ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ പരിക്കാണ് ഇന്ത്യന്‍ ടീമിനെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന്. പുറം ഭാഗത്തേറ്റ പരിക്കാണ് ബുംറയെ ടീമില്‍ നിന്നും പുറകോട്ട് വലിച്ചത്. ഈ പരിക്ക് കാരണം താരത്തിന് ടി-20 ലോകകപ്പും നിരവധി പരമ്പരകളും നഷ്ടമാവുകയും ചെയ്തിരുന്നു.
എന്നാല്‍ ബുംറയുടെ ഈ പരിക്കിന് കാരണക്കാരന്‍ ബുംറ തന്നെയാണെന്ന് വെളിപ്പെടുത്തുകയണ് ബി.സി.സി.ഐ ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ.
ബുംറക്ക് ചെറിയ തോതില്‍ പരിക്കേറ്റ വിവരം അവന്‍ തന്നോട് മറച്ചുവെച്ചുവെന്നും താന്‍ ഫിറ്റാണെന്ന് കള്ളം പറഞ്ഞാണ് ബുംറ ടീമില്‍ കയറിയതെന്നും ചേതല്‍ ശര്‍മ പറഞ്ഞു.
പൂര്‍ണ ആരോഗ്യവാനല്ലാതെ പന്തെറിഞ്ഞത് അവന്റെ പരിക്ക് വഷളാക്കിയെന്നും അതുകാരണമാണ് താരത്തിന് ലോകകപ്പ് കളിക്കാന്‍ സാധിക്കാതെ പോയതെന്നും ചേതന്‍ ശര്‍മ കൂട്ടിച്ചേര്‍ത്തു.
സീ ന്യൂസിന്റെ സ്റ്റിങ് ഓപ്പറേഷനിടെയാണ് ചേതന്‍ ശര്‍മ ഇക്കാര്യം പറഞ്ഞത്.
ചേതന്‍ ശര്‍മ പറയുന്നത് പ്രകാരം ടി-20 ലോകകപ്പിന് മുമ്പ് നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടി-20 പരമ്പരയില്‍ ബുംറ ഇടം നേടിയിരുന്നു. പരമ്പരയുടെ മൂന്നാം ടി-20യില്‍ താരത്തെ കളിപ്പിക്കണമെന്നായിരുന്നു താന്‍ ആഗ്രഹിച്ചതെന്നും എന്നാല്‍ രോഹിത്തിന്റെയും രാഹുലിന്റെയും പ്ലാന്‍ അനുസരിച്ചാണ് രണ്ടാം മത്സരത്തില്‍ ബുംറയെ കളിപ്പിച്ചതെന്നും ചേതന്‍ ശര്‍മ പറയുന്നു.
‘എനിക്കവനെ മൂന്നാം മത്സരത്തില്‍ കളിപ്പിക്കണമെന്നായിരുന്നു. ലോകകപ്പിന് മുന്നോടിയായി ബുംറയെ ഓസ്‌ട്രേലിയയിലേക്ക് അയക്കണമെന്നതിനാല്‍ രണ്ടാം മത്സരത്തില്‍ അവനെ കളിപ്പിക്കണമെന്ന് രോഹിത്തും രാഹുലും എന്നോട് ആവശ്യപ്പെട്ടിരുന്നു.
ബുംറ എന്റെയടുക്കല്‍ വന്ന് ആദ്യ മത്സരം കളിക്കണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഞാനത് സമ്മതിച്ചിരുന്നില്ല. അവന്‍ രണ്ടാം മത്സരം കളിക്കുകയും മത്സരത്തിനിടെ പുറം ഭാഗത്ത് പരിക്കേല്‍ക്കുകയും ചെയ്തു. അവനെ സ്‌കാനിങ്ങിനായും മറ്റ് പരിശോധനകള്‍ക്കായും അയച്ചു. പക്ഷേ അവന്‍ മൂന്നാം മത്സരത്തിലും കളിച്ചിരുന്നു.
അവന്‍ കളിക്കാന്‍ പ്രാപ്തനായിരുന്നില്ല, പൂര്‍ണ ആരോഗ്യവാനായിരുന്നില്ല. എന്നാല്‍ അവന്‍ എല്ലാവരോടും കള്ളം പറയുകയായിരുന്നു. കള്ളം പറഞ്ഞ് മൂന്നാം മത്സരത്തിലും അവന്‍ കളിച്ചു. അത് ഒടുവില്‍ അവന്റെ പരിക്ക് വഷളാക്കി.
ടീമിന്റെ അവസ്ഥ വീണ്ടും പരിതാപകരമാക്കിയേക്കാവുന്ന ആ പരിക്കും വെച്ച് അവന്‍ ലോകകപ്പ് കളിക്കാന്‍ പോലും തയ്യാറായി,’ ചേതന്‍ ശര്‍മ പറഞ്ഞു. ചേതന്‍ ശര്‍മയുടെ വെളിപ്പെടുത്തലുകള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
Content highlight: Chetan Sharma about Jasprit Bumra