| Saturday, 16th December 2023, 9:36 am

സക്കറിയയും രോഹന്‍ കുന്നുമ്മലും സംശയത്തിന്റെ നിഴലില്‍; ഐ.പി.എല്‍ സസ്‌പെക്ട് ആക്ഷന്‍ ലിസ്റ്റില്‍ ഏഴ് പേര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് മുന്നോടിയായി ഡിസംബര്‍ 19ന് ദുബായില്‍ വെച്ച് മിനി താരലേലം നടക്കാനിരിക്കുകയാണ്. താര ലേലത്തിനു മുന്നോടിയായി എല്ലാ ടീമുകളും കളിക്കാരെ നിലനിര്‍ത്തുകയും വിട്ടയക്കുകയും ട്രേഡ് ചെയ്യുകയും ഉണ്ടായിരുന്നു. അത്തരത്തില്‍ മുന്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന ചേതന്‍ സക്കറിയയെ ദല്‍ഹി ക്യാപിറ്റല്‍സ് വിട്ടയച്ചിരിക്കുകയാണ്. എന്നാല്‍ അതിനു പുറമേ സക്കറിയയെ സംശയാസ്പദമായ ബൗളിങ് ആക്ഷന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് ബി.സി.സി.ഐ.

രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും ദല്‍ഹി ക്യാപിറ്റല്‍സില്‍ താരത്തെ എത്തിച്ചിരുന്നു. എന്നാല്‍ 2024 ഐ.പി.എല്ലിന് മുന്നോടിയായി താരത്തെ ടീം മാനേജ്‌മെന്റ് വിട്ടയച്ചിരിക്കുകയാണ്. ബൗളിങ് ആക്ഷന്റെ പേരില്‍ നിലവില്‍ സക്കറിയക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. പക്ഷേ താരത്തിന്റെ ആക്ഷന്‍ ഒരു ഭീഷണിയായി തുടരുകയാണ്. താര ലേലത്തിന് മുന്നോടിയായി ഫാസ്റ്റ് ബൗളേഴ്‌സിനെ കുറിച്ചുള്ള വിലയിരുത്തലുകള്‍ ബി.സി.സി.ഐ എല്ലാ ഐ.പി.എല്‍ ഫ്രാഞ്ചൈസികള്‍ക്കും വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.

ബൗളിങ് ആക്ഷന്റെ പേരില്‍ സംശയത്തിന്റെ നിഴലിലുള്ള ബൗളര്‍ സക്കറിയ മാത്രമല്ല, അദ്ദേഹത്തിനൊപ്പം മറ്റ് ഏഴ് കളിക്കാരും തെറ്റായ ബൗളിങ് ആക്ഷന്‍ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ തനുഷ് കൊട്ടിയാന്‍, കേരള ക്രിക്കറ്റ് അസോസിയേഷന്റെ രോഹന്‍ കുന്നുമ്മല്‍, ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ ചിരാഗ് ഗാന്ധി, വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്റെ സൗരഭ് ദുബെ, ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്റെ അര്‍പ്പിത് ഗുലേറിയ എന്നിവരാണ് ലിസ്റ്റിലുള്ള മറ്റ് താരങ്ങള്‍.

എന്നാല്‍ ഫാസ്റ്റ് ബൗളര്‍ ചേതന്‍ സക്കറിയയുടെ ഭാവി തുലാസില്‍ ആകുമോ എന്ന് സംശയിക്കേണ്ടതുണ്ട്. താരം ഐ.പി.എല്ലില്‍ അധികം മത്സരങ്ങള്‍ കളിച്ചിട്ടില്ല. ആകെ 19 മത്സരങ്ങളാണ് താരം കളിച്ചത്. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയും ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടിയും ആണ് താരം കളിച്ചിരുന്നത്. 19 മത്സരങ്ങളില്‍ നിന്നും 20 റണ്‍സും 20 വിക്കറ്റുകളും മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്. എട്ടിന് മുകളില്‍ മാത്രമാണ് താരത്തിന്റെ ഇക്കണോമി.

2023 ഐ.പി.എല്‍ സീസണിലും താരത്തിന് തിളങ്ങാനായില്ല. മുതുകിനു പറ്റിയ പരിക്ക് കാരണം കൂടുതല്‍ മത്സരങ്ങള്‍ താരത്തിന് നഷ്ടമായിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും താരത്തിന് കളിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ രഞ്ജി ട്രോഫിയില്‍ തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഐ.പി.എല്ലില്‍ 50 ലക്ഷം രൂപയാണ് താരത്തിന്റെ അടിസ്ഥാന വില.

ഇവരെ കൂടാതെ കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ മനീഷ് പാണ്ഡെ, കെ.എല്‍ ശ്രീജിത്ത് എന്നിവരെ ബി.സി.സി ബൗളിങ്ങില്‍ നിന്നും നേരത്തെ വിലക്കിയിട്ടുണ്ട്. ഐ.പി.എല്‍ 2024ല്‍ 333 ക്രിക്കറ്റ് താരങ്ങളാണ് പങ്കെടുക്കുന്നത്. 214 ഇന്ത്യന്‍ താരങ്ങളും 119 വിദേശ താരങ്ങളും അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നും രണ്ടുപേരും ലേലത്തില്‍ ഉള്‍പ്പെടുന്നു. 116 ക്യാപ്ഡ് കളിക്കാരും 215 ക്യാപ്ഡ് കളിക്കാരും ലിസ്റ്റില്‍ ഉണ്ട്.

Content Highlight: Chetan Zakaria and Rohan Kunnummal on IPL suspect action list

We use cookies to give you the best possible experience. Learn more