| Tuesday, 19th July 2022, 5:58 pm

ഇന്ത്യയിലില്‍ അല്ലേ പറ്റാത്തതുള്ളൂ, അത് ഇംഗ്ലണ്ടില്‍ നേടും; ഇംഗ്ലീഷ് ടീമിന്റെ ക്യാപ്റ്റനായി ചേതേശ്വര്‍ പൂജാര

സ്പോര്‍ട്സ് ഡെസ്‌ക്

മോഡേണ്‍ ഡേ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് ചേതേശ്വര്‍ പൂജാര. ഇപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റിനെ ഇത്രത്തോളം സ്‌നേഹിക്കുന്ന ഏതെങ്കിലും ഇന്ത്യന്‍ ബാറ്ററുണ്ടാവാനും സാധ്യത കുറവാണ്.

ഒരിക്കല്‍ പുറന്തള്ളപ്പെട്ട ഇന്ത്യയുടെ റെഡ് ബോള്‍ ടീമിലേക്ക് മടങ്ങിവരാന്‍ കൂടിയായിരുന്നു പൂജാര ഐ.പി.എല്‍ ഉപേക്ഷിച്ച് ഇംഗ്ലണ്ടിലേക്ക് വിമാനം കയറിയത്. ഇംഗ്ലീഷ് ആഭ്യന്തര ക്രിക്കറ്റിന്റെ വിളനിലമായ കൗണ്ടിയില്‍ കളിക്കാനായിരുന്നു താരം ഇംഗ്ലണ്ടിലെത്തിയത്.

മികച്ച പ്രകടനമായിരുന്നു താരം കൗണ്ടിയില്‍ നടത്തിയത്. ഒന്നിന് പിന്നാലെ ഒന്നായി സസക്‌സിന് വേണ്ടി സെഞ്ച്വറിയടിച്ചുകൂട്ടി താരം ഇന്ത്യന്‍ സെലക്ടര്‍മാരുടെ ശ്രദ്ധനേടിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ – ഇംഗ്ലണ്ട് എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ടീമിലെത്തിയ പൂജാര മികച്ച പ്രകടനവും കാഴ്ചവെച്ചിരുന്നു.

ഇപ്പോഴിതാ, കൗണ്ടിയില്‍ പുതിയ ഒരു ഉത്തരവാദിത്തമാണ് താരത്തെ തേടിയെത്തിയിരിക്കുന്നത്. ഇംഗ്ലണ്ട് ടീമായ സസക്‌സിന്റെ ക്യാപ്റ്റനാണ് പൂജാരയിപ്പോള്‍.

സസക്‌സ് ക്യാപ്റ്റന്‍ ടോം ഹൈനസ് പരിക്കേറ്റ് പുറത്തായതോടെയാണ് പൂജാര ടീമിന്റെ നായകനായിരിക്കുന്നത്. കൈക്ക് പൊട്ടലേറ്റ ഹൈനസ് ആറ് ആഴ്ചയോളം പുറത്തായിരിക്കും. ഇക്കാലയളവിലാണ് പൂജാര സസക്‌സിനെ നയിക്കുക.

സസക്‌സിന്റെ നായകസ്ഥാനമേറ്റെടുക്കാന്‍ പൂജാര എന്തുകൊണ്ടും യോഗ്യനാണെന്നായിരുന്നു സസക്‌സിന്റെ പ്രധാന പരിശീലകന്‍ ഇയാന്‍ സാലിസ്ബറി പറഞ്ഞത്.

‘ടോമിന്റെ അഭാവത്തില്‍ നായകസ്ഥാനമേറ്റെടുക്കാന്‍ പൂജാരയ്ക്ക് ഏറെ താത്പര്യമുണ്ടായിരുന്നു. അവന് അതിനുള്ള പൊട്ടന്‍ഷ്യലുണ്ട്. ടീമിനൊപ്പം ചേര്‍ന്നത് മുതല്‍ക്കുതന്നെ ഒരു ബോണ്‍ ലീഡറാണെന്ന് അവന്‍ തെളിയിച്ചിരുന്നു,’ സാലിസ്ബറി പറഞ്ഞു.

സീസണില്‍ സസക്‌സിന്റെ ഏറ്റവും മികച്ച താരമായിരുന്നു പൂജാര. ആറ് മത്സരങ്ങളില്‍ നിന്നുമായി 766 റണ്‍സാണ് താരം സ്വന്തമാക്കിയത്.

നാല് സെഞ്ച്വറിയും ഒരു ഡബിള്‍ സെഞ്ച്വറിയുമടക്കം 109.42 ശരാശരിയിലായിരുന്നു താരം റണ്ണടിച്ചുകൂട്ടിയത്. 203 ആയിരുന്നു പൂജാരയുടെ ഉയര്‍ന്ന സ്‌കോര്‍.

പൂജാരയ്ക്ക് പുറമെ മറ്റ് പല ഇന്ത്യന്‍ താരങ്ങളും കൗണ്ടി കളിക്കാന്‍ ഇംഗ്ലണ്ടിലേക്ക് പറന്നിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ സ്റ്റാര്‍ പേസര്‍ നവ്ദീപ് സെയ്‌നിയായിരുന്നു അവസാനം കൗണ്ടി കളിക്കാന്‍ കരാറിലെത്തിയത്.

ഇവര്‍ക്ക് പുറമെ വാഷിങ്ടണ്‍ സുന്ദര്‍, ക്രുണാല്‍ പാണ്ഡ്യ, ഉമേഷ് യാദവ് എന്നിവരാണ് ഇംഗ്ലീഷ് മണ്ണില്‍ കളിക്കുന്നുണ്ട്.

വാഷിങ്ടണ്‍ സുന്ദര്‍ ലങ്കാഷെയറിന് വേണ്ടിയും ക്രുണാല്‍ പാണ്ഡ്യ വാര്‍വിക് ഷെയറിന് വേണ്ടിയും ഉമേഷ് യാദവ് മിഡില്‍സ്എക്സിനൊപ്പവും നവ്ദീപ് സെയ്‌നി കെന്റിന് വേണ്ടിയുമാണ് കളിക്കാനിറങ്ങുന്നത്.

Content Highlight:  Cheteshwar Pujara Named County Team Sussex’s Interim Captain

We use cookies to give you the best possible experience. Learn more