ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ വിരാട് കോഹ്‌ലി അമ്പേ പരാജയപ്പെട്ടിരുന്നു. അഡ്‌ലെയ്ഡില്‍ നടക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സില്‍ നിന്നുമായി വെറും 18 റണ്‍സ് മാത്രമാണ് മുന്‍ നായകന്‍ കണ്ടെത്തിയത്.
ആദ്യ ഇന്നിങ്‌സില്‍ എട്ട് പന്ത് നേരിട്ട താരം ഏഴ് റണ്‍സ് നേടി പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ 21 പന്തില്‍ നിന്നും 11 റണ്‍സ് മാത്രമാണ് വിരാടിന് കണ്ടെത്താന്‍ സാധിച്ചത്.
അഡ്‌ലെയ്ഡില്‍ വിരാടിന് സംഭവിച്ച പിഴവുകള്‍ ചൂണ്ടിക്കാട്ടുകയാണ് ഇന്ത്യന്‍ സൂപ്പര്‍ താരം ചേതേശ്വര്‍ പൂജാര. വിരാട് കൂടുതല്‍ പന്തുകള്‍ നേരിടാതെ ലീവ് ചെയ്യേണ്ടിയിരുന്നെന്നും അങ്ങനെ ചെയ്തതുകൊണ്ടാണ് മാര്‍നസ് ലബുഷാനും നഥാന്‍ മക്‌സ്വീനിയും റണ്‍സ് സ്‌കോര്‍ ചെയ്തതെന്നും പൂജാര പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വിരാട് നഥാന്‍ മക്‌സ്വീനിയില്‍ നിന്നും മാര്‍നസ് ലബുഷാനില്‍ നിന്നും പഠിക്കേണ്ടിയിരിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്. അവര്‍ രണ്ട് പേരും ഒരുപാട് ഡെലിവെറികള്‍ നേരിടാതെ വിട്ടുകളഞ്ഞു. ഇത് അവരെ ഒരുപാട് റണ്‍സ് കണ്ടെത്താന്‍ സഹായിച്ചു.
എല്ലാ പന്തുകളിലും നിങ്ങള്‍ക്ക് ഷോട്ട് കളിക്കാന്‍ സാധിക്കണമെന്നില്ല, തന്റെ വിക്കറ്റ് നഷ്ടമായ പന്ത് വിരാടിന് വളരെ എളുപ്പം ഒഴിവാക്കി വിടാന്‍ സാധിക്കുന്നതുമായിരുന്നു.
പിങ്ക് ബോള്‍ റെഡ് ബോളിനേക്കാള്‍ വേഗതയുള്ളതും കൂടുതല്‍ ബൗണ്‍സ് നല്‍കുന്നതുമാണെന്ന് വിരാടിന് അറിവുള്ളതാണ്. ഓസീസ് ബാറ്റര്‍മാര്‍ സ്മാര്‍ട്ടായിരുന്നു, സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്ന ഡെലിവെറികളെ തെരഞ്ഞെടുക്കാന്‍ അവര്‍ക്ക് സാധിച്ചു. ഷോര്‍ട്ട് ലെങ്ത്തില്‍ പിച്ച് ചെയ്തതടക്കമുള്ള പല പന്തുകളും അവര്‍ ഒഴിവാക്കി,’ പൂജാര പറഞ്ഞു.
അതേസമയം, അഡ്‌ലെയ്ഡില്‍ വീണ്ടും ഇന്ത്യ തോല്‍വി മണക്കുകയാണ്. രണ്ടാം ഇന്നിങ്‌സില്‍ ലീഡ് സ്വന്തമാക്കിയെങ്കിലും എട്ട് വിക്കറ്റുകള്‍ ഇതിനോടകം തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്.
നിലവില്‍ 35 ഓവര്‍ പിന്നിടുമ്പോള്‍ 160ന് എട്ട് എന്ന നിലയിലാണ് ഇന്ത്യ. മൂന്ന് റണ്‍സിന്റെ ലീഡുണ്ട്. 45 പന്തില്‍ 36 റണ്‍സുമായി നിതീഷ് കുമാര്‍ റെഡ്ഡിയും നാല് പന്തില്‍ രണ്ട് റണ്‍സുമായി ജസ്പ്രീത് ബുംറയുമാണ് ക്രീസില്‍.
ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 180 റണ്‍സിന് പുറത്തായി. പെര്‍ത്തിലെ സെഞ്ചൂറിയന്‍ യശസ്വി ജെയ്സ്വാള്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തായപ്പോള്‍ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും സ്‌കോര്‍ ബോര്‍ഡിനെ ബുദ്ധിമുട്ടിക്കാതെ ഒറ്റയക്കത്തിനും കടന്നുപോയി. 42 റണ്‍സ് നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയാണ് ടോപ് സ്‌കോറര്‍.
മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗളിങ് കരുത്തിലാണ് ഇന്ത്യയെന്ന വന്‍മരം കടപുഴകിയത്. യശസ്വി ജെയ്സ്വാളിന്റെതടക്കം ആറ് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും സ്‌കോട് ബോളണ്ടും രണ്ട് വിക്കറ്റ് വീതം നേടി.
പിങ്ക് ബോള്‍ ടെസ്റ്റ് തങ്ങളുടെ കുത്തകയാണെന്ന് വിളിച്ചുപറയുന്നതായിരുന്നു ഓസ്ട്രേലിയയുടെ പ്രകടനം. സൂപ്പര്‍ താരം ട്രാവിസ് ഹെഡിന്റെ സെഞ്ച്വറി കരുത്തില്‍ 337 റണ്‍സാണ് ആദ്യ ഇന്നിങ്സില്‍ ഓസ്ട്രേലിയ പടുത്തുയര്‍ത്തിയത്.
141 പന്തില്‍ 140 റണ്‍സാണ് ഹെഡ് സ്വന്തമാക്കിയത്. 17 ഫോറും നാല് സിക്സറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. മാര്‍നസ് ലബുഷാന്‍ 126 പന്തില്‍ 64 റണ്‍സ് നേടിയ രണ്ടാമത് മികച്ച റണ്‍ ഗെറ്ററായി. 109 പന്ത് നേരിട്ട് 39 റണ്‍സ് നേടിയ നഥാന്‍ മക്സ്വീനിയും തന്റെതായ സംഭാവന സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തുവെച്ചു.