| Saturday, 15th June 2019, 1:22 pm

യു.പി സര്‍ക്കാര്‍ ഡോക്ടര്‍മാരെ പീഡിപ്പിച്ചപ്പോള്‍ താങ്കള്‍ എവിടെയായിരുന്നു; ഡോക്ടര്‍മാരുടെ സമരത്തെ പിന്തുണച്ച ചേതന്‍ ഭഗത്തിനെ ട്രോളി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാരെ പിന്തുണച്ച് ട്വീറ്റു ചെയ്ത എഴുത്തുകാരന്‍ ചേതന്‍ ഭഗതിനെ ട്രോളി സോഷ്യല്‍ മീഡിയ.

‘ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡോക്ടര്‍മാരുടെ കൂട്ടത്തിലുള്ള ഇന്ത്യന്‍ ഡോക്ടര്‍മാരെ ഞാന്‍ പിന്തുണയ്ക്കുന്നു. അവര്‍ അക്ഷീണം പ്രവര്‍ത്തിക്കുന്നു. പലപ്പോഴും മതിയായ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളില്ലാത്തതിന് പകരമാകാന്‍ അവര്‍ക്കു കഴിയാറുണ്ട്. എന്നിട്ടും അവര്‍ ജഡ്ജ് ചെയ്യപ്പെടുന്നു, ഭീഷണി നേരിടേണ്ടി വരുന്നു. അവരുടെ ന്യായമായ പ്രശ്‌നങ്ങള്‍ ആരും കേള്‍ക്കുന്നില്ല.’ എന്നായിരുന്നു ചേതന്‍ ഭഗത്തിന്റെ ട്വീറ്റ്.

ട്വീറ്റിനു പിന്നാലെയാണ് വിമര്‍ശനവുമായി ഒരു കൂട്ടര്‍ രംഗത്തുവന്നത്. ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ ഡോക്ടര്‍മാര്‍ക്കെതിരെ അതിക്രമം നടന്നപ്പോള്‍ എന്തുകൊണ്ട് ചേതന്‍ ഭഗത് ഇത്തരമൊരു നിലപാടെടുത്തില്ലെന്നാണ് പലരും ചോദിക്കുന്നത്.

‘ഗോരഖ്പൂരില്‍ യു.പി സര്‍ക്കാര്‍ അന്യായമായി വേട്ടയാടിയ ഡോ. കഫീല്‍ ഖാനും ഡോ. മിശ്രയ്ക്കും നിങ്ങള്‍ നല്‍കിയ പിന്തുണ ഞങ്ങള്‍ക്ക് ഓര്‍മ്മയുണ്ട്.’ എന്നു പറഞ്ഞാണ് സുപ്രീം കോടതി അഭിഭാഷകന്‍ സഞ്ജയ് ഹെഡ്‌ഗെ പരിഹസിക്കുന്നത്.

‘ഡോ. കഫീല്‍ ഖാനും ഡോ. മിശ്രയും യു.പി സര്‍ക്കാറിനാല്‍ വേട്ടയാടപ്പെടുമ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു’ എന്നാണ് മറ്റൊരാള്‍ ചോദിക്കുന്നത്.

‘ഗോരഖ്പൂരിലെ ബി.ആര്‍.ഡി. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കു കൂടി കുറച്ചു പിന്തുണ നല്‍കണം. തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവുണ്ടായിട്ടു കൂടി രണ്ടുവര്‍ഷമായി സസ്‌പെന്‍ഷനില്‍ കഴിയുന്നവരുണ്ട്. നമ്മുടെ ഭരണഘടനാ മൂല്യങ്ങള്‍ക്ക് എതിരാണിത്.’ എന്നാണ് മറ്റൊരു പ്രതികരണം.

We use cookies to give you the best possible experience. Learn more