വിരാട് എനിക്കെന്റെ മകനെ പോലെ, ഞാനെന്തിന് അവനെ കുറിച്ച് മോശം പറയണം? വിവാദ ചീഫ് സെലക്ടര്‍
Sports News
വിരാട് എനിക്കെന്റെ മകനെ പോലെ, ഞാനെന്തിന് അവനെ കുറിച്ച് മോശം പറയണം? വിവാദ ചീഫ് സെലക്ടര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 1st February 2024, 1:30 pm

 

വിരാട് കോഹ് ലി തന്റെ മകനെ പോലെയാണെന്ന് മുന്‍ ഇന്ത്യന്‍ താരവും വിവാദ ചീഫ് സെലക്ടറുമായിരുന്ന ചേതന്‍ ശര്‍മ. വിരാട് കോഹ് ലി ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഐക്കണാണെന്നും അദ്ദേഹത്തിന്റെ വരവിനായി കാത്തിരിക്കുകയാണെന്നും ശര്‍മ പറഞ്ഞു.

ന്യൂസ് 24 സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ചേതന്‍ ഇക്കാര്യം പറഞ്ഞത്.

‘വിരാട് കോഹ് ലി എനിക്കെന്റെ മകനെ പോലെയാണ്. ഞാന്‍ എന്തിന് അവനെ കുറിച്ച് മോശം കാര്യങ്ങള്‍ പറയണം? ഞാനെപ്പോഴും അവന്റെ നന്മക്ക് വേണ്ടിയാണ് പ്രാര്‍ത്ഥിച്ചിട്ടുള്ളത്.

അവന്‍ തിരികെയെത്തി 100 അന്താരാഷ്ട്ര സെഞ്ച്വറി എന്ന നേട്ടം കൈവരിക്കട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. വിരാട് ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖമാണ്. ഞാന്‍ അവന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്,’ ചേതന്‍ ശര്‍മ പറഞ്ഞു.

നേരത്തെ സീ ന്യൂസിന്റെ സ്റ്റിങ് ഓപ്പറേഷനില്‍ ഇന്ത്യന്‍ ടീമിനെ കുറിച്ചും ബി.സി.സി.ഐയിലെ ആഭ്യന്തര കാര്യങ്ങളെ കുറിച്ചുമെല്ലാം ചേതന്‍ ശര്‍മ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ വലിയ വിവാദമാണ് ഉണ്ടായത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ താരങ്ങള്‍ കൃത്രിമ ഫിറ്റ്‌നെസ് കാണിക്കാനായി രഹസ്യ ഇഞ്ചക്ഷന്‍ എടുക്കാറുണ്ടെന്നും ബി.സി.സി.ഐ മുന്‍ പ്രസിഡന്റ് സൗരവ് ഗാംഗുലിയും മുന്‍ നായകന്‍ വിരാട് കോഹ്‌ലിയും തമ്മില്‍ ഈഗോ പ്രശ്‌നങ്ങളുണ്ടായിരുന്നതായും ശര്‍മ പറഞ്ഞിരുന്നു.

താരങ്ങള്‍ ഫിറ്റ് അല്ലെങ്കിലും ആണെന്ന് വരുത്തി തീര്‍ക്കാനാണ് ഇത്തരം കുത്തിവെപ്പുകള്‍ നടത്തുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ഇക്കാര്യം ബി.സി.സി.ഐയുടെ ശ്രദ്ധയില്‍ പെട്ടിട്ടും അധികൃതര്‍ കണ്ണടക്കുകയാണെന്നും ചേതന്‍ ആരോപിച്ചിരുന്നു.

മലയാളി സൂപ്പര്‍താരം സഞ്ജു സാംസണെ കുറിച്ചും സ്റ്റിങ് ഓപ്പറേഷനിടെ ചേതന്‍ ശര്‍മ സംസാരിച്ചിരുന്നു. സഞ്ജുവിനെ മനപൂര്‍വം തഴയുന്നതാണെന്ന് ആരോപണം നേരത്തെ ഉണ്ടായിരുന്നു. അത് ശരിവെക്കുന്ന രീതിയിലുള്ള കാര്യങ്ങളാണ് ശര്‍മ വെളിപ്പെടുത്തിയത്. സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ട്വിറ്ററില്‍ ആരാധകര്‍ തങ്ങള്‍ക്കെതിരെ തിരിയുന്നു എന്നും സഞ്ജുവിന്റെ ആരാധകര്‍ ശല്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിന് പുറമെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും പ്രീതി നേടുന്നതിനായി പലപ്പോഴും തന്റെ വീട്ടില്‍ വരാറുണ്ടെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയുടെ മൂന്നാം മത്സരത്തില്‍ വിരാട് ടീമിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്.

പരമ്പരയിലെആദ്യ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 28 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി.

ഫെബ്രുവരി രണ്ടിനാണ് പരമ്പരയിലെ അടുത്ത മത്സരം. വിശാഖ പട്ടണമാണ് വേദി.

 

Content highlight: Chetan Sharma about Virat Kohli