ബി.സി.സി.ഐക്കും ഇന്ത്യന്‍ താരങ്ങള്‍ക്കുമെതിരെ ഗുരുതര ആരോപണം; ചേതന്‍ ശര്‍മയുടെ ഭാവി ജയ് ഷായുടെ കൈകളില്‍
Cricket
ബി.സി.സി.ഐക്കും ഇന്ത്യന്‍ താരങ്ങള്‍ക്കുമെതിരെ ഗുരുതര ആരോപണം; ചേതന്‍ ശര്‍മയുടെ ഭാവി ജയ് ഷായുടെ കൈകളില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 15th February 2023, 1:09 pm

ബി.സി.സി.ഐക്കും ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കുമെതിരെ മുന്‍ കളിക്കാരനും ടീമിന്റെ ചീഫ് സെലക്ടര്‍മാരില്‍ ഒരാളുമായ ചേതന്‍ ശര്‍മ നടത്തിയ ഗുരുതര ആരോപണങ്ങള്‍ പുറത്തായിരുന്നു.

സീ ന്യൂസ് നടത്തിയ സ്റ്റിങ് ഓപ്പറേഷനിലാണ് ചേതന്‍ ശര്‍മ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്. ദേശീയ ടീമിനെ ചുറ്റിപ്പറ്റി നടക്കുന്ന കാര്യങ്ങള്‍ സീ ന്യൂസിലൂടെ പുറത്തുവന്നതോടെ ഞെട്ടിത്തരിച്ചിരിക്കുകയാണ് ആരാധകര്‍.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ താരങ്ങള്‍ കൃത്രിമ ഫിറ്റ്നെസ് കാണിക്കാന്‍ വേണ്ടി രഹസ്യ ഇഞ്ചക്ഷന്‍ എടുക്കാറുണ്ടെന്നും ബി.സി.സി.ഐ മുന്‍ പ്രസിഡന്റ് സൗരവ് ഗാംഗുലിയും മുന്‍ നായകന്‍ വിരാട് കോഹ്‌ലിയും തമ്മില്‍ ഈഗോ പ്രശ്നങ്ങളുണ്ടായിരുന്നതായും ശര്‍മ പറഞ്ഞു.

മലയാളി സൂപ്പര്‍താരം സഞ്ജു സാംസണെ കുറിച്ചും ശര്‍മ വെളിപ്പെടുത്തലുകള്‍ നടത്തി. സഞ്ജുവിനെ മനപൂര്‍വം തഴയുന്നതാണെന്ന് ആരോപണം നേരത്തെ ഉണ്ടായിരുന്നു. അത് ശരിവെക്കുന്ന രീതിയിലുള്ള കാര്യങ്ങളാണ് ശര്‍മ വെളിപ്പെടുത്തിയത്.

സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ട്വിറ്ററില്‍ ആരാധകര്‍ തങ്ങള്‍ക്കെതിരെ തിരിയുന്നു എന്നും സഞ്ജുവിന്റെ ആരാധകര്‍ ശല്യമാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും പ്രീതി നേടുന്നതിനായി പലപ്പോഴും തന്റെ വീട്ടില്‍ വരാറുണ്ടെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ ബി.സി.സി.ഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. സെലക്ടര്‍മാര്‍ നിരീക്ഷണത്തിലായതിനാല്‍ മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതിന് ബി.സി.സി.ഐയുടെ വിലക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചേതന്‍ ശര്‍മയുടെ ഭാവി നിര്‍ണയിക്കുക ജയ് ഷാ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

2022ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ടി-20 വേള്‍ഡ് കപ്പിന് ശേഷം പുറത്താക്കപ്പെട്ട ശര്‍മ വീണ്ടും ബി.സി.സി.യുടെ അംഗമായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

Content Highlights: Chetan Sharma reveals Indian Cricket team’s secrets in Zee News Sting Operation