| Thursday, 16th February 2023, 9:07 am

ചേതന്‍ ശര്‍മക്ക് പണി വരുന്നു; ബി.സി.സി.ഐ സെലക്ടര്‍മാരുടെ യോഗത്തിലേക്ക് ക്ഷണിച്ചേക്കില്ല

സ്പോര്‍ട്സ് ഡെസ്‌ക്

ബി.സി.സി.ഐക്കും ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കുമെതിരെ മുന്‍ കളിക്കാരനും ടീമിന്റെ ചീഫ് സെലക്ടര്‍മാരില്‍ ഒരാളുമായ ചേതന്‍ ശര്‍മ നടത്തിയ ഗുരുതര ആരോപണങ്ങള്‍ പുറത്തായിരുന്നു. സീ ന്യൂസ് നടത്തിയ സ്റ്റിങ് ഓപ്പറേഷനിലാണ് ചേതന്‍ ശര്‍മ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്.

ചേതന്‍ ശര്‍മയുടെ വെളിപ്പെടുത്തലുകള്‍ക്ക് ശേഷം ബി.സി.സി.ഐയുടെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

ശര്‍മക്ക് തെറ്റ് തിരുത്താന്‍ അവസരം നല്‍കുമെങ്കിലും ബി.സി.സി.ഐയിലെ ഭാവിയുടെ കാര്യത്തില്‍ യാതൊരു പ്രതീക്ഷയും ഉണ്ടായിരിക്കില്ലെന്നാണ് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തത്.

വലിയ അപവാദങ്ങളാണ് അദ്ദേഹം പറഞ്ഞുണ്ടാക്കിയതെന്നും താരങ്ങള്‍ക്കടക്കം ചേതന്‍ ശര്‍മയോടുള്ള ബഹുമാനവും വിശ്വാസ്യതയും നഷ്ടപ്പെട്ട് കഴിഞ്ഞെന്ന് ഒരു ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞതായും പി.ടി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

‘ചേതന്‍ പറഞ്ഞത് കുറച്ച് കൂടിപ്പോയി. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു മുന്‍ നിര താരവും അയാളോട് സംസാരിക്കാന്‍ കൂട്ടാക്കാറില്ല. ഏതെങ്കിലും ഒരു ട്രെയ്‌നിങ് സെഷനിലോ അല്ലെങ്കില്‍ മറ്റ് പൊതുവിടങ്ങളിലോ ഏതെങ്കിലുമൊരു താരം അദ്ദേഹത്തോട് സംസാരിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ?

ഓസ്‌ട്രേലിയയില്‍ ടി-20 ലോകകപ്പ് നടക്കുമ്പോള്‍ അയാള്‍ ഒരു മൂലയില്‍ മാറി നില്‍ക്കുകയായിരുന്നു,’ ഒരു ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ താരങ്ങള്‍ കൃത്രിമ ഫിറ്റ്‌നെസ് കാണിക്കാന്‍ വേണ്ടി രഹസ്യ ഇഞ്ചക്ഷന്‍ എടുക്കാറുണ്ടെന്നും ബി.സി.സി.ഐ മുന്‍ പ്രസിഡന്റ് സൗരവ് ഗാംഗുലിയും മുന്‍ നായകന്‍ വിരാട് കോഹ്ലിയും തമ്മില്‍ ഈഗോ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നുമായിരുന്നു ശര്‍മ പറഞ്ഞിരുന്നത്.

മലയാളി സൂപ്പര്‍താരം സഞ്ജു സാംസണെ കുറിച്ചും ശര്‍മ വെളിപ്പെടുത്തലുകള്‍ നടത്തി. സഞ്ജുവിനെ മനപൂര്‍വം തഴയുന്നതാണെന്ന് ആരോപണം നേരത്തെ ഉണ്ടായിരുന്നു. അത് ശരിവെക്കുന്ന രീതിയിലുള്ള കാര്യങ്ങളാണ് ശര്‍മ വെളിപ്പെടുത്തിയത്.

സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ട്വിറ്ററില്‍ ആരാധകര്‍ തങ്ങള്‍ക്കെതിരെ തിരിയുന്നു എന്നും സഞ്ജുവിന്റെ ആരാധകര്‍ ശല്യമാണെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും പ്രീതി നേടുന്നതിനായി പലപ്പോഴും തന്റെ വീട്ടില്‍ വരാറുണ്ടെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.

സെലക്ടര്‍മാര്‍ നിരീക്ഷണത്തിലായതിനാല്‍ മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതിന് ബി.സി.സി.ഐയുടെ വിലക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചേതന്‍ ശര്‍മയുടെ ഭാവി നിര്‍ണയിക്കുക ജയ് ഷാ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

2022ല്‍ ഓസ്ട്രേലിയയില്‍ നടന്ന ടി-20 വേള്‍ഡ് കപ്പിന് ശേഷം പുറത്താക്കപ്പെട്ട ശര്‍മ വീണ്ടും ബി.സി.സി.യുടെ അംഗമായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

Content Highlights: Chetan Sharma will not be invited to attend the next meeting of BCCI

We use cookies to give you the best possible experience. Learn more