തന്നില്‍ ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ടെന്ന് വ്യക്തമാക്കുകയാണ് ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ ചേതേശ്വര്‍ പൂജാര. രഞ്ജി ട്രോഫിയില്‍ റണ്‍സ് നേടുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
രഞ്ജിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും അദ്ദേഹത്തിന് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ സാധിച്ചിട്ടില്ല. സീസണില്‍ സൗരാഷ്ട്രക്കായ ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ സെഞ്ച്വറികളടിച്ചിട്ടും ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയില്‍ സ്ഥാനം കണ്ടെത്താന്‍ പൂജാരക്ക് സാധിച്ചിട്ടില്ല.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലാണ് പൂജാര അവസാനമായി ഇന്ത്യന്‍ ജേഴ്‌സിയിലെത്തിയത്.
വയസ് എന്നത് വെറും അക്കങ്ങള്‍ മാത്രമാണ് എന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഇനിയും ധാരാളം ക്രിക്കറ്റ് തന്നില്‍ അവശേഷിക്കുന്നുണ്ടെന്നും പറയുകയാണ് പൂജാര. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് പൂജാര ഇക്കാര്യം പറഞ്ഞത്.
‘തീര്‍ച്ചയായും. എന്റെ ബാറ്റിങ് ശൈലിയിലും ഫിറ്റ്‌നെസ് നിലനിര്‍ത്തുന്ന രീതിയിലും എനിക്ക് വിശ്വാസമുണ്ട്. രഞ്ജിയില്‍ റണ്‍സ് നേടുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ആളുകള്‍ എളുപ്പമാണ് എന്നൊക്കെ പറയുമെങ്കിലും അതൊരിക്കലും എളുപ്പമുള്ളതല്ല.
രഞ്ജിയില്‍ ഡി.ആര്‍.എസ് ഇല്ല. ചിലപ്പോള്‍ അമ്പയറിന്റെ തീരുമാനം നിങ്ങള്‍ക്ക് എതിരായിരിക്കും. നിരന്തരമായി റണ്‍സ് നേടണമെങ്കില്‍ കഠിനാധ്വാനം ചെയ്യുകയും ഗെയിമില്‍ മികച്ചുനില്‍ക്കുകയും ചെയ്യണം. എനിക്ക് അവസരം ലഭിക്കുമ്പോഴെല്ലാം അതിനനുസരിച്ച് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ പൂജാര പറഞ്ഞു.
ഇതിഹാസ താരങ്ങളെ ഉദാഹരിച്ചുകൊണ്ടായിരുന്നു പ്രായമെന്നത് വെറും നമ്പറാണെന്ന് പൂജാര പറഞ്ഞത്.
‘വയസ് എന്നത് വെറും അക്കങ്ങളാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ജെയിംസ് ആന്‍ഡേഴ്‌സണ്‍ നിങ്ങള്‍ക്ക് മുമ്പില്‍ ഉദാഹരണമായി ഉണ്ട്. 41ാം വയസിലും മികച്ച രീതിയിലാണ് അദ്ദേഹം പന്തെറിയുന്നത്. ഇപ്പോഴും അദ്ദേഹം ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ബൗളറാണ്. 35 എന്നാല്‍ പുതിയ 25 (വയസ്) എന്നാണ് നൊവാക് ദ്യോക്കോവിച്ച് ഈയിടെ പറഞ്ഞത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രഞ്ജിയില്‍ ഈ സീസണില്‍ കളിച്ച ആറ് മത്സരത്തില്‍ നിന്നും 74.77 എന്ന ശരാശരിയില്‍ 673 റണ്‍സാണ് നേടിയത്. ജാര്‍ഖണ്ഡിനെതിരെ പുറത്താകാതെ നേടിയ 243 ആണ് സീസണിലെ ഉയര്‍ന്ന സ്‌കോര്‍.
ഇതിന് പുറമെ ഫസ്റ്റ് ക്ലാസില്‍ 20,000 റണ്‍സ് എന്ന നേട്ടവും പൂജാര സ്വന്തമാക്കിയിരുന്നു.
എലീറ്റ് ഗ്രൂപ്പ് എയില്‍ രാജസ്ഥാനെതിരായ മത്സരത്തില്‍ 218 റണ്‍സിന്റെ വിജയം നേടിയാണ് പൂജാരയുടെ സൗരാഷ്ട്ര നോക്ക് ഔട്ട് സാധ്യതകള്‍ നിലനിര്‍ത്തിയത്. ആറ് മത്സരത്തില്‍ നിന്നും മൂന്ന് ജയവുമായി 22 പോയിന്റാണ് സൗരാഷ്ട്രക്കുള്ളത്.
ഗ്രൂപ്പ് ഘട്ടത്തില്‍ ഒറ്റ മത്സരം പോലും ജയിക്കാന്‍ സാധിക്കാത്ത മണിപ്പൂരിനെതിരെയാണ് സൗരാഷ്ട്രയുടെ അടുത്ത മത്സരം. ഈ മത്സരത്തില്‍ വിജയിച്ചാല്‍ എലീറ്റ് ഗ്രൂപ്പ് ഇ-യില്‍ നിന്നും നോക്കൗട്ടിലെത്താന്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ക്ക് സാധിക്കും.
Content Highlight: Cheteshwar Pujara believes there is plenty of cricket left in him