മലയാളി സൂപ്പര്‍താരം സഞ്ജു സാംസണെ കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തി ചേതന്‍ ശര്‍മ. സീ ന്യൂസ് നടത്തിയ സ്റ്റിങ് ഓപ്പറേഷനില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ നിരവധി കാര്യങ്ങള്‍ വെളിപ്പെടുത്തിയ കൂട്ടത്തിലാണ് ചേതന്‍ സഞ്ജുവിന്റെ കാര്യം സംസാരിച്ചത്.
സഞ്ജുവിനെ മനപൂര്‍വം തഴയുന്നതാണെന്ന് ആരോപണം നേരത്തെ ഉണ്ടായിരുന്നു. അത് ശരിവെക്കുന്ന രീതിയിലുള്ള കാര്യങ്ങളാണ് ശര്‍മ വെളിപ്പെടുത്തിയത്.
സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ട്വിറ്ററില്‍ ആരാധകര്‍ തങ്ങള്‍ക്കെതിരെ തിരിയുന്നു എന്നും സഞ്ജുവിന്റെ ആരാധകര്‍ ശല്യമാണെന്നും അദ്ദേഹം പറഞ്ഞു.
സഞ്ജുവിനെ തിരഞ്ഞെടുക്കാത്തതിലൂടെ ആരാധകര്‍ ഉണ്ടാക്കുന്ന സോഷ്യല്‍ മീഡിയ പ്രതിഷേധത്തെ കുറിച്ച് അദ്ദേഹത്തിനും മറ്റ് സെലക്ടര്‍മാര്‍ക്കും നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.
2015ല്‍ സഞ്ജു ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അരങ്ങേറ്റം നടത്തിയെങ്കിലും ഇപ്പോഴും ഏകദിനത്തിലോ ടി-20 ടീമുകളിലോ സ്ഥിരം അംഗമല്ല. കെ.എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, റിഷബ് പന്ത് എന്നിവരെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായി സെലക്ടര്‍മാര്‍ തിരഞ്ഞെടുക്കുന്നതിനാല്‍ സഞ്ജുവിന് അപൂര്‍വം അവസരങ്ങള്‍ മാത്രമേ ലഭിക്കാറുള്ളൂ.
സെലക്ടര്‍മാരില്‍ നിന്നോ ടീം മാനേജ്‌മെന്റില്‍ നിന്നോ സഞ്ജു നേരിടുന്ന അവഗണനകള്‍ക്കെതിരെ താരത്തിന്റെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ നടത്താറുണ്ട്.
ഇതിനുപുറമെ ബി.സി.സി.ഐ മുന്‍ പ്രസിഡന്റ് സൗരവ് ഗാംഗുലിയും മുന്‍ നായകന്‍ വിരാട് കോഹ്ലിയും തമ്മില്‍ ഈഗോ പ്രശ്‌നങ്ങളുണ്ടായിരുന്നതായും വിരാട് കരുതിയത് ഗാംഗുലിയെ കൊണ്ടാണ് തന്റെ ക്യാപ്റ്റന്‍സി നഷ്ടപ്പെമായതെന്നുമാണെന്നും ചേതന്‍ ശര്‍മ പറഞ്ഞു.
ക്രിക്കറ്റിന്റെ ചരിത്രത്തിലെ വലിയ വെളിപ്പെടുത്തലുകളാണ് സീ ന്യൂസ് പുറത്തുവിട്ടിരിക്കുന്നത്. ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ബി.സി.സി.ഐ അംഗം ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തുന്നത്. അതേസമയം, ചേതന്‍ ശര്‍മയുടെ ആരോപണങ്ങളോട് ബി.സി.സി.ഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Content Highlights: Chetan Sharma speaks about Sanju Samson’s selection