയില്‍ ഒരാള്‍ പോലും രണ്ടക്കം കണ്ടിരുന്നില്ല. ഒമ്പത് റണ്‍സ് നേടിയ മായങ്ക് അഗര്‍വാളാണ് ടോപ് സ്‌കോറര്‍.

ഇന്ത്യ ഉയര്‍ത്തിയ 90 റണ്‍സിന്റെ വിജയലക്ഷ്യം ഓസീസ് രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടക്കുകയായിരുന്നു.

Content highlight: Cheteshwar Pujara says how Indian team overcomed 2020 Adelaide test loss

Latest Stories

We use cookies to give you the best possible experience. Learn more