സച്ചിനൊന്നും ചിത്രത്തില്‍ പോലുമില്ല, ഇവനെ തൊടാന്‍ പോലുമാകാതെ ഇന്ത്യയുടെ ഇതിഹാസങ്ങള്‍; പൂജാര കുതിക്കുന്നു
Sports News
സച്ചിനൊന്നും ചിത്രത്തില്‍ പോലുമില്ല, ഇവനെ തൊടാന്‍ പോലുമാകാതെ ഇന്ത്യയുടെ ഇതിഹാസങ്ങള്‍; പൂജാര കുതിക്കുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 11th January 2024, 7:08 pm

രഞ്ജി ട്രോഫിയുടെ പുതിയ സീസണില്‍ ഇരട്ട സെഞ്ച്വറി നേടിക്കൊണ്ടാണ് ചേതേശ്വര്‍ പൂജാര തന്റെ 2024 കലണ്ടര്‍ ഇയറിന് തുടക്കം കുറിച്ചത്. ജാര്‍ഖണ്ഡിനെതിരെ സൗരാഷ്ട്രക്ക് വേണ്ടിയാണ് പൂജാര ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

നാലാം നമ്പറില്‍ കളത്തിലിറങ്ങി 356 പന്ത് നേരിട്ട് പുറത്താകാതെ 243 റണ്‍സാണ് പൂജാര നേടിയത്. ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റിലെ 17ാം ഇരട്ട സെഞ്ച്വറിയാണ് പൂജാര ജാര്‍ഖണ്ഡിനെതിരെ കുറിച്ചത്.

ഇതോടെ ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം ഇരട്ട സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ ബാറ്റര്‍ എന്ന തന്റെ തന്നെ റെക്കോഡ് അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് പൂജാര. ഇന്ത്യന്‍ ഇതിഹാസതാരങ്ങളെ ഏറെ ദൂരം പിറകിലാക്കിയാണ് പൂജാര ഒന്നാം സ്ഥാനത്ത് തുടരുന്നത്.

 

ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം ഇരട്ട സെഞ്ച്വറി നേടിയ താരങ്ങള്‍

(താരം – നേടിയ ഇരട്ട സെഞ്ച്വറികള്‍ എന്നീ ക്രമത്തില്‍)

ചേതേശ്വര്‍ പൂജാര – 17

കെ.എസ്. രഞ്ജിത് സിങ്ജി – 14

വിജയ് മെര്‍ച്ചന്റ് – 11

വിജയ് ഹസാരെ – 10

സുനില്‍ ഗവാസ്‌കര്‍ – 10

രാഹുല്‍ ദ്രാവിഡ് – 10

ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ 258 മത്സരത്തിലെ 426 ഇന്നിങ്‌സില്‍ നിന്നും 19,812 റണ്‍സാണ് പൂജാര സ്വന്തമാക്കിയത്. രഞ്ജിയിലും കൗണ്ടിയിലുമായാണ് പൂജാര റണ്‍സ് നേടിയത്. സൗരാഷ്ട്ര, സസക്‌സ്, യോര്‍ക്

ഷെയര്‍, ഡെര്‍ബിഷെയര്‍ തുടങ്ങിയ വിവിധ ടീമുകള്‍ക്കായി കരിയറില്‍ താരം ബാറ്റേന്തിയിട്ടുണ്ട്.

 

 

അതേസമയം, ജാര്‍ഖണ്ഡിനെതിരായ മത്സരം സമനിലയില്‍ കലാശിച്ചിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ജാര്‍ഖണ്ഡ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇതോടെയാണ് നാല് ദിവസത്തിനുള്ളില്‍ മത്സരം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നത്.

സ്‌കോര്‍

ജാര്‍ഖണ്ഡ് – 124 & 306/3

സൗരാഷ്ട്ര – 578/4 d

രഞ്ജിയില്‍ ഹരിയാനക്കെതിരെയാണ് സൗരാഷ്ട്രയുടെ അടുത്ത മത്സരം. ജനുവരി 12ന് നടക്കുന്ന മത്സരത്തിന് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം സിയാണ് വേദി.

 

Content highlight: Cheteshwar Pujara has most First Class Double Centuries among Indian batters