നവംബര്‍ 19ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കുന്ന 2023 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഏറ്റുമുട്ടുമെന്ന് പ്രതീക്ഷിക്കുകയാണ് മുന്‍ ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ.
ഇരു ടീമുകളും സെമിഫൈനലില്‍ തങ്ങളുടെ സ്ഥാനം ഇതിനോടകം ഉറപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനമാണ് ഇരു ടീമുകളും നടത്തിയത്.
കളിച്ച എട്ടുമത്സരവും വിജയിച്ചു 16 പോയിന്റോടെ ഇന്ത്യ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. മറുവശത്ത് തുടക്കത്തില്‍ തോല്‍വി വഴങ്ങിയെങ്കിലും പിന്നീട് തുടര്‍ച്ചയായ ആറ് വിജയങ്ങളും സ്വന്തമാക്കിയ ഓസീസും.
അഫ്ഗാനിസ്ഥാനുമായുള്ള മത്സരത്തിനുശേഷം പാറ്റ് കമ്മിന്‍സണും അദ്ദേഹത്തിന്റെ ടീമും കൂടുതല്‍ ശക്തരായിരിക്കുകയാണ്. കൂടാതെ ഫൈനലില്‍ ഓസീസിന് ഒരു സ്ഥാനം ഉണ്ടെന്ന് ഇന്ത്യയുടെ മുന്‍ ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മയും വിശ്വസിക്കുകയാണ്.
ഇന്ത്യന്‍ ടി.വിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ നാലാം സെമിഫൈനലിസ്റ്റുകളെ കുറിച്ചുള്ള തന്റെ വീക്ഷണങ്ങളും ചേതന്‍ ശര്‍മ പങ്കിടുകയായിരുന്നു. അതില്‍ ന്യൂസിലാന്‍ഡിന് കൂടുതല്‍ മുന്‍തൂക്കം അദ്ദേഹം കൊടുത്തു. നിലവില്‍ പാക്കിസ്ഥാനുമായി പോയിന്റ് നിലയില്‍ സമനിലയിലാണ് കിവീസ്. വ്യാഴാഴ്ച ബംഗളൂരുവില്‍ നടക്കുന്ന മത്സരത്തില്‍ കിവീസ് ശ്രീലങ്കയെ നേരിടും.
‘എന്റെ അഭിപ്രായത്തില്‍ ന്യൂസിലാന്‍ഡ് നാലാം സെമിഫൈനല്‍ സ്ഥാനം ഉറപ്പിക്കാന്‍ സാധ്യതയുണ്ട്. അവര്‍ക്ക് അതിനായി ശ്രീലങ്കയെ തോല്‍പ്പിക്കണം. 2023 ലോകകപ്പിലെ അവരുടെ പ്രകടനം കണക്കിലെടുത്താല്‍ അവര്‍ക്കത് എളുപ്പമായ കാര്യമായിരിക്കാം. അവര്‍ വിജയിച്ചാല്‍ റേറ്റ് പരിഗണനകള്‍ കാരണം ഇംഗ്ലണ്ടിനെതിരെ ഗണ്യമായ വിജയം നേടുന്നതില്‍ പാക്കിസ്ഥാന്‍ വെല്ലുവിളി നേരിട്ടേക്കും,’അദ്ദേഹം പറഞ്ഞു.
എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ യോഗ്യത നേടുന്നതില്‍ ഇംഗ്ലണ്ടിന് പാക്കിസ്ഥാനെ പരാജയപ്പെടുത്തേണ്ടത് ഒരു നിര്‍ണായക ഘടകമാണ്.
അഫ്ഗാനിസ്ഥാന്‍- ഓസ്ട്രേലിയ മത്സരത്തില്‍ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളാണ് വാംഖഡെയില്‍ അരങ്ങേറിയത്. വമ്പന്‍ തോല്‍വിയില്‍ നിന്നും അട്ടിമറി വിജയത്തിലേക്കുള്ള ഓസീസ് ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്സ് വെല്ലിന്റെ ഒറ്റയാന്‍ പോരാട്ടം ലോകമെമ്പാടും അമ്പരപ്പോടെ കാണുകയായിരുന്നു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ പട 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സ് പടുത്തുയര്‍ത്തി.
എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 91 റണ്‍സിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ടീമിന്റെ മൊത്തം ഭാരവും മാക്സി ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് കാലില്‍ പരിക്ക് പറ്റിയിട്ടും 128 പന്തുകളില്‍ നിന്നും 10 സിക്സറുകളും 21 ബണ്ടറികളുമടക്കം 201 റണ്‍സിന്റെ പുത്തന്‍ വിജയ ചരിത്രമാണ് പുറത്താവാതെ ഈ ഒറ്റയാന്‍ ഭീകരന്‍ നേടിയത്.
വരാനിരിക്കുന്ന മത്സരങ്ങള്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള ടീമുകള്‍ക്ക് നിര്‍ണായകമാകുമ്പോള്‍ 2023 ലോകകപ്പ് തീപാറുമെന്നത് ഉറപ്പാണ്.
Content Highlight: Chetan Sharma That India And Australia Will Meet In The Final