അടുത്തിടെ നടന്ന രഞ്ജി ട്രോഫി മത്സരത്തില്‍ സൗരാഷ്ട്രക്ക് വേണ്ടി 91 റണ്‍സിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ ബാറ്റര്‍ ചേതേശ്വര്‍ പൂജാര പുറത്തെടുത്തത്. രഞ്ജി ട്രോഫിയില്‍ ഉടനീളം താരം മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്. കഴിഞ്ഞ വിജയ് ഹസാര ട്രോഫിയിലും താരത്തിന്റെ സെഞ്ച്വറികള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോള്‍ ഇംഗ്ലണ്ടുമായി നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ താരത്തെ മാറ്റിനിര്‍ത്തുകയാണ്. ആഭ്യന്തര ക്രിക്കറ്റ് രംഗത്ത് മികച്ച പ്രകടനം നടത്തിയിട്ടും എന്തുകൊണ്ടാണ് താരത്തെ ടീമില്‍ എടുക്കാത്തത് എന്ന് ചോദ്യം ഉയരുന്നുണ്ട്. ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പരാജയപ്പെടുകയായിരുന്നു. ടീമിലെ മുന്‍ നിര കളിക്കാരായ വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവര്‍ ഇല്ലാതെയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിന് ഒരുങ്ങുന്നത്.
സര്‍വീസസിനെതിരായ പൂജാരയുടെ പ്രകടനം നിര്‍ണായകമായിരുന്നു. 91 റണ്‍സ് നേടിയാണ് താരം മികച്ച പ്രകടനം കാഴ്ചവെച്ചത്. നിര്‍ഭാഗ്യവശാല്‍ തന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഇരുപതാം സെഞ്ച്വറി പൂര്‍ത്തീകരിക്കാന്‍ താരത്തില്‍ കഴിഞ്ഞില്ല. നട്ടെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്ന് താല്‍ക്കാലികമായി വിരമിക്കല്‍ സാധ്യതകള്‍ നിലനില്‍ക്കെയാണ് താരം ക്രീസിലേക്ക് വന്നതും. ശേഷം എല്ലാ വെല്ലുവിളികളും മറികടന്നാണ് പൂജാര കളത്തില്‍ നിറഞ്ഞാടിയത്.
ഇതോടെ മറ്റൊരു നേട്ടവും താരത്തിന് വന്നു ചേര്‍ന്നിരിക്കുകയാണ്. രഞ്ജി ട്രോഫിയില്‍ 7000 റണ്‍സ് തികക്കുന്ന രണ്ടാമത്തെ സൗരാഷ്ട്ര ബാറ്ററായി മാറാനാണ് താരത്തിന് സാധിച്ചത്. സര്‍വീസിനെതിരെ സൗരാഷ്ട്ര 382 റണ്‍സിന്റെ പരാജയം നേരിട്ടെങ്കിലും പൂജാരയുടെ പോരാട്ടവീര്യം ഏറെ ശ്രദ്ധേയമായിരുന്നു.
Content Highlight: Cheteshwar Pujara proved his strength again