ന്യൂദല്‍ഹി: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു പിന്നാലെ ഭരണകൂടത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരന്‍ ചേതന്‍ ഭഗത്. ഗോരഖ്പൂര്‍, ഗൗരി ലങ്കേഷ് സംഭവങ്ങള്‍ എടുത്തുപറഞ്ഞാണ് ചേതന്‍ ഭഗത്തിന്റെ വിമര്‍ശനം.
“ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിക്കുന്നു. മഴയുണ്ടെന്നതിനാല്‍ മുതിര്‍ന്ന ഡോക്ടര്‍മാര്‍ മാന്‍ഹോളില്‍ വീണു മരിയ്ക്കുന്നു. അഭിപ്രായം തുറന്നുപറഞ്ഞതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തക കൊല്ലപ്പെടുന്നു. ഇന്നത്തെ എന്റെ ഇന്ത്യയ്ക്ക് എന്തോ പ്രശ്‌നമുണ്ട്.” എന്ന് ട്വീറ്റ് ചെയ്തുകൊണ്ടാണ് ചേതന്‍ ഭഗത് സര്‍ക്കാറിനെതിരെ രംഗത്തുവന്നത്.
ബി.ജെ.പിയെയും മോദി സര്‍ക്കാറിനെയും ശക്തമായി പിന്തുണച്ചിരുന്ന ചേതന്‍ ഭഗത് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെയാണ് തന്റെ നിലപാടുകളില്‍ മാറ്റംകൊണ്ടുവരാന്‍ തുടങ്ങിയത്. തുടക്കത്തില്‍ അസഹിഷ്ണുത വിവാദവേളയില്‍ കേന്ദ്രസര്‍ക്കാറിനെ ശക്തമായ പിന്തുണച്ച അദ്ദേഹം പിന്നീട് കേന്ദ്രസര്‍ക്കാറിനെതിരെ പരസ്യമായി തന്നെ രംഗത്തുവന്നു.
2016 ഡിസംബറില്‍ നടത്തിയ ഒരു ഓണ്‍ലൈന്‍ പോളിലൂടെ കേന്ദ്രസര്‍ക്കാര്‍ നിലപാടുകള്‍ ജനാധിപത്യത്തിന് എത്രത്തോളം ഭീഷണിയാവുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ട്വിറ്ററിലൂടെ മോദിയെ സംബന്ധിക്കുന്ന ചില ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി നടത്തിയ ഓണ്‍ലൈന്‍ പോളില്‍ ഭൂരിപക്ഷം പേരും മോദിയെ അനുകൂലിക്കുകയാണ് ചെയ്തത്. സര്‍വ്വേ ഫലം പുറത്തുവിട്ടുകൊണ്ട് അതിനെ രൂക്ഷമായി വിമര്‍ശിക്കുകയാണ് ചേതന്‍ ഭഗത് ചെയ്ത്.
ജനാധിപത്യം എന്താണെന്നും അതിന്റെ മൂല്യം എന്താണെന്നും അറിയാത്തവരാണ് മോദിയെ അനുകൂലിച്ച് വോട്ടു രേഖപ്പെടുത്തിയത് എന്നായിരുന്നു ചേതന്‍ ഭഗത്തിന്റെ നിലപാട്. ഇത്തരത്തില്‍ കണ്ണടച്ചുള്ള പിന്തുണ രാജ്യത്തിനും ജനാധിപത്യത്തിനും ദോഷകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇതിനു പുറമേ 3600 കോടി മുടക്കി മുംബൈയില്‍ ഛത്രപതി ശിവജി സ്മാരകം നിര്‍മ്മിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെയും ചേതന്‍ ഭഗത് രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.
മഹാരാഷ്ട്രയിലെ കര്‍ഷക ആത്മഹത്യകളെ ചൂണ്ടിക്കാട്ടിയായിരുന്നു ചേതന്‍ ഭഗത്തിന്റെ വിമര്‍ശനം. 3600 കോടി രൂപ മുടക്കി പ്രതിമയും സ്മാരകവും നിര്‍മ്മിക്കുന്നതിന് പകരം, മഹാരാഷ്ട്രയിലൂടെ ഒരു ശിവജി കനാല്‍ നിര്‍മ്മിച്ച് കൃഷിക്കാവശ്യമായ വെള്ളം നല്‍കിയാല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യാതിരിക്കില്ലേ എന്ന് അദ്ദേഹം ചോദിച്ചിരുന്നു.
Kids die coz no oxygen. Top Dr dies in manhole coz it rained. Top journo dies coz she spoke her mind.Something”s so wrong in my India today.
— Chetan Bhagat (@chetan_bhagat) September 6, 2017