പന്ത് ഔട്ട്, സഞ്ജു ഇന്‍; നിങ്ങള്‍ ഇറങ്ങിപ്പോകും മുമ്പ് ചെയ്ത ഏറ്റവും നല്ല കാര്യം
Sports News
പന്ത് ഔട്ട്, സഞ്ജു ഇന്‍; നിങ്ങള്‍ ഇറങ്ങിപ്പോകും മുമ്പ് ചെയ്ത ഏറ്റവും നല്ല കാര്യം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 28th December 2022, 8:40 am

 

കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യ-ശ്രീലങ്ക പരമ്പരക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചത്. മൂന്ന് ടി-20യും മൂന്ന് ഏകദിനങ്ങളുമാണ് ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്.

രോഹിത് ശര്‍മയെയും കെ.എല്‍. രാഹുലിനെയും ടി-20 പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ടി-20 ഫോര്‍മാറ്റില്‍ ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. താരത്തിന് ഡെപ്യൂട്ടിയായി സൂര്യകുമാര്‍ യാദവിനെയാണ് പരിഗണിച്ചിട്ടുള്ളത്. എന്നാല്‍ ഏകദിന സ്‌ക്വാഡില്‍ ഇരുവരും ഉള്‍പ്പെട്ടിട്ടുണ്ട്. കെ.എല്‍. രാഹുലിന് പകരം ഹര്‍ദിക് പാണ്ഡ്യയെയാണ് ഏകദിനത്തില്‍ വൈസ് ക്യാപ്റ്റനായി മാനേജ്‌മെന്റ് തെരഞ്ഞെടുത്തിട്ടുള്ളത്.

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്ത് ഏകദിന സ്‌ക്വാഡിലും ടി-20 സ്‌ക്വാഡിലും ഇടം നേടാതിരുന്നത് ആരാധകരെ സംബന്ധിച്ച് അത്ഭുതമുണര്‍ത്തുന്ന കാര്യമായിരുന്നു. സാധാരണ എത്ര മോശം ഫോമില്‍ തുടരുകയാണെങ്കിലും പന്തിന് സ്‌ക്വാഡില്‍ ഇടം ലഭിച്ചിരുന്നു. ടി-20 പരമ്പരക്കുള്ള സ്‌ക്വാഡില്‍ സഞ്ജു സാംസണും ഇടം നേടിയിട്ടുണ്ട്.

ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് പരമ്പരക്കുള്ള ടീം സെലക്ട് ചെയ്തിരിക്കുന്നത്. ഒരുപക്ഷേ ഈ സെലക്ഷന്‍ കമ്മിറ്റിയുടെ അവസാന ടീം തെരഞ്ഞെടുപ്പുകളില്‍ ഒന്നാവും ഇത്.

ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയിലെ അപെക്‌സ് ബോഡി നേരത്തെ പിരിച്ചുവിട്ടിരുന്നു. പുതിയ സെലക്ഷന്‍ കമ്മിറ്റിയെ ഇനിയും തെരഞ്ഞെടുത്തിട്ടുമില്ല.

ഏഷ്യാ കപ്പിലെയും ടി-20 ലോകകപ്പിലെയും ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലെ സെലക്ഷന്‍ കമ്മിറ്റിയെ ബി.സി.സി.ഐ പിരിച്ചുവിട്ടത്. അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയിലേക്ക് പുതിയ അംഗങ്ങള്‍ക്കായി അപേക്ഷയും ബി.സി.സി.ഐ ക്ഷണിച്ചിട്ടുണ്ട്.

ചേതന്‍ ശര്‍മയടക്കമുള്ളവര്‍ സെലക്ഷന്‍ കമ്മിറ്റിയില്‍ തിരിച്ചെത്താന്‍ വീണ്ടും അപേക്ഷ സമര്‍പ്പിച്ചിരുന്നു. 600ലധികം അപേക്ഷകളാണ് ഇത്തരത്തില്‍ ബി.സി.സി.ഐക്ക് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇതില്‍ നിന്നും ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി പത്ത് പേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുകയും അതില്‍ നിന്നും അഞ്ച് പേരെ തെരഞ്ഞെടുക്കുകയും ചെയ്യും.

അശോക് മല്‍ഹോത്ര, ജതിന്‍ പരഞ്ജ്‌പേ, സൗലക്ഷണ നായിക് എന്നിവരാണ് ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റിയിലുള്ളത്. ഇവര്‍ പെട്ടെന്ന് തന്നെ സെലക്ഷന്‍ കമ്മിറ്റിയെ തെരഞ്ഞെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയാണ് ആദ്യം നടക്കുക. ജനുവരി മൂന്നിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുന്നത്. ജനുവരി അഞ്ചിന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ വെച്ച് പരമ്പരയിലെ രണ്ടാം മത്സരവും ജനുവരി ഏഴിന് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ വെച്ച് മൂന്നാം ടി-20യും നടക്കും.

ഇന്ത്യ ടി-20 സ്‌ക്വാഡ്

ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ് (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മന്‍ ഗില്‍, ദീപക് ഹൂഡ,രാഹുല്‍ ത്രിപാഠി, സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍, യൂസ്വേന്ദ്ര ചഹല്‍, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്, ശിവം മാവി, മുകേഷ് കുമാര്‍.

ഇന്ത്യ ഏകദിന സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, യൂസ്വേന്ദ്ര ചഹല്‍, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, അര്‍ഷ്ദീപ് സിങ്.

 

Content Highlight: Chetan Sharma has selected the India vs Sri Lanka