ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്ര നേട്ടം കുറിച്ച് ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാര. രഞ്ജി ട്രോഫിയില്‍ വിദര്‍ഭക്കെതിരായ മത്സരത്തിലാണ് സൗരാഷ്ട്ര ബാറ്റര്‍ 20,000 ഫസ്റ്റ് ക്ലാസ് റണ്‍സ് എന്ന ചരിത്ര നേട്ടം കൈപ്പിടിയിലൊതുക്കിയത്.
ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത് മാത്രം ഇന്ത്യന്‍ താരമാണ് ചേതേശ്വര്‍ പൂജാര. സുനില്‍ ഗവാസ്‌കര്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ മാത്രമാണ് ഇതിന് മുമ്പ് ഫസ്റ്റ് ക്ലാസില്‍ 20,000 റണ്‍സ് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരങ്ങള്‍.
ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍
(താരം – ടീം / ടീമുകള്‍ – റണ്‍സ്)
സുനില്‍ ഗവാസ്‌കര്‍ – ബോംബെ – 25,834
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – മുംബൈ – 25,396
രാഹുല്‍ ദ്രാവിഡ് – കര്‍ണാടക – 23,794
ചേതേശ്വര്‍ പൂജാര – സൗരാഷ്ട്ര, സസക്‌സ് – 20,013
വി.വി.എസ്. ലക്ഷ്മണ്‍ – ഹൈദരാബാദ് – 19,730
വസീം ജാഫര്‍ – മുംബൈ, വിദര്‍ഭ – 19,410
വിജയ് ഹസാരെ – ബറോഡ, മഹാരാഷ്ട്ര – 18,470
ഗുണ്ടപ്പ വിശ്വനാഥ് – മൈസൂരു – 17,790
ദിലീപ് വെങ്‌സര്‍ക്കാര്‍ – ബോംബെ – 17,868
പോളി ഉമ്രിഗര്‍ – പാര്‍സീസ്, ഗുജറാത്ത്, ബോംബെ – 16,155
വിദര്‍ഭക്കെതിരായ മത്സരത്തില്‍ 20,000 റണ്‍സ് എന്ന നേട്ടത്തിലെത്താന്‍ 96 റണ്‍സ് കൂടിയായിരുന്നു പൂജാരക്ക് വേണ്ടിയിരുന്നത്.
മത്സരത്തില്‍ ടോസ് നേടിയ വിദര്‍ഭ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 206 റണ്‍സാണ് സൗരാഷ്ട്രക്ക് നേടാന്‍ സാധിച്ചത്. 95 പന്തില്‍ 98 റണ്‍സ് നേടിയ ഓപ്പണര്‍ ഹാര്‍വിക് ദേശായി ആണ് സൗരാഷ്ട്ര നിരയിലെ ടോപ് സ്‌കോറര്‍.
നാല് ബൗണ്ടറിയും ഒരു സിക്‌സറും അടക്കം 105 പന്തില്‍ 43 റണ്‍സാണ് പൂജാര നേടിയത്. ക്യാപ്റ്റന്‍ ജയ്‌ദേവ് ഉനദ്കട് 26 പന്തില്‍ 28 റണ്‍സും നേടി.
വിദര്‍ഭക്കായി ഉമേഷ് യാദവ് നാല് വിക്കറ്റ് വീഴ്ത്തി. ആദിത്യ സര്‍വാതെയും ഹര്‍ഷ് ദുബെയും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ ആദിത്യ താക്കറെയും യാഷ് താക്കൂറും ഓരോ വിക്കറ്റും നേടി.
ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ വിദര്‍ഭക്ക് തൊട്ടതെല്ലാം പിഴച്ചു. 78 റണ്‍സിന് ടീം ഓള്‍ ഔട്ടായി. രണ്ട് താരങ്ങള്‍ക്ക് മാത്രമാണ് ഇരട്ടയക്കം കടക്കാന്‍ സാധിച്ചത്. 28 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയാണ് ടീമിന്റെ ടോപ് സ്‌കോറര്‍.
സൗരാഷ്ട്രക്കായി ചിരാഗ് ജാനി നാല് വിക്കറ്റ് വീഴ്ത്തി. പ്രേരക് മന്‍കാദും ജയ്‌ദേവ് ഉനദ്കട്ടും രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ആദിത്യ ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി.
രണ്ടാം ഇന്നിങ്‌സ് കളത്തിലിറങ്ങിയ സൗരാഷ്ട്രക്ക് ആദ്യ ഇന്നിങ്‌സിലെ ടോപ് സ്‌കോററെ ഗോള്‍ഡന്‍ ഡക്കായി നഷ്ടപ്പെട്ടു. എന്നാല്‍ പിന്നാലെയെത്തിയ മൂന്ന് പേര്‍ അര്‍ധ സെഞ്ച്വറി പൂര്‍തതിയാക്കിയതോടെ സ്‌കോര്‍ ഉയര്‍ന്നു.
കെവിന്‍ ജീവ് രജാനി 57 റണ്‍സ് നേടിയപ്പോള്‍ വിശ്വരാജ് ജഡേജ 79 റണ്‍സും പൂജാര 66 റണ്‍സും നേടി പുറത്തായി. വ്യക്തഗത സ്‌കോര്‍ 53ലെത്തിയപ്പോള്‍ 20,000 ഫസ്റ്റ് ക്ലാസ് റണ്‍സ് എന്ന നേട്ടവും പൂജാര തന്റെ പേരില്‍ കുറിച്ചു.
പൂജാരക്ക് ശേഷം വന്നവര്‍ക്കൊന്നും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ വന്നതോടെ സൗരാഷ്ട്ര 244ന് പുറത്താവുകയും 373 റണ്‍സിന്റെ ലക്ഷ്യം വിദര്‍ഭക്ക് മുമ്പില്‍ വെക്കുകയും ചെയ്തു.
മൂന്നാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ വിദര്‍ഭ നിലവില്‍ 26ന് ഒന്ന് എന്ന നിലയിലാണ്.
Content highlight: Cheteshwar Pujara completes 20,000 First Class runs