| Wednesday, 28th December 2016, 6:47 pm

നരേന്ദ്ര മോദിയെ സംബന്ധിക്കുന്ന ചോദ്യങ്ങളുമായി ചേതന്‍ ഭഗതിന്റെ ഓണ്‍ലൈന്‍ പോള്‍; ഫലം ഞെട്ടിക്കുന്നത്

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഒരു ലേഖനത്തിന്റെ വിവരശേഖരണത്തിനായാണ് അദ്ദേഹം ട്വിറ്ററില്‍ മുമ്പില്‍ ചില ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്തത്.


മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിക്കുന്ന ചോദ്യങ്ങളുമായി എഴുത്തുകാരന്‍ ചേതന്‍ ഭഗത് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ നടത്തിയ ഓണ്‍ലൈന്‍ പോളിന്റെ ഫലം ഞെട്ടിക്കുന്നത്.

ചോദ്യങ്ങളോട് പ്രതികരിച്ച് വോട്ട് ചെയ്ത ഭൂരിഭാഗം പേരും മോദിയെ അനുകൂലിക്കുകയാണ് ചെയ്തത്. സര്‍വ്വേ ഫലത്തെ വിമര്‍ശിച്ച് ഒടുവില്‍ ചേതന്‍ ഭഗത് തന്നെ രംഗത്തെത്തി. ജനാധിപത്യം എന്താണെന്നും അതിന്റെ മൂല്യം എന്താണെന്നും അറിയാത്തവരാണ് മോദിയെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയതെന്ന് ചേതന്‍ ഭഗത് പറഞ്ഞു.

അദ്ദേഹം പ്രതീക്ഷിച്ച ഫലമല്ല ലഭിച്ചതെന്ന് സൂചിപ്പിക്കുന്നതാണ് ഈ വാക്കുകള്‍. മാത്രമല്ല ഇത്തരത്തില്‍ കണ്ണടച്ചുള്ള പിന്തുണ രാജ്യത്തിനും ജനാധിപത്യത്തിനും ദോഷകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.


ഒരു ലേഖനത്തിന്റെ വിവരശേഖരണത്തിനായാണ് അദ്ദേഹം ട്വിറ്ററില്‍ മുമ്പില്‍ ചില ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്തത്. നമ്മുടെ നേതാവായി നരേന്ദ്ര മോദിയെ തുടര്‍ന്നും തെരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കുകയും അതേസമയം അദ്ദേഹം രാജ്യത്ത് ജനാധിപത്യത്തിന് വിലകല്‍പ്പിക്കുകയും ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ അതിനെ അനുകൂലിക്കുമോ എന്നായിരുന്നു ആദ്യ ചോദ്യം.

10,000ലേറെ ആള്‍ക്കാരാണ് ഈ ചോദ്യത്തോട് പ്രതികരിച്ചത്. ഇതിന് വോട്ട് രേഖപ്പെടുത്തിയ 55 ശതമാനം പേരും ജനാധിപത്യം ഇല്ലെങ്കിലും മോദിയെ തെരഞ്ഞെടുക്കും എന്ന് പ്രതികരിച്ചു.

കൂടാതെ അഴിമതി തടയാനും അഴിമതിക്കാരെ ശിക്ഷിക്കാനും വേണ്ടി മോദി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാല്‍ നിങ്ങള്‍ അതിനെ അനുകൂലിക്കുമോ എന്നായിരുന്നു അടുത്ത ചോദ്യം. 9,000ലേറെ പേര്‍ വോട്ട് രേഖപ്പെടുത്തിയ ഈ ചോദ്യത്തിന് 57 ശതമാനം പോര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാലും മോദിയെ അനുകൂലിക്കുമെന്ന് പ്രതികരിച്ചു.

മോദിക്കെതിരെ “ഭൂകമ്പ” പരാമര്‍ശവുമായി രംഗത്തെത്തിയ രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ ഇനിയെപ്പോഴെങ്കിലും നിങ്ങള്‍ കാര്യമായെടുക്കുമോ എന്ന ചോദ്യത്തിന് ലഭിച്ച പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു. 70 ശതമാനം പേരാണ് രാഹുലിനെ കാര്യമായെടുക്കില്ലെന്ന് പറഞ്ഞത്. ഈ ഓണ്‍ലൈന്‍ പോളിന്റെ ഫലം ചേതന്‍ തന്നെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ദിവസങ്ങള്‍ക്കുമുന്‍പ് 3600 കോടി മുടക്കിയുള്ള മുംബൈയിലെ ഛത്രപതി ശിവജി സ്മാരക നിര്‍മ്മാണത്തിലും ബി.ജെ.പി സര്‍ക്കാരിനെതിരെ അദ്ദേഹം ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു.


Read more:മോദിയുടെ റാലിയില്‍ പങ്കെടുത്താല്‍ പണവും ഭക്ഷണവും നല്‍കാമെന്ന വാഗ്ദാനം നല്‍കി സംഘാടകര്‍ പറ്റിച്ചെന്ന് പരാതി


മഹാരാഷ്ട്രയിലെ കര്‍ഷക ആത്മഹത്യകളെ ചൂണ്ടിക്കാട്ടിയായിരുന്നു ചേതന്‍ ഭഗത്തിന്റെ വിമര്‍ശനം. 3600 കോടി രൂപ മുടക്കി പ്രതിമയും സ്മാരകവും നിര്‍മ്മിക്കുന്നതിന് പകരം, മഹാരാഷ്ട്രയിലൂടെ ഒരു ശിവജി കനാല്‍ നിര്‍മ്മിച്ച് കൃഷിക്കാവശ്യമായ വെള്ളം നല്‍കിയാല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യാതിരിക്കില്ലേ എന്ന് അദ്ദേഹം ചോദിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more