ദുലീപ് ട്രോഫി സെമി ഫൈനലില്‍ സെന്‍ട്രല്‍ സോണിനെതിരെ മികച്ച സ്‌കോറാണ് വെസ്റ്റ് സോണ്‍ പടുത്തുയര്‍ത്തുന്നത്. മൂന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ 92 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സാണ് വെസ്റ്റ് സോണ്‍ നേടിയത്. ആദ്യ ഇന്നിങ്‌സില്‍ സ്വന്തമാക്കിയ 92 റണ്‍സിന്റെ ലീഡ് അടക്കം 383 റണ്‍സാണ് വെസ്റ്റ് സോണിന്റെ അക്കൗണ്ടിലുള്ളത്.
സെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാരയുടെ ഇന്നിങ്‌സാണ് വെസ്റ്റ് സോണിന് തുണയായത്. 278 പന്തില്‍ നിന്നും 14 ബൗണ്ടറിയും ഒരു സിക്‌സറും അടക്കം 133 റണ്‍സാണ് താരം നേടിയത്. ആദ്യ ഇന്നിങ്‌സില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതെ പോയതിന്റെ സകല കുറവും തീര്‍ത്താണ് പൂജാര രണ്ടാം ഇന്നിങ്‌സില്‍ തകര്‍ത്തടിച്ചത്.
ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക് ചെയ്യുക
സെന്‍ട്രല്‍ സോണിനെതിരെ സെഞ്ച്വറി തികച്ചതോടെ ഒരു അപൂര്‍വ നേട്ടവും പൂജാര കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ സാക്ഷാല്‍ വിജയ് ഹസാരെയുടെ റെക്കോഡിനൊപ്പമെത്തിയാണ് പൂജാര തരംഗമാകുന്നത്.
ക്രിക്കറ്റ് ഇതിഹാസങ്ങളായ സുനില്‍ ഗവാസ്‌കറും സച്ചിന്‍ ടെന്‍ഡുല്‍ക്കറും ലീഡ് ചെയ്യുന്ന ലിസ്റ്റില്‍ നാലാം സ്ഥാനത്താണ് ചേതേശ്വര്‍ പൂജാര. വസീം ജാഫര്‍, ദിലീപ് വെങ്‌സര്‍ക്കാര്‍, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരെയടക്കം പിന്തള്ളിയാണ് പൂജാര കുതിപ്പ് തുടരുന്നത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങള്‍
സുനില്‍ ഗവാസ്‌കര്‍ – 81
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 81
രാഹുല്‍ ദ്രാവിഡ് – 68
ചേതേശ്വര്‍ പൂജാര – 60*
വിജയ് ഹസാരെ – 60
വസീം ജാഫര്‍ – 57
ദിലീപ് വെങ്‌സര്‍ക്കാര്‍ – 55
വി.വി.എസ് ലക്ഷ്മണ്‍ – 55
ദുലീപ് ട്രോഫി സെമി ഫൈനലിലെ ആദ്യ ഇന്നിങ്‌സില്‍ വെസ്റ്റ് സോണിന് മോശം തുടക്കമായിരുന്നു ലഭിച്ചത്. പൂജാരയും സൂര്യകുമാറും സര്‍ഫറാസും അടക്കമുള്ളവര്‍ നിരാശപ്പെടുത്തിയപ്പോള്‍ അതിത് ഷേത്തിന്റെ അര്‍ധ സെഞ്ച്വറിയാണ് ടീമിന് മോശമല്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്. ആദ്യ ഇന്നിങ്‌സില്‍ 220 റണ്‍സിനാണ് വെസ്റ്റ് സോണ്‍ പുറത്തായത്.
സെന്‍ട്രല്‍ സോണിനായി ക്യാപ്റ്റന്‍ ശിവം മാവി ആറ് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആവേശ് ഖാന്‍, യാഷ് താക്കൂര്‍, സൗരഭ് കുമാര്‍, സാരാംശ് ജെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ സെന്‍ട്രല്‍ സോണിന്റെ അവസ്ഥ ഏറെ പരിതാപകരമായിരുന്നു. ടീമിലെ മൂന്ന് പേരൊഴികെ മറ്റെല്ലാവരും ഒറ്റയക്കത്തിന് പുറത്തായതോടെ സെന്‍ട്രല്‍ സോണ്‍ 128ന് ഓള്‍ ഔട്ടായി. 48 റണ്‍സ് നേടി റിങ്കു സിങ്ങിന്റെയും 46 റണ്‍സ് നേടിയ ധ്രുവ് ജുറെലിന്റെയും ഇന്നിങ്‌സാണ് സെന്‍ട്രല്‍ സോണിനെ വമ്പന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്.