ദുലീപ് ട്രോഫിക്കുള്ള വെസ്റ്റ് സോണ്‍ ടീമില്‍ ചേതേശ്വര്‍ പൂജാര ഇടം നേടിയതായി റിപ്പോര്‍ട്ടുകള്‍. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടെസ്റ്റ് സ്‌ക്വാഡില്‍ നിന്നും പുറത്തായതോടെയാണ് പൂജാര ദുലീപ് ട്രോഫിയില്‍ കളിക്കാനൊകുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജൂണ്‍ 28 മുതലാണ് ദുലീപ് ട്രോഫി ആരംഭിക്കുന്നത്.
ചേതേശ്വര്‍ പൂജാരക്ക് പുറമെ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിനെയും വെസ്റ്റ് സോണ്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യക്കായി ടെസ്റ്റ് ക്യാപ്പണിഞ്ഞ സൂര്യകുമാറിന് ലോങ്ങര്‍ ഫോര്‍മാറ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ടെസ്റ്റ് ടീമില്‍ നിന്നും സ്‌കൈ പുറത്താവുകയായിരുന്നു. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള സ്‌ക്വാഡിലും ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലും സ്‌കൈക്ക് സെലക്ടര്‍മാരെ പ്രീതിപ്പെടുത്താന്‍ സാധിച്ചിരുന്നില്ല.
ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തില്‍ ഇടം നേടിയ യുവതാരങ്ങളായ യശസ്വി ജെയ്‌സ്വാളിനും ഋതുരാജ് ഗെയ്ക്വാദിനും പകരക്കാരായാണ് പൂജാരയും സൂര്യകുമാറും വെസ്റ്റ് സോണിന്റെ ഭാഗമായിരിക്കുന്നത്.
ജൂലൈ അഞ്ചിനാണ് വെസ്റ്റ് സോണിന്റെ ആദ്യ മത്സരം. എതിരാളികള്‍ ആരാണെന്ന് ഇതുവരെ തീരുമാനമായിട്ടില്ല.
ദുലീപ് ട്രോഫിക്കുള്ള വെസ്റ്റ് സോണ്‍ സ്‌ക്വാഡ്
പ്രിയങ്ക് പാഞ്ചല്‍ (ക്യാപ്റ്റന്‍), ചേതേശ്വര്‍ പൂജാര, സൂര്യകുമാര്‍ യാദവ്, ഹര്‍വിക് ദേശായി (വിക്കറ്റ് കീപ്പര്‍), പൃഥ്വി ഷാ, ഹേത് പട്ടേല്‍ (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, അര്‍പിത് വാസവദ, അതിത് ശേഷ്, ഷാംസ് മുലാനി, യുവരാജ് ദോഡിയ, ധര്‍മേന്ദ്രസിന്‍ഹ് ജഡേജ, ചേതന്‍ സക്കറിയ, ചിന്തന്‍ ഗജ, അര്‍സാന്‍ നാഗ്വാസ്വാല.
ദുലീപ് ട്രോഫി 2023: ഷെഡ്യൂള്‍
ജൂണ്‍ 28, ബുധന്‍
സെന്‍ട്രല്‍ സോണ്‍ vs ഈസ്റ്റ് സോണ്‍ – 9.30 AM
നോര്‍ത്ത് സോണ്‍ vs നോര്‍ത്ത് ഈസ്റ്റ് സോണ്‍ – 9.30 AM
ജൂലൈ 5, ബുധന്‍
വെസ്റ്റ് സോണ്‍ vs TBA – 9.30 AM
സൗത്ത് സോണ്‍ vs TBA – 9.30 AM
ജൂലൈ 12, ബുധന്‍
ഫൈനല്‍ : TBA vs TBA – 9.30 AM
Content Highlight: Cheteshwar Pujara and Suryakumar Yadav include in West Zone for Duleep Trophy