ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ഇന്ത്യന്‍ ടീമിന്റെ ബൗളിങ് നിരയ്ക്ക് ശക്തി പോരാ എന്ന അഭിപ്രായവുമായി സൂപ്പര്‍ താരം ചേതേശ്വര്‍ പൂജാര. ടോപ് ഓര്‍ഡറിന് കാര്യമായ സംഭാവനകള്‍ നല്‍കാന്‍ സാധിക്കുന്നില്ലെങ്കിലും ഇന്ത്യയുടെ ബാറ്റിങ് നിര താരതമ്യേന ശക്തമാണെന്നും പൂജാര അഭിപ്രായപ്പെട്ടു.
സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നടന്ന മാച്ച് അനാലിസിസില്‍ സംസാരിക്കുകയായിരുന്നു പൂജാര.
‘ഇന്ത്യയുടെ ബൗളിങ് നിര അല്‍പ്പം ദുല്‍ബലമാണ് എന്നതാണ് എന്റ ഏറ്റവും വലിയ ആശങ്ക. ബാറ്റിങ് നിര മെച്ചമാണ്. ടീമിന്റെ ടോപ് ഓര്‍ഡറിന് കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ പോലും.
എന്നാല്‍ ടീമിന്റെ മിഡില്‍ ഓര്‍ഡറും ലോവര്‍ ഓര്‍ഡറും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. രവീന്ദ്ര ജഡേജ, നിതീഷ് (നിതീഷ് കുമാര്‍ റെഡ്ഡി), ടെയ്ല്‍ എന്‍ഡേഴ്‌സായ ബുംറയും ആകാശ് ദീപും പോലും ബാറ്റിങ്ങില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കുന്നു.
ഇപ്പോള്‍ ബൗളിങ്ങില്‍ ദൗര്‍ബല്യം നിലനില്‍ക്കുന്നു, അപ്പോള്‍ എങ്ങനെയാണ് നിങ്ങള്‍ ടീം കെട്ടിപ്പടുക്കുക? ഇതാണ് ഒരു പ്രധാന ചോദ്യം, കാരണം നിങ്ങള്‍ക്ക് നിതീഷിനെ പുറത്തിരുത്താന്‍ സാധിക്കില്ല, നിങ്ങള്‍ക്ക് ജഡേജയെ പുറത്തിരുത്താന്‍ സാധിക്കില്ല, അപ്പോള്‍ എന്തായിരിക്കും നിങ്ങളുടെ ടീം കോമ്പിനേഷന്‍,’ പൂജാര കൂട്ടിച്ചേര്‍ത്തു.
ബാറ്റിങ്ങില്‍ കെ.എല്‍. രാഹുല്‍ ഒഴികെയുള്ള ഒരാള്‍ക്ക് പോലും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നില്ല. യശസ്വി ജെയ്‌സാളും വിരാട് കോഹ്‌ലിയും പെര്‍ത്ത് ടെസ്റ്റില്‍ സെഞ്ച്വറി നേടിയെങ്കിലും അടുത്ത രണ്ട് മത്സരത്തിലും ഈ ഫോമിന്റെ നിഴല്‍ പോലും ഇവര്‍ക്ക് മേല്‍ വീണിരുന്നില്ല.
ശുഭ്മന്‍ ഗില്‍, റിഷബ് പന്ത്, രോഹിത് ശര്‍മ തുടങ്ങി ബാറ്റര്‍മാരെല്ലാം തന്നെ ജൂനിയര്‍ – സീനിയര്‍ വ്യത്യാസമില്ലാതെ നിരാശപ്പെടുത്താന്‍ മത്സരിക്കുകയാണ്.
അതേസമയം, പരമ്പരയിലെ നാല്, അഞ്ച് മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡ് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. വിരമിച്ച അശ്വിന് പകരക്കാരനായി തനുഷ് കോട്ടിയനെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ടീം ഒരുക്കിയിരിക്കുന്നത്. സൂപ്പര്‍ താരം മുഹമ്മദ് ഷമിയെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല.
നാല്, അഞ്ച് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്
അതേസമയം, പരമ്പരിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇരു ടീമുകളും 1-1ന് ഒപ്പത്തിനൊപ്പമാണ്. പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ 295 റണ്‍സിന്റെ കൂറ്റന്‍ ജയം നേടിയപ്പോള്‍ രണ്ടാം ടെസ്റ്റില്‍ പത്ത് വിക്കറ്റിന് വിജയിച്ച് ഓസീസ് തിരിച്ചടിച്ചു. ബ്രിസ്ബെയ്നിലെ ഗാബയില്‍ നടന്ന മൂന്നാം മത്സരം സമനിലയില്‍ അവസാനിക്കുകയും ചെയ്തു.
Content Highlight: Cheteshwar Pujara highlights India’s weakness heading into 4th test