| Thursday, 21st November 2024, 12:08 pm

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ചേതേശ്വര്‍ പൂജാര; ബോര്‍ഡര്‍ ഗവാസ്‌കറില്‍ മാസ് എന്‍ട്രി

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ഹോം അഡ്വാന്റേജ് പൂര്‍ണമായും മുതലെടുക്കാന്‍ ഉറച്ചുതന്നെയാകും കങ്കാരുപ്പട പിച്ചൊരുക്കുക. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ സ്വപ്നം കാണുന്ന ഓസ്‌ട്രേലിയക്ക് ഈ സൈക്കിളില്‍ സ്വന്തം തട്ടകത്തില്‍ ഇന്ത്യയോടുള്ള പരമ്പര നിര്‍ണായകമാണ്.

ന്യൂസിലാന്‍ഡിനെതിരെ മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെട്ട ഇന്ത്യയുടെ മുന്നിലും ബോര്‍ഡര്‍ ഗവാസ്‌കര്‍ നിര്‍ണായകമാണ്. മാത്രമല്ല കഴിഞ്ഞ മൂന്ന് ബോര്‍ഡര്‍ ഗവാസ്‌കറിലും ഇന്ത്യയായിരുന്നു വിജയം സ്വന്തമാക്കിയത്.

ഈ തവണ പ്രധാന താരമായ ചേതേശ്വര്‍ പൂജാരയെ ബോര്‍ഡര്‍ ഗവാസ്‌കറില്‍ നിന്ന് ഒഴിവാക്കിയതിനെതുടര്‍ന്ന് വലിയ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് സന്തോഷിക്കാനുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ ഹിന്ദി കമന്റേറ്ററായി പൂജാര എത്തുമെന്നാണ് പുതിയ വിവരങ്ങള്‍.

കഴിഞ്ഞ രണ്ട് പര്യടനങ്ങളിലും പൂജാരയുടെ പ്രതിരോധം ബൗളര്‍മാരെ കുഴക്കിയിരുന്നു. കൂടുതല്‍ റണ്‍സ് നേടിയില്ലെങ്കിലും വിക്കറ്റ് നഷ്ടപ്പെടുത്താതെ ക്രീസില്‍ തുടരുന്ന സ്ട്രാറ്റജിക്ക് മുന്നില്‍ എതിരാളികളെ തളര്‍ത്താന്‍ കഴിയുന്ന മികവാണ് പൂജാരയെ വ്യത്യസ്തനാക്കുന്നത്.

2018-19 പരമ്പരയില്‍ ഏഴ് ഇന്നിങ്‌സുകളില്‍ നിന്ന് മൂന്ന് സെഞ്ച്വറികളടക്കം 521 റണ്‍സ് പൂജാര നേടിയിരുന്നു. ശേഷമുള്ള പര്യടനത്തില്‍ വലംകയ്യന്‍ ബാറ്റര്‍ എട്ട് ഇന്നിങ്‌സുകളില്‍ നിന്ന് മൂന്ന് അര്‍ധ സെഞ്ച്വറികളുടെ സഹായത്തോടെ 271 റണ്‍സും നേടി. 2018-19 പര്യടനത്തില്‍ 1258 പന്തുകളും 2020-21ല്‍ 928 പന്തുകളുമാണ് താരം നേരിട്ടത്.

ടെസ്റ്റില്‍ 103 മത്സരത്തിലെ 176 ഇന്നിങ്‌സില്‍ നിന്ന് പൂജാര 7195 റണ്‍സാണ് സ്വന്തമാക്കിയത്. 206* എന്ന ഉയര്‍ന്ന സ്‌കോറില്‍ 20.5 ശരാശരിയും 99.7 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. 19 സെഞ്ച്വറിയും 35 അര്‍ധ സെഞ്ച്വറിയും ഫോര്‍മാറ്റില്‍ താരത്തിന് ഉണ്ട്.

Content Highlight: Cheteshwar Pujara In New Role At Border Gavasker Trophy

We use cookies to give you the best possible experience. Learn more